‘Mom my first love’ !! ഡൽഹി സ്ഫോടനത്തിലെ ഇരകളെ തിരിച്ചറിയാൻ ടാറ്റൂ എഴുത്തടക്കം അടയാളങ്ങൾ തിരഞ്ഞ് ഉറ്റവർ

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ നഷ്ടമായത് നിരവധി കുടുംബങ്ങളുടെ അത്താണിയെയാണ്. കൊല്ലപ്പെട്ട 12 പേരെ തിരിച്ചറിയാൻ കുടുംബങ്ങൾ ഏറെ ബുദ്ധിമുട്ടിയത് സ്ഫോടനത്തിൻ്റെ തീവ്രത വിളിച്ചോതുന്നു. മുഖം തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിൽ, ടാറ്റൂകൾ, ടി-ഷർട്ടുകൾ, ആഭരണങ്ങൾ തുടങ്ങിയ ചെറിയ സൂചനകളാണ് പ്രിയപ്പെട്ടവരെ തിരിച്ചറിയാൻ കുടുംബങ്ങൾക്ക് ആശ്രയമായത്.
സുഭാഷ് മാർഗ് ട്രാഫിക് സിഗ്നലിന് അടുത്ത് ഹ്യുണ്ടായ് i20 കാറിനുള്ളിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ പലരും തൽക്ഷണം മരിച്ചു. മറ്റു ചിലർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. ഉഗ്രശേഷിയുള്ള സ്ഫോടകവസ്തുവാണ് ഉപയോഗിച്ചതെന്നാണ് വിവരം. ഇതുവരെ 10 മൃതദേഹങ്ങളിൽ ആറെണ്ണം തിരിച്ചറിഞ്ഞ് ബന്ധുക്കൾക്ക് കൈമാറിയിട്ടുണ്ട്. ബാക്കിയുള്ളവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ചന്ദ്‌നി ചൗക്കിലെ ഫാർമസ്യൂട്ടിക്കൽ ബിസിനസുകാരനായ 34കാരൻ അമർ കതാരിയയുടെ കാര്യത്തിൽ മുഖം തിരിച്ചറിയാൻ കഴിയാത്തവിധം ശരീരം കരിഞ്ഞിരുന്നു. എന്നാൽ, കൈകളിലെ ടാറ്റൂകളാണ് അദ്ദേഹത്തെ തിരിച്ചറിയാൻ കുടുംബത്തെ സഹായിച്ചത്. “Mom my first love”, “Dad my strength” എന്നിങ്ങനെ ടാറ്റൂകൾ അദ്ദേഹത്തിനുണ്ടായിരുന്നു. സ്ഫോടനം നടന്ന സ്ഥലത്തു നിന്നും കതാരിയയുടെ ഫോൺ ഒരാൾക്ക് ലഭിച്ചിരുന്നു. അങ്ങനെയാണ് മകന്റെ മരണ വാർത്ത കുടുബം അറിയുന്നത്. ടാറ്റൂ, മാല എന്നിവ കണ്ടാണ് മകനെ തിരിച്ചറിഞ്ഞെതെന്നാണ് അച്ഛൻ പറഞ്ഞത്. കതാരിയ്ക്ക് ഭാര്യയും മൂന്ന് വയസ്സുള്ള മകനുമുണ്ട്.
ശാസ്ത്രി പാർക്ക് നിവാസിയും കുടുംബത്തിന്റെ ഏക ആശ്രയവുമായിരുന്ന ജുമ്മൻ എന്ന മറ്റൊരു ഇരയുടെ മൃതദേഹം 20 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. ധരിച്ചിരുന്ന ടിഷർട്ടാണ് ഇതിന് സഹായിച്ചത്. അദ്ദേഹത്തിന്റെ കാലുകൾ നഷ്ടപ്പെട്ടിരുന്നു, ശരീരം തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായിരുനെന്നും കുടുംബം പറഞ്ഞു. ജുമ്മന് ശാരീരിക വൈകല്യമുള്ള ഭാര്യയും കുട്ടികളുമുണ്ട്. സ്ഫോടനത്തിൽ എൻഐഎ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here