ലോകത്തെ ഞെട്ടിച്ച ഇന്ത്യൻ നീക്കം; മാവോയിസ്റ്റുകൾക്ക് കടും പൂട്ടിട്ട് ഇന്ത്യ

അതിർത്തിയിൽ ഇന്ത്യ നേരിടുന്ന ഭീഷണികൾ പലതാണ്. നമ്മുടെ സൈനികർ ധൈര്യസമേതം അവയെ നേരിടുകയും തിരിച്ചടികൾക്ക് മറുപടി നൽകുകയും ചെയ്യാറുണ്ട്. പക്ഷേ അപ്പോഴും രാജ്യത്തിനകത്ത് നിന്ന് വിഘടനവാദ പ്രവർത്തനങ്ങൾ നടത്തുന്ന മാവോയിസ്റ്റ് സംഘടനകളുടെ പ്രവർത്തനം രാജ്യസുരക്ഷയെ തെല്ലൊന്നുമല്ല അലട്ടിയിരുന്നത്. രാഷ്ട്രീയ സാമൂഹിക മേഖലകളിൽ ഇടപെടലുകൾ നടത്തിക്കൊണ്ട് ഇന്ത്യ മാവോയിസ്റ്റ് ഭീഷണിയെ മറികടക്കുന്ന ചരിത്രപരമായ കാഴ്ച്ചകൾക്കാണ് ഇന്ന് നാം സാക്ഷ്യം വഹിക്കുന്നത്.
ഇന്ത്യയുടെ ഹൃദയഭാഗത്ത്, വികസനത്തിൻ്റെ വെളിച്ചമെത്താത്ത ചില ഇരുണ്ട തുരുത്തുകളുണ്ട്. റെഡ് കോറിഡോർ ഉൾപ്പെടുന്ന മാവോയിസ്റ്റ് അധിനിവേശ പ്രദേശങ്ങൾ. ഇവിടെ അധികാരം നിയമത്തിനല്ല, മറിച്ച് മാവോയിസ്റ്റുകളുടെ തോക്കുകൾക്കാണ്. ആ ശക്തികേന്ദ്രങ്ങളിലെ ജനങ്ങളുടെ ജീവിതം ഇന്നും ദുരിതത്തിലാണ്. വികസനം ഒരുപാട് അകലെ. മാവോയിസ്റ്റ് നിയമങ്ങളാണ് ഇക്കൂട്ടർ നടപ്പാക്കുന്നത്. നിസ്സഹായരായ ജനങ്ങളെ മുന്നിൽ നിർത്തിയാണ് അവർ ഭരണകൂടത്തിനെതിരെ യുദ്ധം ചെയ്യുന്നത്. വിഘടനവാദ പ്രവർത്തനങ്ങൾക്ക് വലിയ വില നൽകേണ്ടി വരുന്നത് നമ്മുടെ സൈനികരും. റോഡ് നിർമ്മാണത്തിനിടെ കുഴിബോംബിൽ ജീവൻ പൊലിഞ്ഞ ധീര ജവാന്മാർ. ഒളിപ്പോരാട്ടങ്ങൾക്കിടയിൽ ജീവൻ നഷ്ട്ടപ്പെട്ട് വീണു പോയ കമാൻഡോകൾ.
Also Read : നക്സൽ സ്‌മാരകത്തിൽ ത്രിവർണ്ണ പതാക; യുവാവിനെ മാവോയിസ്റ്റുകൾ കൊന്നു
അവർ സ്വന്തം ജീവൻ ബലി നൽകിയത് ഈ നാട്ടിലെ സാധാരണക്കാരൻ്റെ സമാധാനത്തിന് വേണ്ടിയാണ്. അവർക്ക് നേരെയുണ്ടായ ഓരോ ആക്രമണവും രാജ്യത്തിൻ്റെ ഹൃദയത്തിൽ ഏറ്റ മുറിവായിരുന്നു. ഈ ചോരക്ക് പകരം ചോദിക്കാൻ രാജ്യം തയ്യാറെടുക്കുകയായിരുന്നു. വൻ സൈനിക നീക്കങ്ങൾ ഇല്ലാതെ കനത്ത വെടിയോച്ചകളും പൊട്ടിത്തെറികളും കുറച്ചുകൊണ്ട് ഇന്ത്യയുടെ ചുവന്ന ഇടനാഴിയെ സമാധാനത്തിന്റെ പുതിയ പാതയിലേക്ക് നയിച്ച സൈനിക നീക്കം എത്തരത്തിലുള്ളതായിരുന്നു എന്ന് നമുക്ക് നോക്കാം.
മാവോയിസ്റ്റ് നക്സൽ സ്വാധീനം ഇന്ത്യൻ സംസ്ഥാങ്ങളിൽ നിന്നും തുടച്ച് നീക്കാൻ കഴിഞ്ഞ കുറച്ച് മാസങ്ങളായി, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഏകോപനത്തോടെയുള്ള നിരവധി പ്രവർത്തങ്ങൾ നടത്തി പോരുകയാണ്. ‘ഓപ്പറേഷൻ ബ്ലാക്ക് ഫോറസ്റ്റ്’ പോലുള്ള വലിയ നക്സൽ വിരുദ്ധ ക്യാമ്പയിനുകൾ ഛത്തീസ്ഗഢിലെ ബസ്തർ പോലുള്ള ശക്തികേന്ദ്രങ്ങളിൽ നടന്നു. സംഘർഷ ബാധിത പ്രദേശങ്ങളിൽ സുരക്ഷാ സേനകൾക്കായി 612-ൽ അധികം പുതിയ പോലീസ് സ്റ്റേഷനുകൾ സ്ഥാപിച്ചു. കീഴടങ്ങാൻ തയ്യാറാകുന്ന മാവോയിസ്റ്റുകൾക്ക് 5 ലക്ഷം രൂപ വരെ സാമ്പത്തിക സഹായം നൽകി. വീടില്ലാത്തവർക്ക് വീട്, പഠന സഹായമായി 15,000 രൂപ, വിവാഹത്തിനായി 25,000 രൂപ, തൊഴിൽ പരിശീലനത്തിന് 30,000 രൂപ എന്നിങ്ങനെ വിവിധ ആനുകൂല്യങ്ങൾ നൽകി. ഒരു പരിധിവരെ ഈ നീക്കങ്ങൾ വിജയിച്ചു.

മധ്യപ്രദേശിൽ അതിന്റെ ഫലം പ്രതിഫലിച്ചു. മുഖ്യമന്ത്രി മോഹൻ യാദവ് സംസ്ഥാനം നക്സൽ മുക്തമായതായി പ്രഖ്യാപിച്ചു. കടുത്ത പോരാട്ടങ്ങൾക്കും നയപരമായ തന്ത്രങ്ങൾക്കും ഒടുവിൽ ബാലാഘട്ടിൽ നടന്ന മാവോയിസ്റ്റ് കീഴടങ്ങലോടെ ആ പ്രഖ്യാപനം യാഥാർത്ഥ്യമായി. ഒരുകാലത്ത് നക്സൽ ശക്തികേന്ദ്രമായിരുന്ന ഈ സംസ്ഥാനം ഇന്ന് സമാധാനത്തിൻ്റെ പാതയിലാണ്. വികസനം ഈ മേഖലകളിലേക്ക് എത്തുകയാണ്. ഈ വിജയത്തിൻ്റെ പിന്നിൽ ഒരു സൈനിക ഓപ്പറേഷൻ്റെ ഹൈടെക് രഹസ്യമുണ്ട്.
Also Read : 12 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന; വാഹനവ്യൂഹ ആക്രമണത്തിന് ശേഷം നടപടി കടുപ്പിച്ച് സൈന്യം
നക്സലുകൾ തോറ്റത് വെടിയുണ്ടകൾക്ക് മുന്നിലായിരുന്നില്ല, മറിച്ച് ചിപ്പുകൾക്ക് മുന്നിലായിരുന്നു. അടുത്തിടെ കീഴടങ്ങിയ മാവോയിസ്റ്റ് നേതാക്കളുടെ ഇന്ററോഗേഷൻ സ്റ്റേറ്റ്മെന്റുകൾ അത് തെളിയിക്കുന്നതാണ്. നമ്മുടെ സുരക്ഷാ ഏജൻസികൾ നടത്തിയ തന്ത്രപരമായ നീക്കങ്ങൾ ഒരു ആക്ഷൻ സിനിമയിലെ സീനുകൾക്ക് സമാനമായിരുന്നു. മാവോയിസ്റ്റുകളെ പൂട്ടണമെങ്കിൽ അവരുടെ നീക്കങ്ങൾ കൃത്യമായി അറിഞ്ഞേ മതിയാകൂ. പക്ഷേ കാടുകൾക്കുള്ളിൽ തമ്പടിച്ചിരിക്കുന്ന ഇക്കൂട്ടരുടെ നീക്കങ്ങൾ തിരിച്ചറിയുക കഷ്ടം. അതിനുവേണ്ടി നമ്മുടെ ഇൻ്റലിജൻസ് ഏജൻസികൾ ഇസ്രായേലിന്റെ ചാരസംഘടനയായ മൊസാദ് ഉൾപ്പെടെ ഉപയോഗിക്കുന്ന രഹസ്യ സംവിധാനങ്ങൾ അവലംബിച്ചു. മാവോയിസ്റ്റുകൾ ഉപയോഗിച്ച വാക്കി-ടോക്കി, ലാപ്ടോപ്പ്, മൊബൈൽ ചാർജറുകൾ ആശയവിനിമയ ഉപകരണങ്ങളിലെല്ലാം അതിസൂക്ഷ്മമായ ട്രാക്കിംഗ് ചിപ്പുകൾ ഇൻ്റലിജൻസ് ഏജൻസികൾ രഹസ്യമായി സ്ഥാപിച്ചു. തെലങ്കാന വഴിയുള്ള വിതരണശൃംഖലയെ കൂട്ടുപിടിച്ചായിരുന്നു ഈ നീക്കം.

പിറകെ മാവോയിസ്റ്റുകളുടെ എല്ലാ നീക്കങ്ങളും സൈന്യത്തിന് മുന്നിൽ തെളിഞ്ഞ് വന്നു. സുരക്ഷാസേനക്കെതിരെ ഡ്രോണുകൾ ഉപയോഗിച്ച് യുദ്ധം ചെയ്യാനുള്ള അവരുടെ പദ്ധതികൾ പാളി. രഹസ്യങ്ങൾ ചോരുന്നതറിഞ്ഞ് അവർ കാടുകൾക്കുള്ളിൽ നിന്നും പുറത്തേക്ക് കടക്കാൻ നിർബന്ധിതരായി. ഈ സാങ്കേതികനീക്കം അവരുടെ സംഘടനാശേഷിയെ പൂർണ്ണമായും തകർത്തു. ഭീകരതയുടെ ഈ യുദ്ധത്തിൽ, തോക്കുകളേക്കാൾ ശക്തി വിവരങ്ങൾക്കാണ് എന്ന് ഇന്ത്യ തെളിയിച്ചു. വിഘടനവാദത്തെ നേരിടാൻ സൈന്യം ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കാൻ തുടങ്ങിയിരിക്കുന്നു. ഈ വിജയങ്ങളുടെ വെളിച്ചത്തിൽ, റെഡ് കോറിഡോറിൻ്റെ വിസ്തൃതി കുറയുകയാണ്. മാവോയിസ്റ്റ് മുക്തമായ ഓരോ ഗ്രാമവും, നമ്മൾക്ക് നഷ്ടപ്പെട്ട ഓരോ ധീര ജവാൻമാർക്കുമുള്ള ആദരമാണ്. അവരുടെ ത്യാഗം പാഴായില്ല. സർക്കാരും സുരക്ഷാ സേനയും ഒറ്റക്കെട്ടായി നടത്തിയ പോരാട്ടത്തിൻ്റെ ഫലമായി നമ്മൾ വിജയിച്ച് കയറുകയായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here