ആനക്കൊമ്പുണ്ടാക്കിയ പുകിലുകള്‍!! നിയമലംഘനം നടത്തിയ രണ്ട് സെലിബ്രിറ്റികളോട് രണ്ട് സമീപനം

ആരോ സമ്മാനമായി കൊടുത്ത ആനക്കൊമ്പ് സ്വന്തം വീട്ടില്‍ സൂക്ഷിച്ചാല്‍ ഇത്ര വല്യ പുലിവാലാകുമെന്ന് നടന്‍ മോഹന്‍ലാല്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടുണ്ടാവില്ല. എന്നാൽ, കഴിഞ്ഞ 14 വര്‍ഷമായി ഈ ആനക്കൊമ്പും അതിനെ ചുറ്റിപ്പറ്റിയുള്ള കേസും കോടതിയും മോഹന്‍ലാലിനെ വട്ടംചുറ്റിക്കുകയാണ്. സർക്കാരും മന്ത്രിയുമെല്ലാം നടനൊപ്പം നിന്നിട്ടും അതീവ ഗുരുതരമായ വനം നിയമങ്ങളുടെ അടിസ്ഥാനത്തിലുള്ള കുരുക്കിൽ നിന്നൂരാൻ ലാലിന് കഴിയുന്നില്ല. ആനക്കൊമ്പ് കൈവശം സൂക്ഷിച്ചത് നിയമവിധേയമാക്കിയ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കുകയാണ് ഇന്ന് ഹൈക്കോടതി ചെയ്തിരിക്കുന്നത്. പുതിയ വിജ്ഞാപനം ഇറക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
2011 ഡിസംബര്‍ 21ന് മോഹന്‍ലാലിന്റെ തേവരയിലെ വീട്ടില്‍ നടന്ന ആദായനികുതി റെയ്ഡിലാണ് രേഖകളില്ലാത്ത ആനക്കൊമ്പ് കണ്ടെത്തിയത്. ഇതിനെതിരെ ഐടി വകുപ്പ് കേസെടുത്തു. പിന്നീട് കേസ് വനംവകുപ്പിന് കൈമാറുകയായിരുന്നു. നാല് കൊമ്പുകളാണ് നടന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത്. കേസ് രജിസ്റ്റര്‍ ചെയ്ത് ഏഴ് വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലിനെ പ്രതിചേര്‍ത്ത് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ആനക്കൊമ്പിന്റെ കാര്യത്തില്‍ അന്വേഷണം നടത്താന്‍ ഉദ്ദേശമില്ല എന്നായിരുന്നു അക്കാലത്ത് വനംമന്ത്രിയായിരുന്ന ഗണേശ് കുമാറിന്റെ നിലപാട്.
ആനക്കൊമ്പ് സൂക്ഷിക്കാനുളള നിയമപരമായ രേഖകളൊന്നും ഇല്ലതിരുന്നിട്ട് കൂടി ലാലിനെതിരെ കേസെടുക്കാനോ അറസ്റ്റ് ചെയ്യാനോ വനംവകുപ്പ് ആദ്യം മെനക്കെട്ടില്ല. വലിയ കൂടിയാലോചനകള്‍ക്കു ശേഷമാണ് അനധികൃതമായി ആനക്കൊമ്പ് സൂക്ഷിച്ച കേസില്‍ നടനെ ഒന്നാം പ്രതിയാക്കി കേസെടുത്തത്. അതും 2012 ജൂണ്‍ മാസത്തില്‍. വീട്ടിലെ മേശയില്‍ ഉറപ്പിച്ച നിലയില്‍ കണ്ടെത്തിയ തൊണ്ടിയായ ആനക്കൊമ്പുകള്‍ അപ്പോഴും കസ്റ്റഡിയില്‍ എടുത്തതു പോലുമില്ല. ഇതിനിടയില്‍ കൊമ്പിന്റെ ഉടമസ്ഥാവകാശം സ്ഥാപിച്ചു കിട്ടണം എന്ന് ആവശ്യപ്പെട്ട് ലാല്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി. ഇക്കാര്യം പരിശോധിക്കാന്‍ കേരള വനംവകുപ്പിനോട് പിഎംഒ ആവശ്യപ്പെട്ടു. ഇതോടെ പ്രതിക്ക് തന്നെ കൊമ്പുകളുടെ ഉടമസ്ഥാവകാശം അനുവദിച്ചു നല്‍കുന്ന അതീവ വിചിത്രനീക്കമാണ് ഉണ്ടായത്.
ഇങ്ങനെയെല്ലാം ലാലിൻ്റെ ഇംഗിതം അറിഞ്ഞ് പ്രവർത്തിച്ച വനംവകുപ്പ് പക്ഷെ പുലിപ്പല്ല് കൈവശം വച്ചുവെന്ന് കണ്ടെത്തിയതോടെ റാപ്പര്‍ വേടൻ്റെ കാര്യത്തിൽ ഉണർന്ന് പ്രവർത്തിച്ച് മിന്നും വേഗത്തില്‍ അറസ്റ്റും നടത്തി. മോഹന്‍ലാലിന്റെ വീട്ടില്‍ ചെന്നാണ് അന്ന് വനം വകുപ്പ് മൊഴി രേഖപ്പെടുത്തിയത്. ഒരേ നിയമലംഘനം നടത്തുന്ന പലരോടും പലതരം സമീപനം സ്വീകരിക്കുന്നത് കേരളത്തിന് പുതുമ അല്ലാത്തതിനാൽ ഇതിലും കാര്യമായ പ്രതികരണങ്ങളൊന്നും ഉണ്ടായതുമില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here