മോഹൻ ഭഗവതിന്റെ ഗാന്ധി സ്തുതി; അറിയാം ചരിത്രപരമായ RSS ഗാന്ധി ബന്ധം

മഹാത്മാഗാന്ധിയെ പുകഴ്ത്തി രാഷ്‌ട്രീയ സ്വയംസേവക സംഘം (ആർ എസ് എസ്) സർസംഘചാലക് മോഹൻ ഭാഗവത്. മുംബൈയിൽ നടത്തിയ വിജയദശമി റാലിക്കിടെയിലാണ് ആർ എസ് എസ് നേതാവിന്റെ ഗാന്ധി സ്തുതി. ഗാന്ധിജി നൽകിയ സംഭാവനകൾ വലുതാണെന്നും അദ്ദേഹം അനീതിയിൽ നിന്ന് രാജ്യത്തെ സംരക്ഷിച്ചുവെന്നും ഭാഗവത് പറഞ്ഞു. സ്വാതന്ത്ര്യ സമര സേനാനികളിൽ പ്രമുഖൻ മാത്രമല്ല, ഭാരതത്തിന്റെ ‘സ്വത്വ’ത്തിൽ അധിഷ്‌ഠിതമായ രാഷ്ട്രം നിർമ്മിച്ചവരിൽ പ്രമുഖ സ്ഥാനമുള്ള വ്യക്തി കൂടിയാണ് ഗാന്ധിജിയെന്നും അദ്ദേഹം പറഞ്ഞു. വൈവിധ്യത്തെ പൂർണ്ണമായി അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന, നമ്മെയെല്ലാം ഒരുമിപ്പിക്കുന്ന സംസ്‌കാരമാണ് യഥാർത്ഥ ദേശീയതയെന്നും അതിനെയാണ് ആർ എസ് എസ് ഹിന്ദു ദേശീയത എന്ന് വിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Also Read : ലോകത്തിലെ ഏറ്റവും വലിയ പാർട്ടി ബിജെപി; 14 കോടി അംഗങ്ങൾ; മോദിയെ പുകഴ്ത്തിയും RSSനെ പരാമർശിക്കാതെയും ജെപി നദ്ദ

ഗാന്ധിജിയുടെ തത്വങ്ങളായ സർവമത സമഭാവന (എല്ലാ മതങ്ങളോടുമുള്ള തുല്യത), അഹിംസയിലധിഷ്ഠിതമായ സത്യാഗ്രഹ മാർഗ്ഗം എന്നിവ ആർ എസ് എസിൻ്റെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിൽ നിന്നും ഏറെ അകലെയായിരുന്നു. ഈ ആശയപരമായ അകലം കാരണം ഇരുവിഭാഗങ്ങളും തമ്മിൽ രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങൾ നിലനിന്നിരുന്നു. ഗാന്ധി ജയന്തി ദിനത്തിൽ അദ്ദേഹത്തെ പ്രശംസിച്ച മോഹൻ ഭാഗവതിൻ്റെ നടപടിയെ, ഗാന്ധിജിയുടെ പൈതൃകം സ്വന്തം ദേശീയബോധത്തിലേക്ക് സമന്വയിപ്പിക്കാനും അതുവഴി തങ്ങളുടെ ചരിത്രപരമായ പ്രതിച്ഛായ മെച്ചപ്പെടുത്താനുമുള്ള ആർ എസ് എസിൻ്റെ ബോധപൂർവമായ ശ്രമമായാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

Also Read : കർഷ വിരുദ്ധൻ, പാകിസ്താനെ സഹായിച്ചവൻ; നെഹ്റുവിനെതിരെ നരേന്ദ്ര മോദി

ഗാന്ധിജിയുടെ ഘാതകനായ നാഥുറാം വിനായക് ഗോഡ്‌സെക്ക് ആർ എസ് എസുമായി മുൻകാല ബന്ധം ഉണ്ടായിരുന്നുവെന്ന ചരിത്രപരമായ ആരോപണം ഇപ്പോഴും നിലനിൽക്കുന്നു. 1948 ജനുവരി 30-ന് മഹാത്മാഗാന്ധി വെടിയേറ്റ് മരിച്ച സംഭവമാണ് ആർ എസ് എസും ഗാന്ധിജിയും തമ്മിലുള്ള ബന്ധത്തിൽ ഏറ്റവും നിർണ്ണായകമായത്. ഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്സെക്ക് ആർ എസ് എസുമായി ബന്ധമുണ്ടായിരുന്നു എന്ന ആരോപണത്തെത്തുടർന്ന്, കേന്ദ്രസർക്കാർ സംഘടനയെ നിരോധിച്ചിരുന്നു. എന്നാൽ, കൊലപാതകത്തിൽ സംഘടനയ്ക്ക് പങ്കില്ലെന്നും, ഗോഡ്സെ കുറ്റകൃത്യം ചെയ്യുമ്പോൾ ആർ എസ് എസ് അംഗമായിരുന്നില്ലെന്നുമാണ് സംഘടനയുടെ എക്കാലത്തെയും നിലപാട്.

ഈ ചരിത്രപരമായ ബാധ്യത മറികടക്കാനും പൊതുജനമധ്യത്തിൽ സ്വീകാര്യത നേടാനുമാണ് ഭാഗവത് ഗാന്ധിജിയെ പ്രശംസിക്കുന്നതെന്ന വിമർശനവും ശക്തമാണ്. സമീപ വർഷങ്ങളിലായി, ആർഎസ്എസ് നേതാക്കൾ ഗാന്ധിയൻ ആദർശങ്ങളെ അംഗീകരിക്കുന്ന നിലപാടുകൾ സ്വീകരിക്കുന്നത് പതിവാണ്. ഗാന്ധിജിക്ക് ആർ എസ് എസിന്റെ ലക്ഷ്യത്തെക്കുറിച്ച് അറിയാമായിരുന്നുവെന്നും, അദ്ദേഹത്തിന് സംഘടനയോട് മതിപ്പുണ്ടായിരുന്നുവെന്നും മോഹൻ ഭാഗവത് മുൻപ് പറഞ്ഞിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top