‘മെറ്റാ ഗ്ലാസ്’എന്താണ്? പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഇന്നീ കണ്ണട വച്ചയാൾ കുടുങ്ങിയത് എങ്ങനെ… സോഷ്യൽമീഡിയ തിരയുന്ന ഇന്നത്തെ പ്രധാന ചോദ്യം

പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് രഹസ്യ ക്യാമറയുമായി പിടിയിലായ ആൾ അഹമ്മദാബാദ് സ്വദേശിയാണ്. സുരക്ഷ പരിശോധന കഴിഞ്ഞ് മുന്നോട്ടുപോയ ഇയാളുടെ കണ്ണടയിൽ നിന്ന് ലൈറ്റ് തെളിയുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പിടിവീണത്. ക്ഷേത്രത്തിലെ അതീവ സുരക്ഷാ മേഖലയിൽ നിന്ന് ദൃശ്യങ്ങൾ ഷൂട്ടു ചെയ്യാൻ ശ്രമിച്ചുവെന്ന് വ്യക്തമായതോടെ ഇയാളെ പൊലീസിന് കൈമാറി. ഈ വാർത്ത പുറത്തുവന്നതോടെയാണ് മെറ്റ് ഗ്ലാസ് എന്താണെന്ന് പലരും അന്വേഷിച്ചത്.
ആദ്യം തന്നെ പറയേണ്ടത് ഇത് ഫെയ്സ്ബുക്കിൻ്റെ മാതൃ കമ്പനിയായ മെറ്റ പുറത്തിറക്കുന്നത് ആണന്ന വിവരമാണ്. എഐ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ഈ കണ്ണടയുടെ ഫീച്ചറുകൾ പറഞ്ഞാലും പറഞ്ഞാലും തീരില്ല. സംസാരം തർജമ ചെയ്യുക എന്ന് തുടങ്ങി, കണ്ണടയിലൂടെ കാണുന്ന ദൃശ്യങ്ങളെ സോഷ്യൽ മീഡിയ വഴി ലൈവ് സ്ട്രീം ചെയ്യാം എന്നതു വരെയാണ് മെറ്റ ഗ്ലാസുകളെ ജനകീയമാക്കുന്നത്.
മെറ്റാ കണ്ണടകൾ വഴി കാണുന്ന എല്ലാത്തിൻ്റെയും ഫോട്ടോകളും വീഡിയോകളും ഉടനടി എടുക്കാം. ക്ലിക്ക് ചെയ്യേണ്ട ആവശ്യം പോലും വരുന്നില്ല. ബിൽറ്റ് ഇൻ ക്യാമറകൾ ആണ് ഈ സ്മാർട്ട് ഗ്ലാസുകളിൽ ഉള്ളത്. അതുകൊണ്ടുതന്നെ ഹാൻഡ് ഫ്രീയായി എല്ലാ ദൃശ്യങ്ങളും പകർത്താം. സംഗീതവും പോഡ്കാസ്റ്റുകളും കേൾക്കാമെന്നത് മറ്റൊരു സവിശേഷതയാണ്. ചുറ്റും എത്രയൊക്കെ ശബ്ദങ്ങൾ ഉണ്ടായാലും അതിൻ്റെയൊന്നും ശല്യമില്ലാതെ വ്യക്തമായി എല്ലാം കേൾക്കാനും ആസ്വദിക്കാനും കഴിയും.
5 മൾട്ടി മൈക്രോഫോണുകളാണ് ഇതിലുള്ളത്. ഫോണിൽ സംസാരിക്കുമ്പോൾ വ്യക്തമായി ശബ്ദം ക്യാച്ച് ചെയ്യും. ഹായ് മെറ്റാ എന്ന വോയിസ് കമാൻഡ് ഉപയോഗിച്ച് നിർദ്ദേശങ്ങൾ നൽകാം. ഇതുവഴി ഫോട്ടോകളും വീഡിയോകളും എടുക്കാനും മെസേജ് അയക്കാനും അനായാസം സാധിക്കും. കണ്ണടയിലൂടെ കാണുന്നതെല്ലാം ഉടനടി ഫേസ്ബുക്കിലൂം ഇൻസ്റ്റഗ്രാമിലൂം ലൈവ് സ്ട്രീം ചെയ്യാമെന്ന് മാത്രമല്ല, അവയെക്കുറിച്ച് എന്ത് സംശയം ചോദിച്ചാലും എഐ ഉപയോഗിച്ച് മറുപടിയും കിട്ടും.
ചുറ്റും നിൽക്കുന്ന ആളുകൾ ഏതു ഭാഷയിൽ സംസാരിച്ചാലും അത് ഉടനടി തർജമ ചെയ്യും എന്നതാണ് മറ്റൊരു പ്രധാന സവിശേഷത. അതിനുവേണ്ടി നിർദ്ദേശം നൽകിയാൽ മാത്രം മതി. വാട്സ്ആപ്പ് മെസഞ്ചർ പോലുള്ള പ്ലാറ്റ്ഫോമുകൾ വഴി മെസേജുകളും അയക്കാം. ഓഡിയോ, വീഡിയോ കോളുകളും ചെയ്യാം. ഒറ്റത്തവണ ചാർജ് ചെയ്താൽ 36 മണിക്കൂർ വരെ ഉപയോഗിക്കാം. വാട്ടർ റെസിസ്റ്റൻ്റും ആണ്. 30,000- 36,000 രൂപ വരെയാണ് വില. ഈ വർഷം മെയ് 19നാണ് മെറ്റാ ഗ്ലാസുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here