ഇൻഷുറൻസ് പണത്തിനായി മകനെ തലയ്ക്കടിച്ച് കൊന്നു; അമ്മയും കാമുകനും അറസ്റ്റിൽ

ഉത്തർപ്രദേശിലെ കാൺപൂർ ദേഹത്തിലാണ് മകനെ അമ്മ ഇൻഷുറൻസ് പണത്തിനായി തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. കാമുകനുമായുള്ള ബന്ധം എതിർത്തതിനും ഇൻഷുറൻസ് പണം തട്ടിയെടുക്കാനും വേണ്ടിയാണ് ഇവർ ക്രൂര കൃത്യം നടത്തിയത്.
യുവതിയും കാമുകനും ചേർന്നാണ് മകനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നത്. സംഭവത്തിൽ അമ്മയും കാമുകനും ഉൾപ്പെടെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രദീപ് ശർമ്മ എന്ന 23കാരനാണ് കൊല്ലപ്പെട്ടത്. മൃതദേഹം കാൺപൂർ ഇറ്റാവ ഹൈവേയിലാണ് കണ്ടെത്തിയത്. ആദ്യം ഇതൊരു റോഡപകടമാണെന്നാണ് പൊലീസ് കരുതിയിരുന്നത്. എന്നാൽ പിന്നീട് നടത്തിയ അന്വേഷത്തിലാണ് കൊലപാതകമെന്ന് കണ്ടെത്തിയത്. പ്രദീപിൻ്റെ അച്ഛന്റെ മരിച്ചതിന് ശേഷം അമ്മ മായങ്ക് എന്നയാളുമായി ബന്ധം ആരംഭിച്ചു. ഈ ബന്ധത്തെ പ്രദീപ് ശക്തമായി എതിർത്തിരുന്നു. ഇതേത്തുടർന്ന് പ്രദീപ് അമ്മയിൽ നിന്ന് മാറി ആന്ധ്രാപ്രദേശിൽ ജോലി ചെയ്യുകയായിരുന്നു.
ഇതിന്റെ ദേഷ്യത്തിലാണ് പ്രദീപിന്റെ അമ്മയും മായങ്കും സഹോദരൻ ഋഷി കത്യാറും ചേർന്ന് പ്രദീപിനെ കൊല്ലാൻ പദ്ധതിയിട്ടത്. മായങ്കും ഋഷിയും മനഃപൂർവ്വം പ്രദീപിന്റെ പേരിൽ നിരവധി ഇൻഷുറൻസ് പോളിസികൾ വാങ്ങിയിരുന്നു. ദീപാവലിക്ക് നാട്ടിലെത്തിയ പ്രദീപിനെ ഒക്ടോബർ 26ന് രാത്രി ഭക്ഷണം കഴിക്കാൻ പുറത്തേക്ക് പോകാമെന്ന് പറഞ്ഞ് മയങ്കും ഋഷിയും കാറിൽ കയറ്റി കൊണ്ടുപോയി. കാറിനുള്ളിൽ വെച്ച് ചുറ്റിക ഉപയോഗിച്ച് പ്രദീപിന്റെ തലയ്ക്ക് നിരവധി തവണ അടിച്ചാണ് കൊലപ്പെടുത്തിയത്.
കൊലപാതകം റോഡപകടമാണെന്ന് വരുത്തിത്തീർക്കാൻ, പ്രതികൾ മൃതദേഹം കാൺപൂർ-ഇറ്റാവ ഹൈവേയിൽ ഉപേക്ഷിച്ചു. പ്രദീപിൻ്റെ മൃതദേഹം കണ്ടെത്തിയ ശേഷം നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞത്. പ്രദീപ് അപകടത്തിൽ മരിച്ചതാണെന്ന് അമ്മ വാദിച്ചെങ്കിലും, പ്രദീപിന്റെ അമ്മാവനും മുത്തച്ഛനും മായങ്കിനും ഋഷിക്കും എതിരെ കൊലപാതകം ആരോപിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന് ഉപയോഗിച്ച ചുറ്റികയും കാറും കണ്ടെടുത്തിട്ടുണ്ട്. പൊലീസുമായുള്ള ഏറ്റുമുട്ടലിനൊടുവിലാണ് പ്രതികളെ പിടികൂടിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here 
		 
		 
		 
		 
		