ക്രിസംഘികളേ നിങ്ങള്‍ അറിയുന്നുണ്ടോ? മതപരിവര്‍ത്തന കേസുകള്‍ വ്യാജമെന്ന് തെളിഞ്ഞിട്ടും ബിജെപി സര്‍ക്കാരുകള്‍ ഇരകളെ വേട്ടയാടുന്നു

രാജ്യത്തെ ജനസംഖ്യയില്‍ കേവലം രണ്ട് ശതമാനം മാത്രമുള്ള ക്രൈസ്തവര്‍ കഴിഞ്ഞ 10 വര്‍ഷമായി അതിക്രൂരമായ വേട്ടയാടലുകള്‍ക്ക് വിധേയമാവുന്നത് വാര്‍ത്ത പോലുമല്ലാതാവുന്ന സ്ഥിതിയാണ്. സംഘപരിവാര്‍ സംഘടനകളുടെ പരാതിയിലും അല്ലാതെയും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തന നിരോധന നിയമ പ്രകാരം എടുത്ത കേസുകൾ കോടതികള്‍ വെറുതെ വിട്ടിട്ടും ഇരകള്‍ കടുത്ത അരക്ഷിതാവസ്ഥയിലാണെന്ന് ‘ടൈംസ് ഓഫ് ഇന്ത്യ’യുടെ ഞെട്ടിക്കുന്ന കണ്ടെത്തല്‍.

രണ്ടുവർഷം മുമ്പ് ഉത്തര്‍പ്രദേശ് റായ്ബറേലിയിലെ കോദ്ര ഗ്രാമത്തിലെ മോട്ടോര്‍ മെക്കാനിക്കും ദലിത് സമുദായാംഗവുമായ സോനു സരോജിൻ്റെ നേതൃത്വത്തില്‍ ഞായറാഴ്ച നടന്ന പ്രാര്‍ത്ഥനാ യോഗത്തിലേക്ക് ഒരുപറ്റം വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ ഇരച്ചുകയറി. പ്രാര്‍ത്ഥനക്ക് എത്തിയവര്‍ക്ക് നേരെ ക്രൂരമായ അക്രമം അഴിച്ചു വിട്ടു. സോനുവിന്റെ ഭാര്യയുടെയും അനന്തരവന്റേയും തലയടിച്ചു പൊട്ടിച്ചു. ചോര ഒലിപ്പിച്ചു കിടന്ന ഇരുവരേയും വലിച്ചിഴച്ച് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തങ്ങള്‍ ഇരകളാണെന്ന് കരഞ്ഞു പറഞ്ഞിട്ടും പോലീസ് കേട്ടില്ല.

സോനുവിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ യുപി സര്‍ക്കാര്‍ പാസാക്കിയ മതപരിവര്‍ത്തന നിരോധന നിയമപ്രകാരം (Uttar Pradesh Prohibition of Unlawful Conversion of Religion Act, 2021) കേസെടുത്ത് അകത്തിട്ടു. നിരവധി തവണ കോടതി കയറിയിറങ്ങി. ഒടുക്കം കോടതി സോനുവിനേയും കുടുംബാംഗങ്ങളേയും 2024 സെപ്റ്റംബറില്‍ വെറുതെ വിട്ടു. കേസിന്റെ നൂലാമാലകളില്‍ നിന്ന് രക്ഷപെട്ടെങ്കിലും, പക്ഷേ, പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാനോ, വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കാനോ കഴിയുന്നില്ലെന്ന് സോനു പറയുന്നു.

ഉത്തര്‍പ്രദേശിന് പുറമെ ബിജെപി ഭരിക്കുന്ന മറ്റ് 11 സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തന നിരോധന നിയമം പ്രാബല്യത്തിലുണ്ട്. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും നിയമം നിലവിലുണ്ട്. കുറച്ചുകൂടി കടുത്ത വകുപ്പുകള്‍ കൂടി കൂട്ടിചേര്‍ക്കാന്‍ ഈ സര്‍ക്കാരുകള്‍ ആലോചിക്കുന്നുണ്ട്. മതപരിവര്‍ത്തനം നടത്തുന്നവര്‍ക്ക് വധശിക്ഷ നല്‍കാനുള്ള വകുപ്പുകള്‍ നിയമത്തില്‍ കൂട്ടിച്ചേര്‍ക്കാന്‍ ആലോചിക്കുന്നതായാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

2020ല്‍ യുപിയിൽ മതപരിവർത്തന നിയമം നിലവിൽവന്ന് ഏതാനും ദിവസം കഴിഞ്ഞപ്പോഴാണ് മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് മുസഫര്‍പൂരില്‍ നിന്ന് നദീം എന്നൊരാളെ പോലീസ് പിടിക്കുന്നത്. വിവാഹിതയായ സ്ത്രീയെ കുടുക്കിലാക്കി വിവാഹം ചെയ്ത് മതപരിവര്‍ത്തനം നടത്തി എന്നായിരുന്നു കേസ്. ലവ് ജിഹാദ് ആരോപണവും യുവതിയുടെ ഭർത്താവ് ഉന്നയിച്ചു. ഒടുവില്‍ ഭര്‍ത്താവ് പോലീസിനോട് സത്യം പറഞ്ഞു. ഇരുവരും തമ്മിലുള്ള വഴക്കിനെ തുടര്‍ന്നുണ്ടായ മര്‍ദ്ദനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഭാര്യ നദീമിന്റെ വീട്ടില്‍ അഭയം തേടിയതാണ്. ഇതിന് പ്രതികാരമായാണ് നദീമിനെ മതപരിവര്‍ത്തനം ആരോപിച്ച് അകത്താക്കിയത്.

തന്നെ ആരും വിശ്വസിച്ചില്ല. എല്ലാവരും അപമാനിച്ചു. താന്‍ പറയുന്നതൊന്നും കേള്‍ക്കാന്‍ പോലും തയ്യാറായില്ല. ഏതാണ്ട് ഒരു വര്‍ഷത്തോളം കേസും നൂലാമാലകളുമായി നടന്നു. 2021 ജനുവരിയില്‍ അലഹബാദ് ഹൈക്കോടതി വെറുതെ വിട്ടു. ആ സംഭവം ഓര്‍ക്കുമ്പോള്‍ ഇപ്പോഴും നട്ടെല്ലില്‍ വിറയല്‍ ഉണ്ടാകുമെന്ന് 29കാരനായ നദീം പറഞ്ഞു. 2020 നവംബര്‍ മുതല്‍ 2024 ജൂലൈ വരെ ഉത്തര്‍പ്രദേശില്‍ മതപരിവർത്തന നിയമപ്രകാരം 853 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 1682 അറസ്റ്റുകളും നടന്നു.

2017 ഒക്ടോബര്‍ 15 ഞായറാഴ്ച ഛത്തീസ്ഗഡിലെ മോക്പാല്‍ ഗ്രാമത്തിലെ ഒരുപറ്റം ആദിവാസി ക്രിസ്ത്യാനികളെ മതപരിവര്‍ത്തം ആരോപിച്ച് അതിക്രൂരമായി മര്‍ദ്ദിക്കുകയും സ്വത്തുവകകള്‍ നശിപ്പിക്കുകയും ചെയ്തതാണ് മറ്റൊരു സംഭവം. 32 കിലോമീറ്റര്‍ അകലെ മറ്റൊരു ഗ്രാമത്തില്‍ നിന്ന് ഇവിടെ ആരാധനക്ക് എത്തിയ സംഗീത കര്‍ത്താമിയും ഭര്‍ത്താവുമാണ് അന്ന് വിഎച്ച്പിക്കാരുടെ ആക്രമണത്തിന് ഇരയായത്. സംഗീതയുടെ തലയടിച്ചു പൊട്ടിച്ചു, ഭര്‍ത്താവ് ദേവ് ചന്ദ്രയെ മർദ്ദിച്ച് അവശനാക്കി പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി മതപരിവര്‍ത്തനം ആരോപിച്ച് പ്രതിയാക്കി. ഏറെനാള്‍ ജയിലില്‍ കിടന്നു. സ്‌കൂള്‍ അധ്യാപകനായ ദേവ് ചന്ദ്ര 2003ൽ ക്രൈസ്തവ വിശ്വാസത്തിലേക്ക് വന്നതിന് പിന്നാലെ നിരന്തരമായി മതപരിവര്‍ത്തനം ആരോപിച്ച് പോലീസ് ഭീഷണിപ്പെടുത്തുന്നു എന്നാണ് പരാതി.

ഇതേ വര്‍ഷം തന്നെ മഹാരാഷ്ട്ര ജല്‍ഗാവ് സ്വദേശിയായ പ്രഭാകര്‍ സുലെയെ മതപരിവര്‍ത്തനം ആരോപിച്ച് മധ്യപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മധ്യപ്രദേശിലെ ഖണ്ഡ്‌വയില്‍ നടന്ന പ്രാര്‍ത്ഥന യോഗത്തില്‍ പങ്കെടുക്കുമ്പോഴാണ് പോലിസ് പിടിച്ചത്. തന്നേയും ഭാര്യയേയും ക്രൂരമായി മര്‍ദ്ദിച്ച ശേഷം പോലീസ് വലിച്ചിഴച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഹോസ്റ്റലിലായിരുന്ന മക്കള്‍ക്ക് തങ്ങളെക്കുറിച്ച് രണ്ട് മൂന്ന് ദിവസം ഒരു വിവരവുമില്ലായിരുന്നു. നാട്ടില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെയുള്ള ഖണ്ഡവയിലെ കോടതിയില്‍ ഏഴ് കൊല്ലം കയറി ഇറങ്ങി. 2024 ലാണ് കേസില്‍ നിന്ന് വെറുതെ വിട്ടത്. കാക്കി കാണുമ്പോള്‍ തനിക്കിപ്പോഴും ഭയമാണെന്ന് പ്രഭാകര്‍ സുലെ പറഞ്ഞു.

മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നതിന് പുറമെ വ്യക്തികളെ പീഡിപ്പിക്കാന്‍ ആയുധമാക്കുന്നത് പതിവാണെന്ന് വടക്കെ ഇന്ത്യയിലെ ക്രൈസ്തവരും സഭാ നേതാക്കളും സ്ഥിരമായി ഉന്നയിക്കുന്നുണ്ട്. ഇവയെല്ലാം ശരിവയ്ക്കുന്നതാണ് ഈ സംഭവങ്ങൾ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top