മൂന്നുവയസുകാരിയെ പുഴയിലെറിഞ്ഞ അമ്മ തൈറോയ്ഡ് ചികിത്സയിലെന്ന മൊഴി നിർണായകം; കുടുംബം കലക്കുന്നവരിൽ പ്രധാനി ‘ഹൈപ്പർതൈറോയ്ഡിസം’

എറണാകുളം തിരുവാങ്കുളത്ത് മൂന്ന് വയസുകാരി കല്യാണിയെ അംഗനവാടിയിൽ നിന്ന് വിളിച്ചുകൊണ്ടുപോയി പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ അമ്മ സന്ധ്യക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ കൃത്യമായ നിഗമനത്തിൽ എത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. പ്രത്യക്ഷത്തിൽ ഉണ്ടായിരുന്നില്ല എന്ന് അടുത്ത ബന്ധുക്കൾ പറയുന്നുണ്ട് എങ്കിലും വിദഗ്ധ പരിശോധനക്ക് വിധേയമാക്കാനാണ് പോലീസിൻ്റെ തീരുമാനം. അതേസമയം കുറച്ച് നാളുകളായി തൈറോയ്ഡ് പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നും അതിന് മരുന്ന് കഴിച്ചിരുന്നു എന്നുമുള്ള അമ്മയുടെ മൊഴി നിർണായകമാണ്. രോഗത്തിൻ്റെ തോത് എത്രയായിരുന്നു എന്ന് ഉറപ്പിക്കാൻ ചികിത്സിച്ച ഡോക്ടറുടെയും മൊഴിയെടുത്തേക്കും.
ഹൈപ്പർ തൈറോയ്ഡിസം (Hyperthyroidism) അഥവാ തൈറോയ്ഡ് ഹോർമോൺ കൂടുതലായി ഉണ്ടാകുന്ന അവസ്ഥ ശാരീരികവും മാനസികവുമായി വലിയ പ്രശ്നങ്ങളുണ്ടാക്കും. സ്ത്രീകളിൽ ഇത് ഗുരുതരമായ മാനസിക സംഘർഷങ്ങൾക്കും അസ്വസ്ഥതകൾക്കും വഴിവയ്ക്കും. ഇത്തരം താളപ്പിഴകൾ വിഷാദരോഗം ഉൾപ്പെടെ പലതിലേക്കും നയിക്കാനിടയുണ്ടെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (IMA) ദേശീയ കൺവീനർ ഡോ.സുൽഫി നൂഹു മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. തൈറോയ്ഡ് രോഗങ്ങൾക്ക് ഒരു കാരണം സ്‌ട്രെസ് ആണ്. അമിതമായ മാനസികസമ്മർദ്ദം തൈറോയ്ഡ് രോഗത്തിന് കാരണമായേക്കാമെന്ന് മാത്രമല്ല, നേരത്തെ രോഗമുള്ളവരിൽ അത് ഗുരുതരമാക്കുകയും ചെയ്തേക്കാം.
വിഷാദരോഗത്തിൻ്റെ ലക്ഷണങ്ങളും സന്ധ്യ കാണിച്ചിരുന്നതായി അടുത്ത ബന്ധുക്കളുടെ പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ട്. തൊട്ടയൽവാസികൾ അടക്കം ആരുമായും കാര്യമായി സംസാരമോ ബന്ധമോ ഇല്ലായിരുന്നു എന്ന് പരിസരവാസികളും സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടികളെ അപായപ്പെടുത്തുന്ന വിധം ഗുരുതരമായ അവസ്ഥയിലേക്ക് ഈ താളപ്പിഴകൾ കൊണ്ടെത്തിച്ചോ എന്ന് വിശദ പരിശോധനയിലേ വ്യക്തമാകൂ. അതിനാണ് പോലീസ് ഒരുങ്ങുന്നത്. കുട്ടികളെ മുമ്പും സന്ധ്യ അകാരണമായി ഉപദ്രവിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നുണ്ട്. ഐസ്ക്രീമിൽ വിഷം കലർത്തി കഴിക്കാൻ തന്നുവെന്നും കഴിക്കാൻ വിസമ്മതിച്ചപ്പോൾ ടോർച്ച് കൊണ്ടടിച്ചുവെന്നും മൂത്തമകൻ്റെ മൊഴിയുമുണ്ട്.
Also Read: മകളെ പുഴയിലെറിഞ്ഞ അമ്മയെ ഒരെത്തുംപിടികിട്ടാതെ പോലീസ്… വിചിത്രം സന്ധ്യയുടെ മൗനം; റിമാൻഡ് ചെയ്ത് കോടതി
സ്വന്തം മകൾ കല്യാണിയെ അംഗനവാടിയിൽ നിന്ന് കൂട്ടിക്കൊണ്ടുപോയി അമ്മ സന്ധ്യ ചാലക്കുടിപ്പുഴയിൽ എറിഞ്ഞ വാർത്ത കേട്ട ഞെട്ടലിലാണ് കേരളം. ഇന്നലെ ഉച്ചക്കുശേഷം യാതൊരു ഭാവഭേദവുമില്ലാതെയാണ് കുട്ടിയെ വിളിച്ചുകൊണ്ടുപോയത്. കരുതിക്കൂട്ടി ഉറപ്പിച്ച വിധമായിരുന്നു പിന്നീടുണ്ടായ ഓരോ നീക്കവും. സന്ധ്യയോടെ ചാലക്കുടി പുഴയിലെറിഞ്ഞ കുഞ്ഞിൻ്റെ ശരീരം പുലർച്ചെ രണ്ടരയോടെയാണ് കണ്ടെത്തിയത്. കുഞ്ഞിനെ തൻ്റെ ജീവിതത്തിൽ നിന്ന് ഒഴിവാക്കാൻ ശ്രമിച്ചുവെന്ന് കരുതാൻ തക്കവിധം ഒരു സാഹചര്യവും സന്ധ്യക്ക് ഉണ്ടായിരുന്നില്ല എന്നാണ് ഇതുവരെയുള്ള നിഗമനം. അതുകൊണ്ട് തന്നെ മനസിൻ്റെ താളപ്പിഴകളാണ് വില്ലനായത് എന്ന നിഗമനത്തിലാണ് ഇപ്പോഴും പോലീസ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here