മെസ്സി ഇവെന്റിലെ സംഘാടകന് ജാമ്യമില്ല; 14 ദിവസത്തേക്ക് പോലീസ് കസ്റ്റഡി

കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ലയണൽ മെസ്സിയുടെ സന്ദർശനത്തിനിടെയുണ്ടായ സംഘർഷത്തിന് പ്രധാന ഉത്തരവാദിയായ സംഘാടകൻ സതദ്രു ദത്തയ്ക്ക് ജാമ്യം ലഭിച്ചില്ല. മെസ്സിയുടെ ‘ജിഒഎടി ടൂർ ഓഫ് ഇന്ത്യ’യുടെ മുഖ്യ സംഘാടകനും പ്രൊമോട്ടറുമാണ് സതദ്രു ദത്ത. ഇദ്ദേഹത്തെ കോടതി 14 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു.

മെസ്സിയും അദ്ദേഹത്തിൻ്റെ ഇന്റർ മിയാമി ടീം അംഗങ്ങളായ ലൂയിസ് സുവാരസ്, റോഡ്രിഗോ ഡി പോൾ എന്നിവർ ഇന്നലെ ഉച്ചയ്ക്ക് സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ എത്തിയിരുന്നു. മെസ്സിയെ കാണാനായി പതിനായിരക്കണക്കിന് ആരാധകരാണ് അവിടെ തടിച്ചുകൂടിയത്. എന്നാൽ മെസ്സി ഗ്രൗണ്ടിൽ എത്തിയപ്പോൾ രാഷ്ട്രീയക്കാരും മറ്റ് പ്രമുഖരും അദ്ദേഹത്തിന് ചുറ്റും വളഞ്ഞു. വൻ തുക നൽകി ടിക്കറ്റെടുത്ത ആരാധകർക്ക് മെസ്സിയെ ശരിയായി കാണാൻ കഴിഞ്ഞില്ല. ഇതിൽ രോഷാകുലരായ ആരാധകരാണ് സംഘർഷാവസ്ഥ സൃഷ്ടിച്ചത്. ഇതോടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മെസ്സിയെ വേഗത്തിൽ സ്റ്റേഡിയത്തിൽ നിന്ന് മാറ്റേണ്ടി വന്നു.

പരിപാടി അക്രമാസക്തമായപ്പോൾ, മെസ്സിയുടെ അടുത്ത് നിന്ന് മാറണമെന്ന് സതദ്രു ദത്ത ആവർത്തിച്ച് അപേക്ഷിച്ചിരുന്നു. എന്നാൽ, മെസ്സിയുടെ അടുത്തുനിന്നും മാറാൻ പ്രമുഖർ തയാറായില്ല. തുടർന്നാണ് ആളുകൾ ബഹളം ഉണ്ടാക്കിയത്. ഇതിന് പിന്നാലെയാണ് ദത്തയെ പോലീസ് അറസ്റ്റ് ചെയ്തത്. ബിധാനഗർ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് (ACJM) മുമ്പാകെയാണ് ദത്തയെ ഹാജരാക്കിയത്. ദത്തയുടെ അഭിഭാഷകൻ ജാമ്യത്തിനായി അപേക്ഷിച്ചെങ്കിലും, കൂടുതൽ അന്വേഷണത്തിനായി പോലീസ് 14 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെടുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top