ഒടുവിൽ നിലപാട് തിരുത്തി എം.എം. മണി; വികാരത്തിൽ പറഞ്ഞു പോയതെന്ന് വിശദീകരണം

തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനേറ്റ തിരിച്ചടിയെ തുടർന്ന് വോട്ടർമാർക്കെതിരെ നടത്തിയ വിവാദ പരാമർശത്തിൽ നിലപാട് തിരുത്തി എം എം മണി. തനിക്ക് തെറ്റ് പറ്റിയെന്നും പറഞ്ഞത് തെറ്റായിപ്പോയെന്നും പാർട്ടി നിലപാട് അംഗീകരിക്കുന്നുവെന്നും എം എം മണി മാധ്യമങ്ങളോട് വ്യക്തമാക്കി. “ഞാൻ ഇന്നലത്തെ ആ സാഹചര്യത്തിൽ ഒരു വികാരത്തിൽ പ്രതികരിച്ചെന്നേ ഉള്ളൂ. അങ്ങനെ പ്രതികരിക്കേണ്ടിയിരുന്നില്ല. എനിക്ക് തെറ്റുപറ്റി. പറഞ്ഞത് തെറ്റാണ്. പാർട്ടി പറഞ്ഞതിനെ ഞാൻ നൂറുശതമാനവും അംഗീകരിക്കുന്നു,” എം എം മണി പറഞ്ഞു.
Also Read : ‘പെൻഷൻ വാങ്ങി വോട്ട് ചെയ്തില്ല; ജനങ്ങൾ നന്ദികേട് കാണിച്ചെന്ന്’ എം എം മണി
ക്ഷേമ പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റി നല്ല ഭംഗിയായി ശാപ്പാട് കഴിച്ചിട്ട് വോട്ടർമാർ നന്ദികേട് കാണിച്ചുവെന്നായിരുന്നു തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ എം.എം. മണി നടത്തിയ വിവാദ പരാമർശം. ഇത് വലിയ വിമർശനങ്ങൾക്ക് വഴിവെക്കുകയും ചെയ്തു. പരാമർശം ജനങ്ങളെ അവഹേളിക്കുന്നതാണെന്നും, എം എം മണി മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.
പരാമർശം വിവാദമായതിനെത്തുടർന്ന് പാർട്ടി ജനറൽ സെക്രട്ടറി എം എ ബേബി ഉൾപ്പെടെയുള്ള നേതാക്കൾ എം എം മണിയെ തള്ളിപ്പറഞ്ഞിരുന്നു. മണിയെപ്പോലൊരു നേതാവിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്ത പരാമർശമാണ് ഉണ്ടായതെന്നായിരുന്നു എം എ ബേബിയുടെ പ്രതികരണം. പാർട്ടി നിലപാട് അംഗീകരിക്കുന്നെന്നും അത് തന്നെയാണ് തന്റെയും നിലപാടെന്നും വ്യക്തമാക്കിയ മണി, പ്രതികരണം തിരുത്താൻ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും കൂട്ടിച്ചേർത്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here