ഒടുവിൽ മന്ത്രിയും ഉറപ്പിച്ചു, മെസ്സി വരും!! റിപ്പോർട്ടർ ചാനലിൻ്റെ വാദം ഏറ്റെടുത്ത് ആരാധകരെ ആശ്വസിപ്പിച്ച് അബ്ദുറഹിമാൻ

നേരത്തെ നിശ്ചയിച്ച സമയത്ത് തന്നെ അർജൻ്റീന ഫുട്ബോൾ ടീം കേരളത്തിൽ എത്തുമെന്ന് അറിയിച്ച് കായികമന്ത്രി വി അബ്ദുറഹിമാൻ. വരുന്ന ഒക്ടോബർ-നവംബർ മാസങ്ങളിൽ ഒരു ദിവസം മെസിയും കൂട്ടരും കളിക്കാനെത്തും. അർജൻ്റീന ടീമുമായി ബന്ധപ്പെട്ടെന്നും അവർ ഉറപ്പുനൽകിയെന്നും ആണ് മന്ത്രിയുടെ വാക്കുകൾ. വാർത്തകൾ പുറത്തുവന്നപ്പോൾ പരിപാടി മുടങ്ങുമെന്ന് തനിക്കും ആശങ്ക ഉണ്ടായെന്ന് തുറന്നുസമ്മതിച്ച മന്ത്രി അടുത്തയാഴ്ചയോടെ എല്ലാത്തിലും വ്യക്തത ഉണ്ടാകുമെന്നും പറഞ്ഞു.
“അർജന്റീനയുമായി സർക്കാർ നല്ല ബന്ധത്തിലാണ്. ടീം എത്തില്ലെന്ന് പറയാൻ കഴിയില്ല. ഇത് ഫിഫ മാച്ചല്ല. അവർക്ക് കളിക്കാൻ സാധിക്കുന്ന രണ്ട് സ്റ്റേഡിയങ്ങൾ നിലവിൽ കേരളത്തിലുണ്ട്. ഇതിൽ ഒരു ആശയകുഴപ്പവുമില്ല. കാണികളെ കൂടുതൽ ഉൾക്കൊള്ളാൻ കഴിയുന്ന സ്റ്റേഡിയത്തിലാകും കളി നടത്തുക. സ്പോൺസർക്ക് പണം അടയ്ക്കാൻ ഇനിയും സമയമുണ്ട്. ഉദ്ദേശിച്ച രീതിയിൽ കാര്യങ്ങൾ നടന്നാൽ വരുന്ന ഒക്ടോബറിൽ അർജൻ്റീനയുടെ നല്ല ടീം കേരളത്തിൽ കളിക്കും” -മന്ത്രിയുടെ വാക്കുകൾ ഇങ്ങനെ.
“വാർത്ത കണ്ട് ആശങ്ക എനിക്കും ഉണ്ടായിരുന്നു. എന്നാൽ അർജൻ്റീന ഫുട്ബോൾ അസോസിയേഷനുമായി ബന്ധപ്പെട്ടു. പണമടച്ചാൽ കളി നടക്കുമെന്ന് അവർ പറഞ്ഞു. പണം അടയ്ക്കുമെന്ന് സ്പോൺസറും വ്യക്തമാക്കി. പണം അടയ്ക്കാൻ റിസർവ് ബാങ്കിന്റെ ഒരു അനുമതി കൂടി കിട്ടാനുണ്ടായിരുന്നു. അത് ലഭിച്ചു. അടുത്തയാഴ്ച സ്പോൺസർ പണം അടയ്ക്കും. അതിനാൽ കളി നിശ്ചയിച്ച സമയത്ത് തന്നെ നടക്കും. അതോടെ കാര്യങ്ങൾക്ക് വ്യക്തത വരും” -മന്ത്രി വിശദീകരിച്ചു.
റിപ്പോർട്ടർ ചാനലാണ് പണം ഒടുക്കേണ്ടതെന്ന് അറിയിച്ച് രാവിലെ മന്ത്രി കൈകഴുകിയിരുന്നു. വിഷയം വൻ ചർച്ചയായപ്പോൾ, അർജൻ്റീന തീയതി നൽകാത്തത് മാത്രമാണ് പ്രശ്നമെന്നും ബാക്കിയെല്ലാം ഓകെയാണെന്നും വിശദീകരിച്ച് റിപ്പോർട്ടർ സിഇഒ ആൻ്റോ അഗസ്റ്റിൻ വൈകിട്ട് രംഗത്തെത്തി. പിന്നാലെയാണ് മന്ത്രിയുടെ പുതിയ പ്രതികരണം. അർജൻ്റീനക്ക് എതിരെ കളിക്കാൻ ആദ്യ 50 റാങ്കിലുള്ള ഒരു ടീമിനെ കണ്ടെത്തണം. ഇതിനുള്ള ശ്രമം തുടരുകയാണ് എന്നുമാണ് ഔദ്യോഗിക ഭാഷ്യം.
ലോകകപ്പ് സമയത്ത് കൊടുവള്ളിയിലെ പുള്ളാവൂര്‍ പുഴയില്‍ ഉയര്‍ത്തിയ കൂറ്റന്‍ കട്ടൗട്ട് ഷെയര്‍ ചെയ്ത് അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍ പ്രകടിപ്പിച്ച താല്‍പര്യമാണ് ഇത്തരമൊരു ചർച്ചക്ക് വഴിതെളിച്ചത്. മന്ത്രി സ്പെയിനിൽ നേരിട്ടെത്തി നടത്തിയ ചർച്ചയോടെ വൻതുക ചിലവാകുമെന്നും സർക്കാരിനത് താങ്ങാൻ കഴിയില്ലെന്നും ഉറപ്പിച്ചു. ഇതോടെ സ്പോൺസറെ തേടിയപ്പോൾ സ്വർണവ്യാപാരികളുടെ സംഘടന ആദ്യമെത്തിയെങ്കിലും അവർക്ക് കഴിയാതെ വന്നപ്പോഴാണ് റിപ്പോർട്ടർ ചാനൽ രംഗത്തെത്തിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here