മൂന്നാറിലെ ഗതാഗതക്കുരുക്കിന് പരിഹാരം; പുതിയ ട്രാഫിക് പരിഷ്‌കാരവുമായി പഞ്ചായത്ത്

വിനോദസഞ്ചാര സീസണുകളിൽ മൂന്നാറിൽ അനുഭവപ്പെടുന്ന കടുത്ത ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി മൂന്നാർ പഞ്ചായത്ത്. വലിയ ടൂറിസ്റ്റ് ബസുകളും കെ.എസ്.ആർ.ടി.സി ബസുകളും ടൗണിലേക്ക് പ്രവേശിക്കുന്നത് നിയന്ത്രിക്കാനും പകരം ചെറുവാഹനങ്ങൾ ഏർപ്പെടുത്താനുമാണ് പഞ്ചായത്തിന്റെ പുതിയ തീരുമാനം.

ദൂരദിക്കുകളിൽ നിന്നും വലിയ ബസുകളിൽ എത്തുന്ന വിനോദസഞ്ചാരികളെ മൂന്നാറിലെ നിശ്ചിത പോയിന്റുകളിൽ ഇറക്കും. അവിടെ നിന്ന് ടൗണിലേക്കോ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കോ പോകാൻ ജീപ്പുകൾ പോലുള്ള ചെറുവാഹനങ്ങൾ ഉപയോഗിക്കണം. കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം പാക്കേജിൽ എത്തുന്ന സഞ്ചാരികളെ പഴയ മൂന്നാർ ഡിപ്പോയിൽ നിന്ന് ജീപ്പുകൾ വഴി മീശപ്പുലിമലയിലേക്ക് എത്തിക്കുന്ന രീതി പഞ്ചായത്ത് വിജയകരമായി പരീക്ഷിച്ചു കഴിഞ്ഞെന്ന് മൂന്നാർ പഞ്ചായത്ത് പ്രസിഡന്റ് വിജയകുമാർ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.

Also Read : മൂന്നാറിൽ ഒന്നര വർഷമായി ഒളിവ് ജീവിതം; ഒടുവിൽ അതിഥി തൊഴിലാളിയെ പൊക്കി എൻഐഎ

വലിയ വാഹനങ്ങൾ മൂന്നാർ ടൗണിലും പരിസ്ഥിതി ലോല പ്രദേശങ്ങളിലും പ്രവേശിക്കുന്നത് ഒഴിവാക്കുന്നതിലൂടെ മലിനീകരണം കുറയ്ക്കാനും പ്രകൃതിയെ സംരക്ഷിക്കാനും സാധിക്കുമെന്നാണ് കണക്ക് കൂട്ടൽ. വിനോദസഞ്ചാരികളിൽ നിന്ന് അമിത ചാർജ് ഈടാക്കുന്നത് ഒഴിവാക്കാൻ മോട്ടോർ വാഹന വകുപ്പുമായി ചേർന്ന് ടാക്സി ജീപ്പുകൾക്ക് ഏകീകൃത നിരക്ക് നിശ്ചയിക്കും.

മൂന്നാറിലെ സ്ഥലപരിമിതി പരിഹരിക്കാൻ മൾട്ടി ലെവൽ പാർക്കിംഗ് സംവിധാനം പഞ്ചായത്തിന്റെ പരിഗണനയിലുണ്ട്. കൂടാതെ, പി.ഡബ്ല്യു.ഡി ഹെഡ്‌വർക്ക് ഡാമിന് സമീപം നിർമ്മിക്കുന്ന പുതിയ പാലം പൂർത്തിയാകുന്നതോടെ ട്രാഫിക് വഴിതിരിച്ചുവിടാനും സാധിക്കും. വിനോദസഞ്ചാര വകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതി വഴി മൂന്നാറിലെ ജനജീവിതം സുഗമമാക്കാനും വിനോദസഞ്ചാരികൾക്ക് മികച്ച അനുഭവം നൽകാനുമാണ് ലക്ഷ്യമിടുന്നത്. ടാക്സി ഡ്രൈവർമാർക്കായി പ്രത്യേക ബോധവൽക്കരണ ക്ലാസുകളും പഞ്ചായത്ത് സംഘടിപ്പിക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top