മെസ്സിയും സംഘവും ഉടൻ കേരളത്തിലേക്കില്ല!! സൗഹൃദമത്സരം റദ്ദാക്കിയെന്ന് സ്പാനിഷ് മാധ്യമം; കരാർ ലംഘനമെന്ന് ആക്ഷേപവും

ലോകകപ്പ് ജേതാക്കളായ അർജന്റീന ദേശീയ ഫുട്ബോൾ ടീമിന്റെ നവംബറിലെ കേരള സന്ദർശനം റദ്ദാക്കിയതായി പ്രമുഖ സ്പാനിഷ് ഭാഷാ മാധ്യമമായ ‘ലാ നാസിയോൺ’ (La Nación) റിപ്പോർട്ട് ചെയ്യുന്നു. നവംബറിൽ നടത്താൻ നിശ്ചയിച്ചിരുന്ന സൗഹൃദമത്സരം അടുത്ത വർഷത്തേക്ക് മാറ്റുന്നതായാണ് വിവരം. അർജന്റീന ഫുട്ബോൾ അസോസിയേഷൻ (AFA) ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ലാ നാസിയോൺ ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. കാരണമായി എ.എഫ്.എ. ചൂണ്ടിക്കാണിക്കുന്നത് ആവർത്തിച്ചുള്ള കരാർ ലംഘനങ്ങളാണ്. എന്നാൽ വിശദാംശങ്ങൾ വ്യക്തമാക്കിയിട്ടില്ല.

“നവംബറിൽ സന്ദർശനം സാധ്യമാക്കാൻ ഞങ്ങൾ കഴിയുന്നതെല്ലാം ചെയ്തു. പ്രതിനിധി സംഘം ഇന്ത്യ സന്ദർശിക്കുകയും മൈതാനം, ഹോട്ടൽ എന്നിവ പരിശോധിക്കുകയും കൂടിക്കാഴ്ചകൾ നടത്തുകയും ചെയ്തു. എന്നാൽ ടീമിൻ്റെ ആവശ്യകതകൾ നിറവേറ്റാൻ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല”, എ.എഫ്.എ. ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇങ്ങനെയാണ് റിപ്പോർട്ടിൽ പറയുന്നത്. റദ്ദാക്കുന്നു എങ്കിലും, സന്ദർശനം ഉപേക്ഷിച്ചിട്ടില്ലെന്നും സൂചനയുണ്ട്. “പുതിയ തീയതി കണ്ടെത്താനായി കരാർ പുനഃക്രമീകരിക്കാൻ ശ്രമിക്കുകയാണെന്ന് എ.എഫ്.എ. പ്രതിനിധി അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു. അടുത്ത വർഷം മാർച്ചിൽ മത്സരം നടത്താനുള്ള സാധ്യത പരിശോധിക്കുകയാണെന്നും ലാ നാസിയോൺ റിപ്പോർട്ട് ചെയ്യുന്നു.

ലയണൽ മെസ്സി ഉൾപ്പെടെയുള്ള താരങ്ങൾ കളിക്കുന്ന സൗഹൃദമത്സരം കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഇതിനായി സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നത് അടക്കമുള്ള ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. മത്സരത്തിൻ്റെ സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കോർപറേഷനുമായി ബന്ധപ്പെട്ടും മറ്റും ഉണ്ടായ ഒരുപാട് അനിശ്ചിതങ്ങൾക്ക് ശേഷം രണ്ടാഴ്ച മുൻപാണ് മെസിയുടെ വരവിൽ സ്ഥിരീകരണം ഉണ്ടായത്. പുതിയ വാർത്തകൾ പുറത്തുവരുന്നത് വീണ്ടും ആരാധകർക്കിടയിൽ കടുത്ത ആശങ്കയാകും. കൂടാതെ ഇത് സർക്കാരിനും നാണക്കേടാകും.

അതേസമയം, നവംബർ 17-ന് ഓസ്‌ട്രേലിയയുമായി അർജന്റീന മത്സരം ഷെഡ്യൂൾ പ്രകാരം നടക്കുമെന്ന് തന്നെയാണ് ഇപ്പോഴും സംഘാടകർ അവകാശപ്പെടുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top