ആശ്വസിക്കാം, മിൽമ പാൽവില തൽകാലം വർദ്ധിപ്പിക്കില്ല..

മിൽമ പാൽവില തൽകാലം കൂട്ടില്ല. വിഷയത്തിൽ വിദഗ്ധ സമിതിയുടെ പഠന ശേഷമാകും വിലവർദ്ധനവ് പരിഗണിക്കുക. മിൽമയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് യോഗം ഇന്ന് നടന്നിരുന്നു. ഈ യോഗത്തിലാണ് വർദ്ധനവ് തൽകാലം വേണ്ടെന്ന തീരുമാനം.
വിലവർദ്ധനയുമായി ബന്ധപ്പെട്ട് മിൽമയുടെ തിരുവനന്തപുരം, എറണാകുളം യൂണിയനുകൾ അനുകൂല തീരുമാനമെടുത്തിരുന്നു . പക്ഷെ, മലബാർ യൂണിയൻ വില കൂട്ടേണ്ടെന്ന നിലപാടിലായിരുന്നു. ലിറ്ററിന് 10 രൂപ വർദ്ധിപ്പിക്കണമെന്നാണ് എറണാകുളം യൂണിയൻ ശുപാർശ ചെയ്തത്.
2019 സെപ്റ്റംബറിൽ പാലിന് ലിറ്ററിന് നാലു രൂപയും 2022 ഡിസംബറിൽ ആറ് രൂപയും മിൽമ വർദ്ധിപ്പിച്ചിരുന്നു. നിലവിൽ ടോൺഡ് മിൽക്കിന്റെ വില ലിറ്ററിന് 52 രൂപയാണ്. കേരളത്തിൽ പ്രതിദിനം 17 ലക്ഷം ലിറ്റർ പാലാണ് മിൽമ വിൽക്കുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലാണ് പാൽവില ഇത്രയും കൂടുതൽ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here