ഓണം ഇതര മതസ്ഥരുടെ ആഘോഷമെന്ന് പറഞ്ഞ അധ്യാപികയെ വിമർശിച്ച് മന്ത്രി; ജാതി നോക്കിയല്ല കുട്ടികളെ പരിഗണിക്കുന്നത്

സ്കൂളിൽ ഓണാഘോഷം വേണ്ടെന്നു പറഞ്ഞ അധ്യാപികക്കെതിരെ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി. അധ്യാപിക നടത്തിയത് വളരെ ഗുരുതരമായ പരാമർശമാണ്. ജാതിയും മതവും നോക്കിയല്ല കുട്ടികളെ പരിഗണിക്കുന്നത്. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കെയായിരുന്നു മന്ത്രി വി ശിവൻകുട്ടിയുടെ വിമർശനം.
കുട്ടികൾക്ക് സന്തോഷിക്കാൻ ഉള്ളതാണ് എല്ലാ ആഘോഷങ്ങളും. കുഞ്ഞുങ്ങളുടെ മനസ്സിൽ വേർതിരിവുകൾ ഉണ്ടാക്കാൻ പാടില്ല. സ്കൂളുകളിൽ അത്തരത്തിലുള്ള പ്രവർത്തികൾ അനുവദിക്കില്ല. ഈ വിഷയം സർക്കാർ ഗൗരവത്തോടെയാണ് എടുക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച് തൃശ്ശൂർ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. നാളെ ഓണാഘോഷം നടക്കുന്ന സ്കൂളിൽ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
തൃശ്ശൂർ കടവല്ലൂർ സിറാജുൽ ഉലൂം സ്കൂളിലെ അധ്യാപികയാണ് വിദ്വേഷ പരാമർശം നടത്തിയത്. ഓണം ഇതര മതസ്ഥരുടെ ആഘോഷമാണെന്നും സ്കൂളിൽ ഓണാഘോഷം വേണ്ടെന്നുമുള്ള ഓഡിയോ സന്ദേശം എല്ലാ രക്ഷിതാക്കൾക്കും അയക്കുകയും ചെയ്തു. ഇതാണ് വിവാദമായത്. ഇതിനെതിരെ ഡിവൈഎഫ്ഐ പരാതി നൽകി. തുടർന്നാണ് കുന്നംകുളം പൊലീസ് കേസെടുത്തത്. സംഭവത്തിൽ പ്രീ പ്രൈമറി വിഭാഗത്തിലെ രണ്ട് അധ്യാപകരെ സസ്പെൻഡ് ചെയ്തു. എന്നാൽ ഇത് അധ്യാപികയുടെ വ്യക്തിപരമായ അഭിപ്രായം ആണെന്നാണ് സ്കൂൾ അധികൃതരുടെ വാദം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here