സമുദായങ്ങളുമായി സ്വരചേർച്ച നഷ്ടപ്പെട്ട് കോൺഗ്രസ്; ഓർത്തഡോക്സ് സഭയെയും നേതൃത്വം പിണക്കിയെന്ന് ആശങ്ക

ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും സമുദായങ്ങളുമായി ഊഷ്മളബന്ധം സൂക്ഷിച്ചിരുന്നു. നേതൃത്വം മാറിവന്നപ്പോൾ ആ ബന്ധം കൈമോശം വന്നു. വിഡി സതീശൻ മുൻപേ സമുദായങ്ങളുമായി അത്ര ചേർച്ചയിലല്ല, പ്രത്യേകിച്ച് എൻഎസ്എസ്- എസ്എൻഡിപിയുമായി. കെ സുധാകരന് ആരോടും അകൽച്ച ഉണ്ടായില്ലെങ്കിലും കാര്യമായ അടുപ്പവും ഉണ്ടായില്ല. പിന്ഗാമിയായി എത്തിയ സണ്ണി ജോസഫിൻ്റെ കാര്യവും ഏറെക്കുറെ ഇതു തന്നെ.
സഭയുടെ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലല്ല കോൺഗ്രസിൽ കാര്യങ്ങൾ നടക്കുക എന്നാണ് സണ്ണി ജോസഫ് ഇന്നലെ പറഞ്ഞത്. മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ന് അൽപം കൂടി കടുപ്പിച്ചു. “കോൺഗ്രസിൻ്റെ പുനഃസംഘടനയിൽ സമുദായ സംഘടനകളുടെ നിർദേശങ്ങൾ ആവശ്യമില്ല. സഭയ്ക്ക് പരാതി ഉണ്ടെങ്കിൽ സംസാരിച്ച് പരിഹരിക്കണം. പുനഃസംഘടനയിൽ എല്ലാവരും തൃപ്തരാകണമെന്നില്ല, പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകുമെന്നും” ആണ് മുല്ലപ്പള്ളി പറഞ്ഞത്.
Also Read : കെ.സിയെ കരുതിയിരിക്കണം!! ഒന്നിച്ചു നിൽക്കേണ്ടി വരുമെന്ന് എ,ഐ ഗ്രൂപ്പുകൾ
പരമ്പരാഗതമായി കോൺഗ്രസിനോട് അടുത്തുനിന്ന സഭാ നേതൃത്വവും പാർട്ടിയും തമ്മിൽസ്വരചേർച്ച ഇല്ലാതായാൽ തിരിച്ചടിയാകുമെന്ന് പരക്കെ ആശങ്കയുണ്ട്. പ്രത്യേകിച്ച് തിരഞ്ഞെടുപ്പുകൾ പടിക്കലെത്തി നിൽക്കുമ്പോൾ സമുദായങ്ങളുടെ എല്ലാവരുടെയും അതൃപ്തികൾ പരിഹരിക്കാനുള്ള സമയവുമില്ല. കോൺഗ്രസിനുണ്ടാകുന്ന ഇത്തരം പോരായ്മകൾ മുതലെടുക്കാൻ തക്കംപാർത്ത് സിപിഎം നിൽക്കുന്നുവെന്ന യാഥാർത്ഥ്യം നേതാക്കൾ തിരിച്ചറിയുന്നില്ലേ എന്ന ചോദ്യവും ഉയരുന്നുണ്ട്.
ശബരിമല വിഷയത്തിലും, സാമുദായിക പ്രാതിനിധ്യ കാര്യത്തിലും കോൺഗ്രസ് എൻഎസിഎസിൻ്റെ ആശങ്കകൾ വേണ്ടത്ര പരിഗണിക്കുന്നില്ലെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ തുറന്ന വിമർശനം ഉന്നയിച്ചിരുന്നു. പരമ്പരാഗത നിലപാടായ സമദൂര സിദ്ധാന്തത്തിൽ എൻഎസ്എസ് ഉറച്ചുനിൽക്കുന്നു എന്ന് അവകാശപ്പെടുന്നുണ്ട് എങ്കിലും, സർക്കാരിനോട് ചേർന്നുപോകുന്ന ഇപ്പോഴത്തെ നിലപാട് യുഡിഎഫിന് ആശങ്കയുണ്ടാക്കുന്നതാണ്.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നയിക്കുന്ന നിലവിലെ നേതൃത്വവുമായി കോൺഗ്രസിന്, പ്രത്യേകിച്ച് വി ഡി സതീശന് ഒട്ടും നല്ല ബന്ധമല്ല ഉള്ളത്. കെ സി വേണുഗോപാലുമായി മുൻപേ വെള്ളാപ്പളളി അകൽച്ചയിലാണ്. കോൺഗ്രസ് ന്യൂനപക്ഷ പ്രീണനം നടത്തുന്നുവെന്ന ആരോപണം എസ്എൻഡിപി നേതൃത്വം പലപ്പോഴും ഉയർത്താറുണ്ട്. ഇത് കോൺഗ്രസിൻ്റെ ഈഴവ വോട്ട് ബാങ്കിൽ വിള്ളലുണ്ടാക്കാമെന്ന സാധ്യതയും നിലനിൽക്കുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here