ദേവനും മുന്നേ മന്ത്രിക്ക് സദ്യ; പരിഹാരക്രിയ വേണമെന്ന് തന്ത്രി

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ അഷ്ടമി രോഹിണി ദിനത്തിൽ നടന്ന വള്ളസദ്യയിൽ ആചാരലംഘനം നടന്നതായി ക്ഷേത്രം തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട്. ദേവന് നിവേദ്യം അർപ്പിക്കുന്ന ഉച്ചപൂജയ്ക്ക് മുൻപ് മന്ത്രിമാർ സദ്യ കഴിച്ചത് ഗുരുതരമായ വീഴ്ചയാണെന്ന് കാണിച്ച് തന്ത്രി തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഔദ്യോഗികമായി കത്ത് നൽകി. നടന്നത് ആചാരലംഘനമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ അഷ്ടമി രോഹിണി നാളിൽ നടന്ന വള്ളസദ്യ ദേവൻ സ്വീകരിച്ചിട്ടില്ല എന്ന് തന്ത്രി കത്തിൽ വ്യക്തമാക്കി. ദേവന് വേണ്ട രീതിയിൽ സദ്യ സമർപ്പിക്കാത്തത് ഗുരുതരമായ ആചാരലംഘനമായതിനാൽ, ഇതിന് പരിഹാരക്രിയകൾ ഉടൻ ചെയ്യണം. “ചെയ്യാൻ പാടില്ലാത്തത് ചെയ്താൽ പിന്നെ പ്രായശ്ചിത്തം ചെയ്യുക മാത്രമാണ് കരണീയമായുള്ളത് മേലിൽ അത്തരം പിഴവുകൾ ഉണ്ടാവാതിരിക്കാൻ ഉള്ള വ്യവസ്ഥകളും ഇനി ഉണ്ടാകേണ്ടതുണ്ട്” തുടർന്ന് ആചാര ലംഘനത്തിന് പരിഹാരമായി ചെയ്യേണ്ട ക്രിയകളെ കുറിച്ചും തന്ത്രി വ്യക്തമാക്കി.

Also Read : ശബരിമലയിലെ സ്വർണ്ണപീഠം; ഗൂഢാലോചനയുണ്ടെന്ന് ആരോപണം; സ്പോൺസർക്കെതിരെ മന്ത്രി വി എൻ വാസവൻ

പള്ളിയോട സേവാസംഘം ഭാരവാഹികളും ദേവസ്വം ഉദ്യോഗസ്ഥരും ചേർന്ന് ക്ഷേത്രനടയിൽ 12 പറ അരിയുടെ സദ്യവിളമ്പണമെന്നും ചടങ്ങുകൾ ആവർത്തിക്കണമെന്നുമാണ് തന്ത്രിയുടെ നിർദേശം. ഭാവിയിൽ ഇത്തരം വീഴ്ചകൾ ആവർത്തിക്കില്ലെന്ന് ബന്ധപ്പെട്ട എല്ലാവരും ചേർന്ന് സത്യം ചെയ്യണം എന്നും തന്ത്രി കൂട്ടിച്ചേർത്തു.

അഷ്ടമി രോഹിണി വള്ളസദ്യയിൽ പങ്കെടുത്ത മന്ത്രി വി.എൻ. വാസവന് ദേവന് നിവേദ്യമായി സമർപ്പിക്കുന്നതിനു മുൻപ് സദ്യ വിളമ്പി നൽകിയതാണ് വിവാദമായിരിക്കുന്നത്. എന്നാൽ, ആചാരലംഘനം നടന്നിട്ടില്ലെന്നാണ് പള്ളിയോട സേവാസംഘം അന്ന് വാദിച്ചത്. സെപ്റ്റംബർ മാസത്തിൽ നടന്ന അഷ്ടമി രോഹിണി വള്ളസദ്യയുടെ ഉദ്ഘാടനം നിർവഹിച്ചത് മന്ത്രിമാരായ വി.എൻ. വാസവൻ, പി. പ്രസാദ് എന്നിവരായിരുന്നു.

ക്ഷേത്രത്തിലെ പരമാധികാരിയായ തന്ത്രി തന്നെ ഔദ്യോഗികമായി ദേവസ്വം ബോർഡിന് കത്ത് നൽകി ആചാരലംഘനം സ്ഥിരീകരിച്ചതോടെ, പള്ളിയോട സേവാസംഘം ഈ വിഷയത്തിൽ പ്രതിരോധത്തിലായിരിക്കുകയാണ്. ആചാരപരമായ ഈ വീഴ്ചയ്ക്ക് എത്രയും പെട്ടെന്ന് പരിഹാരക്രിയകൾ നടത്തേണ്ട അവസ്ഥയിലാണ് ക്ഷേത്ര അധികൃതർ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top