മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഒരാണ്ട്; കച്ചവടം നഷ്ടപ്പെട്ടവർക്ക് പ്രത്യേക പാക്കേജ് അനുവദിക്കുമെന്ന് മന്ത്രി കെ രാജൻ

മലയാളികളുടെ നെഞ്ചുകലക്കിയ ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായിട്ട് ഒരാണ്ട് തികഞ്ഞിരിക്കുന്നു. വെള്ളരിമല പൊട്ടിയൊലിച്ച് ഒരു ഗ്രാമം മുഴുവൻ മണ്ണിനടിയിലായതിന്റെ നടുക്കുന്ന ഓർമ്മകളിൽ നിന്നും മലയാളികൾ ഇതുവരെ മുക്തരായിട്ടില്ല.

ദുരന്തബാധിതർക്കായി ഗവൺമെന്റ് സന്നദ്ധ സംഘടനകളും പല സഹായങ്ങളും നൽകിയെങ്കിലും പഴയ ജീവിതത്തിലേക്ക് അവർ ഇതുവരെ തിരികെ വന്നിട്ടില്ല. ആ സാഹചര്യത്തിലാണ് ഉരുൾപൊട്ടൽ മൂലം ഉപജീവനം നഷ്ടപ്പെട്ട കച്ചവടക്കാർക്കുള്ള പുതിയ പാക്കേജുമായി കേരള ഗവൺമെന്റ് മുന്നോട്ട് വന്നിരിക്കുന്നത്.

ദുരന്തത്തിൽ കടയും കച്ചവടവും നഷ്‌ടപ്പെട്ടവർക്ക് പ്രത്യേക പാക്കേജ് അനുവദിക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ പ്രഖ്യാപിച്ചു. പുനരധിവാസപട്ടികയിൽ ഉൾപ്പെടാത്തവരുടെ കാര്യത്തിലും തീരുമാനമുണ്ടാകും. പടവെട്ടികുന്നുകാരുടെ അടക്കം അപേക്ഷകൾ പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Also Read : മുണ്ടക്കൈ പുനരധിവാസം; വാഗ്ദാനങ്ങൾ മലയോളം; നടപ്പിലായത് കുന്നിക്കുരുവോളം

സമഗ്രമായ പുനരധിവാസമാണ് സർക്കാരിന്റെ ലക്ഷ്യം. ജനങ്ങളുടെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞാണ് പുനരധിവാസ പദ്ധതി നടപ്പാക്കുന്നത്. ഒരു കുടുംബത്തിൻ്റെ പോലും വാടക മുടക്കിയിട്ടില്ല. പുനരധിവാസ പട്ടികയിൽ ഇല്ലാത്തവരെ സർക്കാർ ഉപേക്ഷിക്കില്ല. പുനരധിവസിപ്പിക്കേണ്ട വ്യാപാര സ്ഥാപനങ്ങൾക്ക് സഹായം ഉറപ്പുവരുത്തും. വീടുകളുടെ നിർമാണം ഡിസംബർ മാസത്തോടെ പൂർത്തിയാക്കുമെന്നും മന്ത്രി കെ രാജൻ അറിയിച്ചു.

പ്രഖ്യാപനങ്ങൾ നടക്കുന്നുണ്ടെങ്കിലും ദുരന്തബാധിതർക്ക് ആശ്വാസകരമാകുന്ന നടപടികളൊന്നും ഉണ്ടാകുന്നില്ല എന്ന് ആരോപണങ്ങളും ഉയരുന്നുണ്ട്. ഒരുവർഷമായിട്ടും ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി ഒരു വീടുപോലും പൂർത്തീകരിച്ച് കൈമാറാൻ സർക്കാരിനായില്ല.

സർക്കാർ ഏറ്റെടുത്ത എൽസ്റ്റൺ എസ്റ്റേറ്റിൽ ദുരന്തബാധിതർക്കായി സർക്കാർ വിഭാവനം ചെയ്‌തിരിക്കുന്ന ടൗൺഷിപ്പിലെ വീടുകളുടെ നിർമ്മാണം നടക്കുന്നതേയുള്ളു. മാതൃകാഭവനത്തിന്റെ നിർമ്മാണം മാത്രമാണ് പൂർത്തിയായിട്ടുള്ളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top