മുനമ്പം – ബിജെപി വഞ്ചനയുടെ നൂറ് ദിനങ്ങള്‍; വഖഫ് ബില്ല് പാസായാല്‍ എല്ലാം ശരിയാകുമെന്ന് പറഞ്ഞവരെ കാണാനില്ല

‘മുനമ്പത്തെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ളതാണ് വഖഫ് ബില്‍. അതിലൊരു സംശയവും വേണ്ട.ബില്ല് പാസായ ഉടനെ മുനമ്പത്തെ ജനങ്ങളുടെ അവകാശം വീണ്ടെടുക്കും’ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മുനമ്പത്തെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനമാണ് ഇത്. ഏപ്രില്‍ നാലിന് ലോക്‌സഭയില്‍ വഖഫ് ബില്ല് പാസായിട്ട് 100 ദിവസം തികയാന്‍ കേവലം ഇനി മൂന്ന് ദിവസങ്ങള്‍ മാത്രം ബാക്കി. ഭുമിയുടെ റവന്യൂ അവകാശം പുനഃ സ്ഥാപിക്കുമെന്ന വാഗ്ദാനം നല്‍കി മുനമ്പത്തുകാരെ പറ്റിച്ച ബിജെപിക്കാരുടെ പൊടിപോലും ഇപ്പോള്‍ ആ പ്രദേശത്തൊന്നും കാണാനില്ല. ബിജെപിയുടെ മോഹന വാഗ്ദാനത്തില്‍ വിശ്വസിച്ച് സമര രംഗത്തുണ്ടായിരുന്ന 50 പേര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു. അവരും നല്ല ഭേഷായി വഞ്ചിക്കപ്പെട്ടു.

ALSO READ : മുനമ്പം സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സിറോ മലബാര്‍ സഭ; ഏതറ്റം വരെ പോകേണ്ടി വന്നാലും ഒപ്പമുണ്ടാകുമെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ്

മുനമ്പത്തെ 614 കുടുംബങ്ങളുടെ ഭുമിക്കുമേല്‍ വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിച്ചതോടെയാണ് റവന്യൂ അവകാശങ്ങള്‍ പുനഃ സ്ഥാപിച്ചു കിട്ടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്. താമസക്കാരില്‍ ബഹുഭൂരിപക്ഷം പേരും ലത്തീന്‍ കത്തോലിക്ക സഭാ വിഭാഗത്തില്‍പ്പെട്ടവര്‍ ആയതുകൊണ്ട് വിവിധ ക്രൈസ്തവ സഭാ വിഭാഗങ്ങള്‍ അവരുടെ സമരത്തിന് പിന്തുണയും നല്‍കി. പ്രശ്‌ന പരിഹാരത്തിനായി സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ഇടപെടാതെ വന്നതോടെ ബിജെപി രാഷ്ടീയ നേട്ടം കൊയ്യാന്‍ രംഗത്തിറങ്ങി. കേന്ദ്രമന്ത്രി സുരേഷ് ഗോപി നേരിട്ട് സമരപ്പന്തലിലെത്തി കേന്ദ്ര സര്‍ക്കാരിന്റേയും ബിജെപിയുടേയും പിന്തുണ വാഗ്ദാനം ചെയ്തു. വഖഫ് ബില്ല് പാസായാല്‍ പിറ്റേന്ന് തന്നെ മുനമ്പം ഭുമി പ്രശ്‌നത്തിന് പരിഹാരമുണ്ടാകുമെന്ന് എല്ലാ ബിജെപി നേതാക്കളും നാട്ടുകാര്‍ക്ക് വാഗ്ദാനം നല്‍കി.

തങ്ങള്‍ താമസിക്കുന്ന ഭൂമി നഷ്ടപ്പെടുമെന്ന ആശങ്കയിലായ ബഹുഭൂരിപക്ഷം വരുന്ന ക്രൈസ്തവരെ, വഖഫ് ഭേദഗതി ബില്‍ കാണിച്ച് തെറ്റിദ്ധരിപ്പിച്ച് ഒപ്പം നിര്‍ത്താന്‍ ബിജെപി ശ്രമം തുടങ്ങിയതോടെ ഒരുമാതിരിപ്പെട്ട മുഴുവന്‍ സഭാ നേതൃത്വങ്ങളും ബിജെപിയുടെ മോഹന വാഗ്ദാനത്തില്‍ വീണു പോയി. കേരള കത്തോലിക്കാ മെത്രാന്‍ സമിതി അടക്കമുള്ളവര്‍ ബില്ലിന് അനുകൂലമായി വോട്ടുചെയ്യാന്‍ സംസ്ഥാനത്തു നിന്നുള്ള കോണ്‍ഗ്രസ് എംപിമാരോട് ഔദ്യോഗികമായി തന്നെ ആവശ്യപ്പെടുകയും ചെയ്തു. ബില്‍ പാസായാല്‍ മുനമ്പത്തെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് കിട്ടുമെന്ന തെറ്റിദ്ധാരണയില്‍ ആയിരുന്നു ഈ ആഹ്വാനം. ക്രൈസ്തവരെ സംഘ പരിവാര്‍ പാളയത്തില്‍ എത്തിക്കുവാനും ബിജെ പി വ്യാപക ശ്രമവും നടത്തി. വഖഫ് ബില്‍ പാസായ ശേഷം കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരണ്‍ റിജിജു മുനമ്പം സന്ദര്‍ശിച്ചു. മുനമ്പത്ത് ബിജെപി അദ്ദേഹത്തിന് വന്‍ വരവേല്പ് നല്‍കി. എല്ലാം ഇപ്പൊ ശരിയാക്കുമെന്ന സംസ്ഥാന ബിജെപി നേതാക്കളുടെ ബഡായി വിശ്വസിച്ചിരുന്ന നാട്ടുകാര്‍ക്ക് ഇരുട്ടടി പോലായി കേന്ദ്ര മന്ത്രിയുടെ തുറന്നു പറച്ചില്‍.

ALSO READ : കേന്ദ്രമന്ത്രിയെക്കൊണ്ട് തന്ത്രപരമായി സത്യം പറയിച്ച ജേണലിസ്റ്റ്… ‘മുനമ്പ’ത്തിൽ കാർപ്പറ്റ് ബോംബിംഗ് പോലെ ചോദ്യങ്ങളുമായി കെ എസ് സുധി

വഖഫ് ഭേദഗതിയിലൂടെ മാത്രം മുനമ്പം നിവാസികള്‍ക്ക് നീതി ലഭിക്കില്ലെന്ന സത്യം കിരണ്‍ റിജിജു തുറന്നുപറഞ്ഞതോടെ കേരളത്തിലെ ബിജെപി നേതൃത്വവും പ്രതിരോധത്തിലായി. ഭൂമിയുടെ റവന്യൂ അധികാരം സ്ഥാപിച്ചു കിട്ടാന്‍ സുപ്രീം കോടതിയെ സമീപിക്കേണ്ടി വരുമെന്ന കേന്ദ്ര മന്ത്രി കിരണ്‍ റിജിജുവിന്റെ ഏറ്റുപറച്ചില്‍ ബിജെപിയുടെ ശവപ്പെട്ടിയിലെ ആണി അടിക്കലായി മാറി. ഇതോടെ വഖഫ് നിയമ ഭേദഗതി മുനമ്പം പ്രശ്‌ന പരിഹാരത്തിന് വഴിതുറക്കുമെന്ന ബിജെ പിയുടെ അവകാശവാദമാണ് കേന്ദ്രമന്ത്രി തന്നെ തള്ളിപ്പറഞ്ഞത്. ഭേദഗതി ബില്ലിന് മുന്‍കാല പ്രാബല്യമില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കിയതോടെ മുഖം നഷ്ടപ്പെട്ട അവസ്ഥയിലായി സംസ്ഥാന ബിജെപി നേതൃത്വം. ബിജെപിക്ക് പിന്തുണ നല്‍കി പിന്നാലെ പോയ കത്തോലിക്ക മെത്രാന്‍ സമിതിയും നാണംകെട്ടു.

സത്യാഗ്രഹമെന്ന സമരമുറ ഉപയോഗിക്കുമെന്നും അവസാനത്തെയാളും മരിച്ച് വീഴും വരെ പോരാടുമെന്നാണ് സമരപന്തല്‍ സന്ദര്‍ശിച്ച് സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പ്രഖ്യാപിച്ചത്. ‘മുനമ്പത്തെ വിഷയം രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് പ്രശ്‌നമായി തോന്നുന്നത് അടുത്ത തിരഞ്ഞെടുപ്പ് കാലത്താകും. ഇക്കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളെ വിശ്വസിക്കാനാകുമെന്ന് തോന്നുന്നില്ല. ഓര്‍ക്കേണ്ട കാര്യങ്ങള്‍ ഓര്‍മ്മിച്ച് കണക്കു ചോദിക്കാന്‍ ജനങ്ങള്‍ക്ക് വിവേകമുണ്ടാകണം. എല്ലാത്തവണയും വോട്ടു ചെയ്തവര്‍ക്ക് വോട്ടു ചെയ്യണമെന്ന് ഇത്തവണ ബാലറ്റ് പേപ്പര്‍ കയ്യില്‍കിട്ടുമ്പോള്‍ നിര്‍ബന്ധം പിടിക്കരുത്. മറിച്ച് ചെയ്യാനും അറിയാമെന്ന് നിങ്ങള്‍ തെളിയിക്കണം’ എന്നായിരുന്നു സമരപന്തലില്‍ മാര്‍ റാഫേല്‍ തട്ടില്‍ ആവശ്യപ്പെട്ടത്.

മുനമ്പത്തെ ക്രൈസ്തവരുടെ രക്ഷകവേഷം കെട്ടി രംഗത്തു വന്ന ബിജെപിക്ക് ഇനി പറഞ്ഞു നില്‍ക്കാന്‍ പോലും ഒരു ചാന്‍സില്ലാതായി. വഖഫ് ബില്ല് പാസായത്തിന്റെ നൂറാം ദിവസം വരുമ്പോള്‍ മുനമ്പത്ത് പോകാന്‍ രാജീവ് ചന്ദ്രശേഖറിനും കൂട്ടര്‍ക്കും ധൈര്യം ഉണ്ടാകുമോ എന്ന് കണ്ടറിയണം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top