അമേരിക്കയിലെ വൈദികരുടെ ബാലപീഡനത്തിന് അറുതിയില്ല; 51 കത്തോലിക്കാ വൈദികർക്കെതിരെ അന്വേഷണ റിപ്പോർട്ട്

കത്തോലിക്കാ വൈദികർക്കെതിരെയുള്ള ലൈംഗിക പീഡന പരാതികൾ അമേരിക്കയിൽ പെരുകുന്നു. മിഷിഗൺ സംസ്ഥാനത്തെ ഗ്രാൻഡ് റാപ്പിഡ് രൂപതയിലെ 51 പുരോഹിതർ നടത്തിയ പീഡനങ്ങളിൽ തെളിവുകൾ ഹാജരാക്കി അന്വേഷണ റിപ്പോർട്ട്. 75 വർഷമായി നടന്നു വരുന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് മിഷിഗൺ അറ്റോർണി ജനറൽ ഡാന നേസൽ നടത്തിയ അന്വേഷണത്തിലാണ് ഇവർ കുറ്റക്കാരെന്ന് കണ്ടെത്തിയത്. 1950 മുതലുള്ള പീഡനങ്ങളെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കാൻ ഡാന നേസൽ ഏഴ് വർഷമെടുത്തു. ഇന്നലെയാണ് അറ്റോർണി ജനറൽ ഔദ്യോഗികമായി റിപ്പോർട്ട് പുറത്തു വിട്ടത്.
Also Read : കത്തോലിക്ക വൈദികരുടെ ലൈംഗികപീഡനങ്ങള്‍ പെരുകുന്നു; നഷ്ടപരിഹാരം നല്‍കി കുത്തുപാളയെടുത്ത് ന്യൂയോര്‍ക്ക് അതിരൂപത
കുറ്റക്കാരെന്ന് കണ്ടെത്തിയവരിൽ മിക്കവരും വൈദികവൃത്തിയിൽ ഇപ്പോൾ സജീവമല്ല. പ്രതികളെന്ന് കരുതുന്ന 37 പേർ മരിച്ചുവെന്നാണ് റിപ്പോർട്ട്. 14 പേർ ജീവിച്ചിരിപ്പുണ്ട്. രണ്ടുപേർക്കെതിരെ നേരത്തെ തന്നെ ക്രിമിനൽ കേസ് നിലവിലുണ്ട്. ഇരകളെ നേരിൽ കണ്ടും പരമാവധി തെളിവുകൾ ശേഖരിച്ചുമാണ് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയതെന്ന് അറ്റോർണി വാർത്താസമ്മേളനം നടത്തി അറിയിച്ചു. ഇവരിൽ നല്ലൊരു പങ്ക് ആൾക്കാരും വർഷങ്ങളായി പീഡനത്തിൻ്റെ യാതനകളിൽ നിന്ന് ഇന്നും മോചിതരായിട്ടില്ല.
Also Read : പീഡന പരാതി മുക്കിയ മെത്രാനെതിരെ കേസ്; നഷ്ടപരിഹാരം കൊടുത്ത് രൂപതകളെല്ലാം മുടിഞ്ഞു
അന്വേഷണത്തിൻ്റെ എല്ലാ ഘട്ടത്തിലും രൂപതയുടെ ഭാഗത്തു നിന്ന് സഹകരണം ഉണ്ടായിരുന്നതായി റിപ്പോർട്ടിലുണ്ട്. ഇടവകകളിൽ ജോലി ചെയ്യുന്ന വൈദികർ വിശ്വാസികളുമായി ഇടപഴകുമ്പോൾ പാലിക്കേണ്ട പെരുമാറ്റക്രമങ്ങൾക്ക് യുഎസ് ബിഷപ്സ് കൗൺസിൽ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. ഇപ്പോൾ കണ്ടെത്തിയ ലൈംഗിക അതിക്രമങ്ങളിൽ മിക്കവയും നടന്നിരിക്കുന്നത് 2002ന് മുമ്പാണ്.
അറ്റോർണി ജനറലിൻ്റെ റിപ്പോർട്ട് പ്രകാരം ആർക്കെതിരെയും ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ഗ്രാൻഡ് റാപ്പിഡ് രൂപതാധ്യക്ഷൻ ബിഷപ്പ് ഡേവിഡ് വാക്കോ വിയാക് പറഞ്ഞു. കുറ്റാരോപിതരിൽ ആരും തന്നെ നിലവിൽ സഭാ സേവനത്തിൽ ഇല്ലെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി. പീഡനത്തിന് ഇരയാക്കപ്പെട്ടവരോട് രൂപതാധ്യക്ഷൻ മാപ്പ് പറഞ്ഞു. “നിങ്ങൾ അനുഭവിക്കേണ്ടി വന്ന വേദനയും യാതനയും സഭയുടെ പിഴവായി കരുതുന്നു. നിങ്ങൾ കടന്നു പോയ വേദനാനിർഭരമായ നിമിഷങ്ങളെ ഓർത്ത് സങ്കടപ്പെടുന്നു. മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കും”; അദ്ദേഹം വ്യക്തമാക്കി.
ദിനംപ്രതി പുറത്തു വരുന്ന വൈദികർക്കെതിരായ പീഡന പരാതികൾ നിമിത്തം സഭയുടെ പ്രതിഛായ തന്നെ നഷ്ടപ്പെട്ട അവസ്ഥയിലാണ്. ഇരകൾക്ക് നഷ്ടപരിഹാരം നല്കി അമേരിക്കയിലെ മിക്ക രൂപതകളും കടുത്ത സാമ്പത്തിക പരാധീനതയിലാണ്. വൈദികരുടെ വഴിവിട്ട പെരുമാറ്റങ്ങളുടെ നാറ്റക്കഥകൾ പുറത്തു വന്ന് തുടങ്ങിയതു മുതൽ പുതുതലമുറ പള്ളികൾ ഏതാണ്ട് ഉപേക്ഷിച്ച അവസ്ഥയിലാണ്. ആളില്ലാത്തതുമൂലം യൂറോപ്പിലും അമേരിക്കയിലും ആയിരക്കണക്കിന് പള്ളികൾ പൂട്ടിക്കിടക്കയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here