45 വർഷം മുമ്പ് കാണാതായ മകനെ കണ്ടെത്തിയത് SIR കാമ്പയിൻ; തിരിച്ചുവരവ് ആഘോഷമാക്കി ഗ്രാമം

രാജ്യത്തുടനീളം വലിയ ചർച്ചാ വിഷയമായിക്കൊണ്ടിരിക്കുന്ന വോട്ടർ പട്ടിക പുതുക്കുന്ന പ്രക്രിയയായ SIR കാമ്പയിൻ, രാഷ്ട്രീയ എതിർപ്പുകൾക്കിടയിലും അത്ഭുതത്തിന് കാരണമായി. 45 വർഷം മുമ്പ് കാണാതായ വ്യക്തിയെ സ്വന്തം കുടുംബവുമായി ഒന്നിപ്പിക്കാൻ ഈ പരിശോധന സഹായിച്ചു.

രാജസ്ഥാനിലെ ഭിൽവാര ജില്ലയിലാണ് സംഭവം. ആസിൻഡ് താലൂക്കിലെ സൂരജ് ഗ്രാമത്തിൽ 45 വർഷം മുമ്പ് കാണാതായ മകനെയാണ് ഒരമ്മയ്ക്ക് തിരികെ ലഭിച്ചത്. 1980ൽ കാണാതായ ഉദയ് സിംഗിനെ 1300 കിലോമീറ്റർ അകലെ ഛത്തീസ്ഗഢിൽ നിന്നാണ് കണ്ടെത്തിയത്. കുടുംബത്തിന്റെ വർഷങ്ങൾ നീണ്ട കാത്തിരിപ്പാണ് SIRറിലൂടെ അവസാനിച്ചത്. ഉദയ് സിംഗ് വീട്ടിലെത്തിയപ്പോൾ ആർക്കും അത് വിശ്വസിക്കാനായില്ല. ഹൃദയഭേദകമായിരുന്നു ആ നിമിഷങ്ങൾ.

ഛത്തീസ്ഗഢിൽ വച്ചുണ്ടായ റോഡപകടത്തിൽ ഉദയ് സിംഗിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇതോടെ അദ്ദേഹത്തിന് ഓർമ്മ നഷ്ടപ്പെടുകയും സ്വന്തം വീടോ കുടുംബത്തെക്കുറിച്ചോ ഓർമ്മിക്കാൻ കഴിയാതെ അവസ്ഥയിലാവുകയും ചെയ്തു. കുടുംബാംഗങ്ങൾ പലയിടത്തും തിരഞ്ഞെങ്കിലും ഒരു തുമ്പും ലഭിച്ചില്ല.

SIR കാമ്പയിൻ തുടങ്ങിയപ്പോൾ രേഖകളെക്കുറിച്ച് ഉദയ് സിംഗിന് കൗതുകം തോന്നി. അപ്പോഴാണ് സ്വന്തം ഗ്രാമത്തിൻ്റെ പേര്, ജാതി എന്നിവ അദ്ദേഹത്തിന് ഓർമ്മ വന്നത്. വോട്ടർ ഫോമുകളെക്കുറിച്ച് അന്വേഷിക്കാനായി ഉദയ് സിംഗ് സൂരജ് ഗ്രാമത്തിലെ സ്കൂളിലെത്തി. വോട്ടർ പട്ടിക പരിശോധിക്കുന്നതിനിടെ അവിടെയുണ്ടായിരുന്ന അധ്യാപകന് സംശയം തോന്നുകയും, കുടുംബത്തെ വിവരമറിയിക്കുകയുമായിരുന്നു.

45 വർഷങ്ങൾക്ക് ശേഷം തിരിച്ചറിയുക എന്നത് പ്രയാസമായിരുന്നു. എന്നാൽ ഉദയ് സിംഗ് തൻ്റെ കുട്ടിക്കാലത്തെ കഥകളും കുടുംബാംഗങ്ങളെക്കുറിച്ചുള്ള വ്യക്തിപരമായ ഓർമ്മകളും പങ്കുവെച്ചതോടെ അവർക്ക് വിശ്വാസമായി. കൂടാതെ നെറ്റിയിലും നെഞ്ചിലുമുള്ള പഴയ മുറിപ്പാടുകൾ കണ്ടതോടെ മകനെ പൂർണ്ണമായും അമ്മ തിരിച്ചറിഞ്ഞു. ഇതോടെ 45 വർഷത്തെ അന്വേഷണത്തിന് തിരശ്ശീല വീണു.

ഉദയ് സിംഗിനെ തിരിച്ചറിഞ്ഞതോടെ ഗ്രാമവാസികളും ബന്ധുക്കളും അദ്ദേഹത്തെ കാണാൻ ഒഴുകിയെത്തി. വെറും 150 വീടുകൾ മാത്രമുള്ള ആ ഗ്രാമം മുഴുവൻ ആഘോഷത്തിമിർപ്പിലായി. മണവാളനെ വരവേൽക്കുന്നതുപോലെ വാദ്യമേളങ്ങളോടും ഡിജെയോടും കൂടി ഉദയ് സിംഗിനെ കുതിരപ്പുറത്ത് ഇരുത്തി ഘോഷയാത്ര നടത്തിയാണ് ഗ്രാമത്തിലേക്ക് സ്വീകരിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top