‘യാത്ര ചെയ്യാൻ ഏറ്റവും സുരക്ഷിതമായ സ്ഥലം ഇന്ത്യ’; ബൈക്ക് മോഷണം പോയ ഇന്ത്യൻ യാത്രികന്റെ വാക്കുകൾ

ലോകം ചുറ്റുന്ന ഒരു ഇന്ത്യൻ മോട്ടോർ സൈക്കിൾ യാത്രികനാണ്, ‘ഇന്ത്യയാണ് യാത്ര ചെയ്യാൻ പറ്റിയ ഏറ്റവും സുരക്ഷിതമായ സ്ഥലം എന്ന് വിശേഷിപ്പിച്ചത്. തന്റെ ബൈക്ക് മോഷണം പോയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം. യുകെ സന്ദർശനത്തിനിടെയാണ് യോഗേഷ് അലേകാരി എന്ന യാത്രികന്റെ മോട്ടോർ സൈക്കിളും സാധനങ്ങളും മോഷ്ടിക്കപ്പെട്ടത്.
മുംബൈയിൽ നിന്നുള്ള 33 കാരനായ യോഗേഷ് അലേകാരിയുടെ ബൈക്ക് ആണ് മോഷണം പോയത്. മെയ് 1 ന് യാത്ര ആരംഭിച്ച അലേകാരി, ഇറാൻ, നേപ്പാൾ, ചൈന, കസാക്കിസ്ഥാൻ, ജർമ്മനി, ബെൽജിയം, നെതർലാൻഡ്‌സ്, ഫ്രാൻസ് എന്നിവയുൾപ്പെടെ ഏഷ്യയിലെയും യൂറോപ്പിലെയും 17 ലധികം രാജ്യങ്ങളിലൂടെ സഞ്ചരിച്ചിരുന്നു. ആഫ്രിക്കയിലേക്ക് പോകാനിരുന്ന വേളയിലായിരുന്നു സംഭവം. കെടിഎം 390 അഡ്വഞ്ചർ ബൈക്കിനോടൊപ്പം മാക്ബുക്ക്, ഒരു സ്പെയർ ഫോൺ, രണ്ട് ക്യാമറകൾ, പണം, വസ്ത്രങ്ങൾ, അതിനെല്ലാം ഉപരി അദ്ദേഹത്തിന്റെ പാസ്‌പോർട്ടും മോഷണം പോയിരുന്നു.
ഓഗസ്റ്റ് 31 ന് നോട്ടിംഗ്ഹാമിലെ ഒരു സുഹൃത്തിനെ സന്ദർശിക്കുന്നതിനിടെ വോളട്ടൺ പാർക്കിൽ ഭക്ഷണം കഴിക്കാൻ അലേകാരി ബൈക്ക് നിർത്തിയപ്പോഴാണ് സംഭവം. ചുറ്റിക ഉപയോഗിച്ച് നാല് പേർ ചേർന്നാണ് ലോക്ക് തകർത്തു വാഹനവുമായി കടന്നത്. പാർക്കിലെ ഒരു സന്ദർശകനിൽ നിന്നാണ് മോഷണത്തിന്റെ വീഡിയോ ലഭിച്ചത്. പിന്നീട് ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തു. മോഷണ വിവരം പൊലീസിനെ അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നാണ് അലേകാരി വ്യക്തമാക്കിയത്. ഇൻസ്റ്റാഗ്രാമിൽ 1.8 ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉള്ള ആളാണ് അദ്ദേഹം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here