അമിത് ഷായുടെ പേരിൽ കവർന്നത് 4 കോടി; തട്ടിപ്പിൽ കേന്ദ്രത്തിലെ ഉന്നതരുടെ പേരും

പൂനെയിൽ മുൻ ബാങ്ക് ജീവനക്കാരനെയാണ് ബന്ധു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുയുടെയും കേന്ദ്രത്തിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെയും പേര് പറഞ്ഞു കബളിപ്പിച്ചത്. 4 കോടിയാണ് ഇതിന്റെ പേരിൽ തട്ടിയെടുത്ത്. 53 വയസ്സുള്ള സൂര്യകാന്ത് തോറാട്ടാണ് തട്ടിപ്പിന് ഇരയായത്.
സൂര്യകാന്തിന്റ ബന്ധു തന്റെ മകൻ കേന്ദ്ര സർക്കാരിന്റെ രഹസ്യാന്വേഷണ വിഭാഗത്തിൽ ജോലി ചെയ്യുന്നുണ്ടെന്നും ഒരു പ്രത്യേക ദൗത്യത്തിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും അറിയിച്ചു. തുടർന്ന് കേന്ദ്ര സർക്കാർ ഈ ജോലിക്ക് 38 കോടി രൂപ പ്രതിഫലം നൽകുമെന്നും പറഞ്ഞു. എന്നാൽ ഇതിനു വേണ്ടി പ്രോസസ്സിംഗ് ഫീസ്, അഭിഭാഷക ഫീസ്, മുതിർന്ന ഉദ്യോഗസ്ഥർക്കുള്ള സമ്മാനങ്ങൾ എന്നിവ നൽകണമെന്നും അതിനായി പണം വേണമെന്നും ബന്ധു ആവശ്യപ്പെട്ടു. പ്രതിഫലം ലഭിച്ച ഉടൻ തന്നെ പണം തിരികെ നൽകുമെന്ന് ഉറപ്പ് നൽകി.
സൂര്യകാന്തിനെ വിശ്വസിപ്പിക്കാൻ വേണ്ടി പ്രതി, അമിത് ഷാ, അജിത് ഡോവൽ, മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായി കോൺഫറൻസ് കോളുകൾ നടത്തുന്നതായി അഭിനയിക്കുകയും ചെയ്തു. കൂടാതെ മകന്റെ ഐഡി കാർഡ്, റിവോൾവർ, ബാങ്ക് സന്ദേശം എന്നിവ കാണിച്ചു. ഇത് വിശ്വസിച്ചാണ് സൂര്യകാന്ത് പല തവണയായി ബന്ധുവിന്റെ അക്കൗണ്ടിലേക്കു പണം അയച്ചത്.
ഫ്ലാറ്റുകൾ, കൃഷിയിടം, കട, കാർ, ഭാര്യയുടെ ആഭരണങ്ങൾ എന്നിവ വിറ്റാണ് പണം നൽകിയത്. തികയാതെ വന്നപ്പോൾ പിഎഫിൽ നിന്നും പണം നൽകി. എന്നാൽ പണം തിരികെ ആവശ്യപ്പെട്ടപ്പോൾ, അവരുടെ മകൻ വിദേശത്ത് ഒരു പ്രധാന ദൗത്യത്തിലാണെന്നാണ് പറഞ്ഞത്. മാസങ്ങൾക്ക് ശേഷം, മുഴുവൻ സംഭവവും കെട്ടിച്ചമച്ചതാണെന്ന് മനസ്സിലാക്കുകയായിരുന്നു. തുടർന്നാണ് പരാതി നൽകിയത്. അഞ്ച് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. അന്വേഷണം ഇപ്പോൾ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന് കൈമാറിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here