മെസ്സിയെ എത്തിക്കുന്നത് ആർക്കുവേണ്ടി? സാധാരണക്കാരന് താങ്ങാത്ത ടിക്കറ്റുനിരക്ക്; ബൂർഷ്വകൾക്ക് കുടപിടിക്കുന്ന സർക്കാരെന്ന് ആക്ഷേപം

ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി കേരളത്തിലേക്ക് എത്തുന്നത് ഏറെ ആകാംക്ഷയോടെയും ആഹ്ളാദത്തോടെയും ആണ് ഇവിടുത്തെ ഫുട്ബോൾ പ്രേമികൾ കാത്തിരുന്നത്. എന്നാൽ അർജൻ്റീന ടീം ഇറങ്ങുന്ന കൊച്ചിയിലെ കളിയുടെ ടിക്കറ്റ് ചാർജ് കേട്ട് കണ്ണുതള്ളിയിരിക്കുകയാണ് പലരും. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയും സർക്കാരും സംയുക്തമായി നടത്തുന്ന പരിപാടിയുടെ ടിക്കറ്റ് നിരക്കുകൾ പൂർണമായും തീരുമാനിക്കുന്നത് സ്പോൺസർമാരാണ്. സർക്കാരിന് അതിലൊരു റോളുമില്ല എന്നാണ് വിശദീകരണം.
മെസിയും കൂട്ടരും അണിനിരക്കുന്ന അർജന്റീന ടീമിന്റെ കൊച്ചിയിലെ മത്സരത്തിന്റെ ടിക്കറ്റുകൾക്ക് സ്പോൺസർ നിശ്ചയിച്ചിരിക്കുന്ന നിരക്ക് 5000 രൂപ മുതൽ 50 ലക്ഷം വരെയാണ്. മൂന്ന് പേരടങ്ങുന്ന വിവിഐപി പാക്കേജിന് ഒരു കോടി രൂപയാണെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞിട്ടുണ്ട്. ഇതെങ്ങനെ സാധാരണക്കാരായ ഫുട്ബോൾ ആരാധകർക്ക് താങ്ങാൻ കഴിയുമെന്ന ചോദ്യം വ്യാപകമായി ഉയരുന്നുണ്ട്. കോടീശ്വരന്മാർക്ക് വേണ്ടി, മറ്റ് ചില കോടീശ്വരന്മാർ സർക്കാരിനെ മറയാക്കി നടത്തുന്ന പരിപാടിയാണിത് എന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.
തൊഴിലാളി പാർട്ടിയെന്ന് ഇപ്പോഴും അവകാശപ്പെടുന്ന സിപിഎമ്മിന്റെ സർക്കാർ ഭരിക്കുമ്പോൾ ആ വിഭാഗങ്ങളെ ഇത്രമേൽ അവഗണിക്കുന്നത് തിരിച്ചടിയാകും എന്നും പലരും മുന്നറിയിപ്പ് നൽകുന്നുണ്ട്. നിയസഭാ തിരഞ്ഞെടുപ്പിൽ മെസ്സി ഫാക്ടർ ഉയർത്തിക്കാട്ടി വോട്ട് പിടിക്കാൻ സർക്കാർ ശ്രമിക്കുമെന്ന് ഉറപ്പാണ്. എന്നാൽ ഈ കളിക്ക് ടിക്കറ്റെടുക്കാൻ ശേഷിയുള്ള ആളുകളല്ല, സാധാരക്കാരാണ് എൽഡിഎഫിന്റെ വോട്ടുബാങ്കെന്ന് ഇനിയെങ്കിലും തിരിച്ചറിയണം. അവരുടെ മുഖത്തടിക്കുന്നതിന് തുല്യമാണ് കോർപറേറ്റുകളെ കൂട്ടുപിടിച്ചുള്ളഈ മാതിരി കൊള്ളകച്ചവടമെന്ന് ഇടതു പ്രൊഫൈലുകൾ പോലും ചൂണ്ടിക്കാട്ടുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here