അങ്ങനെ ഒന്നും പറയാന്‍ പാടില്ലായിരുന്നു; ഖേദപ്രകടനവുമായി മന്ത്രി ചിഞ്ചുറാണി

സ്വന്തം ജില്ലയിലെ സ്‌കൂളില്‍ ഒരു വിദ്യാര്‍ത്ഥി ഷോക്കേറ്റ് പിടഞ്ഞ് മരിച്ചത് അറിഞ്ഞിട്ടും സുംബാ നൃത്തവും ന്യായീകരണവുമായി രംഗത്തിറങ്ങി മന്ത്രി ചിഞ്ചുറാണിക്ക് വീണ്ടുവിചാരം. തേവലക്കര ബോയ്‌സ് ഹൈസ്‌ക്കൂളിലെ വിദ്യാര്‍ത്ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ചതില്‍ അധ്യാപകരെ ന്യായീകരിച്ചാണ് മന്ത്രി ആദ്യം സംസാരിച്ചത്. മറ്റ് മന്ത്രിമാര്‍ കൊല്ലത്തേക്ക് ഓടി എത്തിയപ്പോള്‍ ജില്ലയില്‍ നിന്നുള്ള മന്ത്രി ചിഞ്ചുറാണി കൊച്ചിയിലെ ചടങ്ങില്‍ ന്യത്തവുമായി കളം നിറയുകയായിരുന്നു.
അവിടേക്ക് വലിഞ്ഞ് കയറിയ കുട്ടിയാണ് അപകടം ക്ഷണിച്ച് വരുത്തിയതെന്നും അതിന് അധ്യാപകരെ കുറ്റം പറയേണ്ട കാര്യമില്ലെന്നുമാണ് മന്ത്രി പ്രതികരിച്ചത്. ഇതിനെതിരെ വലിയ വിമര്‍ശനമുണ്ടായതോടെ മന്ത്രി ഇന്ന് നിലപാട് മാറ്റി. രാവിലെ തന്നെ മന്ത്രി മിഥുന്റെ വീട്ടിലേക്ക് ഓടി എത്തി. മുത്തശ്ശി മണിയമ്മ, അച്ഛന്‍ മനു, അനിയന്‍ സുജിന്‍ എന്നിവരെ എല്ലാം ആശ്വസിപ്പിച്ചു.
ഇതിനു ശേഷമാണ് തനിക്ക് വീഴ്ച പറ്റിയെന്ന് മന്ത്രി തുറന്ന് സമ്മതിച്ചത്. താന്‍ കുട്ടിക്കെതിരെ നടത്തിയ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നു. പെട്ടന്ന് പറഞ്ഞപ്പോള്‍ വാക്കുകള്‍ മാറിപോയെന്ന ന്യായീകരണവും മന്ത്രി നടത്തി. ഏതാനും മിനിറ്റുകള്‍ മാത്രമാണ് മന്ത്രി മിഥുന്റെ വീട്ടില്‍ ചിലവഴിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here