മന്ത്രി കടന്നപ്പള്ളിക്ക് നെഞ്ചുവേദന; അപകടനില ഇല്ല; പക്ഷെ ICUവിൽ തുടരുന്നു

തുറമുഖം, പുരാവസ്തു വകുപ്പ് മന്ത്രിയും കോൺഗ്രസ് എസ് നേതാവുമായ കടന്നപ്പള്ളി രാമചന്ദ്രനെ നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. രജിസ്‌ട്രേഷൻ വകുപ്പുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുക്കുന്നതിനായി മന്ത്രി തൃശ്ശൂരിലെത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ നിന്ന് ഡോക്ടർമാരെ എത്തിച്ച് പരിശോധന നടത്തി.
ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം തുടർ ചികിത്സകൾക്കും വിശദമായ പരിശോധനകൾക്കുമായി അദ്ദേഹത്തെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം അദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചു. എങ്കിലും കൂടുതൽ പരിശോധനകൾക്കും നിരീക്ഷണത്തിനുമായി ഐസിയുവിൽ തുടരാൻ ഡോക്ടർമാർ നിർദ്ദേശിച്ചു.
81കാരനായ മന്ത്രിയുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ മെഡിക്കൽ ബുള്ളറ്റിനിലൂടെ ഉടൻ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ മന്ത്രിയുടെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കിയിട്ടുണ്ട്. 2022 ഒക്ടോബറിൽ രക്തത്തിലെ പഞ്ചസാരയുടെ അളവിലുണ്ടായ മാറ്റത്തെ തുടർന്ന് ഡൽഹി റെയിൽവേ സ്റ്റേഷനിൽ വച്ച് മന്ത്രി കുഴഞ്ഞുവീണിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here