കളരിയഭ്യാസി എംഎൽഎയെ നിലത്തു നിർത്തിയില്ല!! പാനൂരിലെ കിരിടം വയ്ക്കാത്ത രാജാവ് പിആര്‍ കുറുപ്പിന്റെ മകനും ജനരോഷം അറിഞ്ഞു

നിലത്തു നിർത്തിയാലല്ലേ അഭ്യാസം കാണിക്കാൻ കഴിയൂവെന്ന അവസ്ഥയിലായിപ്പോയി കൂത്തുപറമ്പ് എംഎൽഎ കെപി മോഹനൻ ഇന്ന്. സ്ത്രീകളടക്കമുളള പ്രതിഷേധക്കാരുടെ ഇടയിൽ പെട്ടുപോയ മോഹനന്, ഒരു പൊതുപ്രവർത്തകൻ എന്ന പരിഗണന പോലും ആരും നൽകിയില്ല. കാറില്‍ വന്നിറങ്ങി പ്രതിഷേധക്കാരുടെ ഇടയിലൂടെ മാസായി നടന്നു പോകാനായിരുന്നു എംഎല്‍എ ശ്രമിച്ചത്. എന്നാല്‍ ജീവിതം തന്നെ ദുസഹമായ അവസ്ഥയിലുള്ള ജനങ്ങള്‍ എംഎല്‍എയെ കൈകാര്യം ചെയ്യുക ആയിരുന്നു.

പ്രദേശത്തെ ഡയാലിസിസ് സെന്ററുമായി ബന്ധപ്പെട്ട മാലിന്യ പ്രശ്‌നത്തെ ചൊല്ലിയാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. ഡയാലിസിസ് സെന്ററിലെ മാലിന്യങ്ങള്‍ പുറത്തേക്ക് ഒഴുക്കുന്നു എന്ന പ്രശ്നം ഉന്നയിച്ചുകൊണ്ട് നാട്ടുകാര്‍ പ്രതിഷേധം നടത്തിവരികയായിരുന്നു. ഇത്തരമൊരു പ്രശ്നം നാട്ടുകാര്‍ അറിയിച്ചിട്ടും വേണ്ടവിധം എംഎല്‍എ പരിഗണിച്ചില്ല എന്നതാണ് കയ്യേറ്റത്തിലേക്ക് നയിച്ചത്. പ്രകോപിതരായ പ്രതിഷേധക്കാര്‍ എംഎല്‍എയെ പിടിച്ചു തള്ളുകയും ഷർട്ടില്‍ പിടിച്ച് വലിക്കുകയും ചെയ്തു.
അമ്പതുകളിലും അറുപതുകളിലും കൂത്തുപറമ്പിലെ കിരിടം വെക്കാത്ത രാജാവ് എന്നറിയപ്പെട്ടിരുന്ന പി രാവുണ്ണിക്കുറുപ്പ് എന്ന മുൻമന്ത്രി പിആര്‍ കുറുപ്പിന്റെ മകനായ കെ പി മോഹനനെയാണ് സ്വന്തം നാട്ടുകാര്‍ കൈകാര്യം ചെയ്തത്. കമ്യൂണിസ്റ്റുകാരുമായി അടിച്ചു നില്‍ക്കാന്‍ സ്വന്തമായി കളരിയും കളരിത്തറയും ഉണ്ടായിരുന്ന പിആര്‍ കുറുപ്പ് എന്ന സോഷ്യലിസ്റ്റ് നേതാവ് എന്നും വിവാദ നായകനായിരുന്നു.
1957, 1967, 1996 എന്നീകാലങ്ങളില്‍ നിയമസഭാംഗമായിരുന്നു പിആര്‍ കുറുപ്പ്. 1967ലെ ഇഎംഎസ് മന്ത്രിസഭയിലും 1996 ലെ നായനാര്‍ മന്ത്രിസഭയിലും മന്ത്രിയായിരുന്നു അദ്ദേഹം. അച്ഛന്റെ പാത പിന്‍തുടര്‍ന്നെത്തിയ കെപി മോഹനനും 2011 ലെ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ കൃഷി മന്ത്രിയായിരുന്നു. പിന്നീട് മോഹനന്റെ പാര്‍ട്ടി ഇടതുപക്ഷത്തേക്ക് മറിഞ്ഞെങ്കിലും മന്ത്രി സ്ഥാനം കിട്ടിയില്ല.

പാനൂരിലെ മാടമ്പിയും ഫ്യൂഡല്‍ പ്രഭുവുമായിരുന്ന പിആര്‍ കുറുപ്പ് എന്ന സോഷ്യലിസ്റ്റ് നേതാവിന്റെ മകന് പഴയ സ്വാധീനമൊന്നുമില്ലെന്ന് തെളിയിക്കപ്പെട്ട സംഭവമാണ് കൂത്തുപറമ്പിലുണ്ടായത്. തന്റെ സ്വാധീന മേഖലകളില്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നവരെ അടിച്ചൊതുക്കിയിരുന്ന കുറുപ്പിന്റെ പ്രധാന ശത്രുക്കള്‍ കമ്യൂണിസ്റ്റുകാരും ലീഗുകാരുമായിരുന്നു.
കുറുപ്പിന്റെ മാടമ്പിത്തരത്തിനെതിരെ പോരാടിയാണ് സിപിഎം പാനൂരിലും കൂത്തുപറമ്പിലും വളര്‍ന്നത്. സിപിഎമ്മുമായി ഇണങ്ങിയും പിണങ്ങിയും നീങ്ങിയ കുറുപ്പ് സിപിഎമ്മുമായി സഹകരിച്ച് രണ്ട് തവണ മന്ത്രിയാവുകയും ചെയ്തു. അതൊക്കെ രോമാഞ്ചമുണ്ടാക്കുന്ന ചരിത്രം. പക്ഷേ, ഇപ്പോള്‍ നാട്ടുകാര്‍ കുറുപ്പിന്റെ മകനെ കൈകാര്യം ചെയ്യുന്നതും കാണേണ്ടി വന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here