കർണാടകയിൽ പ്രമുഖരുടെ കാവൽ; രാഹുൽ മാങ്കൂട്ടത്തിലിനെ പൊക്കാൻ പുതിയ സംഘം

ലൈംഗിക പീഡന കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പന്ത്രണ്ടാം ദിവസവും ഒളിവിൽ. രാഹുൽ കർണാടകയിലേക്ക് കടന്നിട്ടുണ്ടെന്നും പ്രബലരായ ചില രാഷ്ട്രീയ നേതാക്കളുടെ തണലിൽ അവിടെ ഒളിവിൽ കഴിയുകയുമാണെന്നുമാണ് സൂചന. കർണാടകയിലെ രാഷ്ട്രീയ നേതൃത്വത്തിന്റെയും ഉന്നത അധികൃതരുടെയും സംരക്ഷണ വലയം ഭേദിച്ച് രാഹുലിനെ കേരള പൊലീസിന് പിടികൂടാൻ സാധിക്കുന്നില്ലെന്ന വിമർശനങ്ങൾ ഉയരുന്നുണ്ട്. തുടർന്ന് രാഹുൽ മാങ്കൂട്ടത്തലിനെ കണ്ടെത്താൻ പുതിയ സംഘത്തെ നിയോഗിച്ചു. ആദ്യത്തെ സംഘത്തോട് ബംഗളൂരുവിൽ നിന്ന് തിരിച്ചെത്താൻ നിർദേശിച്ചിട്ടുണ്ട്. രണ്ടാമത്തെ മുൻകൂർ ജാമ്യ അപേക്ഷയിൽ തീരുമാനമായതിനു ശേഷം രാഹുലിൻ്റെ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.
പത്തോളം ഒളിത്താവളങ്ങൾ രാഹുൽ ഇതിനകം മാറിയതായും, പൊലീസ് എത്തുന്നതിന് തൊട്ടുമുമ്പ് രക്ഷപ്പെട്ടതായും അന്വേഷണ സംഘം തന്നെ പറയുന്നു. തിരഞ്ഞെടുപ്പ് ദിവസം രാഹുലിനെ അറസ്റ്റ് ചെയ്ത് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നാണ് കോൺഗ്രസിന്റെ ആരോപണം. അതേസമയം, യുവതിയെ ബലാത്സംഗം ചെയ്യുകയും നിർബന്ധിച്ച് അബോർഷൻ നടത്തുകയും ചെയ്തു എന്ന കേസിൽ, രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി ഇന്നലെ താൽക്കാലികമായി തടഞ്ഞിരുന്നു.
Also Read : ‘എല്ലാം ഉഭയകക്ഷി സമ്മതപ്രകാരം’; രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിലേക്ക്
ഹർജി വീണ്ടും പരിഗണിക്കുന്ന ഡിസംബർ 15 വരെ അറസ്റ്റ് ചെയ്യരുതെന്നാണ് ഹൈക്കോടതി ഉത്തരവ്. പിന്നാലെ രണ്ടാമത്തെ കേസില്‍ അറസ്റ്റിലാകാതിരിക്കാന്‍ അതിവേഗ നീക്കങ്ങള്‍ നടത്തുകയാണ് രാഹുല്‍. ബെംഗളൂരുവില്‍ നിന്നുള്ളള ഇരുപത്തിമൂന്നുകാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിൽ രാഹുൽ ജാമ്യം തേടിയിരിക്കുകയാണ്.
ഇത്രയും നാളായി പ്രമുഖനായ എംഎൽഎയെ കണ്ടെത്താൻ പൊലീസിന് കഴിയാത്തതിൽ വലിയ വിമർശങ്ങൾ ഉയരുന്നുണ്ട്. പോലീസ് രാഹുലിനെ തേടി നാട് നീളെ അലയുമ്പോഴും പാലക്കാട് നിന്നും രാഹുൽ തിരുവനന്തപുരത്തെത്തി വക്കീലിനെ കണ്ടത് പോലീസിന് നാണക്കേടുണ്ടാക്കുന്ന സംഭവമായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here