പാകിസ്ഥാനിലെ പ്രതികാര ബലാൽസംഗം ശരിയത്ത് പ്രകാരമെന്ന മസ്കിൻ്റെ വാദം പൊളിച്ചടുക്കി; മുതലാളിയെ പിന്നിൽനിന്ന് കുത്തി ‘ഗ്രോക്ക്’

വ്യാജവാർത്ത പ്രചരിപ്പിച്ചതിന് ഇലോൺ മസ്കിനെ (Elon Musk) നിർത്തിപ്പൊരിച്ച് സോഷ്യൽ മീഡിയ. പാകിസ്ഥാനിൽ പ്രതികാര ബലാൽസംഗത്തിന് (Revenge rape) ഇരയായ പെൺകുട്ടിയെക്കുറിച്ചുള്ള വാർത്തയാണ് മസ്ക് Xൽ പോസ്റ്റ് ചെയ്തത്. ശരിയത്ത് നിയമ പ്രകാരമാണ് പെൺകുട്ടിയെ ഇങ്ങനെ ശിക്ഷിച്ചതെന്ന് അവകാശപ്പെട്ടാണ് അദ്ദേഹം ഇത് റീപോസ്റ്റ് ചെയ്തത്. ശരിയ (Sharia) നിയമത്തിൽ ഇങ്ങനൊരു ഏർപ്പാട് ഇല്ലെന്ന് ചൂണ്ടിക്കാട്ടി, മസ്കിൻ്റേത് വ്യാജ വാർത്തയാണെന്ന് സ്ഥാപിച്ചുകൊണ്ടാണ് അദ്ദേഹത്തിൻ്റെ തന്നെ ഉടമസ്ഥതയിലുള്ള ഗ്രോക്ക് (Grok) എന്ന ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പ്ലാറ്റ്ഫോം മുതലാളിയെ തിരുത്തിയത്.
2017ൽ പാകിസ്ഥാനിലെ മുസഫറബാദിൽ നടന്ന പ്രതികാര ബലാൽസംഗത്തെക്കുറിച്ചുള്ള വാർത്തയാണ് മസ്ക് പുതിയതെന്ന മട്ടിൽ എക്സിൽ റീപോസ്റ്റ് ചെയ്തത്. 12കാരിയായ പെൺകുട്ടിയെ ഒരാൾ ക്രൂര പീഡനത്തിന് ഇരയാക്കി. നിയമനടപടിക്ക് പകരം നാട്ടുകൂട്ടം ചേർന്ന് ഇയാളുടെ 16കാരിയായ സഹോദരിയെ, ഇരയുടെ സഹോദരനെ കൊണ്ട് ബലാൽകാരം ചെയ്യിക്കാൻ ഉത്തരവിടുന്നു. നിസഹായയായ ഈ പെൺകുട്ടിയെ 40ലധികം പേരുടെ മുന്നിൽ മാനംകെടുത്തുന്നു. ഇക്കഴിഞ്ഞ 25ന് ആരോ ഒരാൾ ഈ സംഭവങ്ങൾ ഉൾപ്പെടുത്തി എക്സിൽ പോസ്റ്റ് ചെയ്യുന്നു. പിറ്റേന്ന് മസ്ക് ഇതെടുത്ത് റീപോസ്റ്റ് ചെയ്യുന്നു. ശരിയത്ത് നിയമത്തിൻ്റെ ഭാഗമായാണ് ഈ ക്രൂരത എന്നായിരുന്നു മസ്കിൻ്റെ ഭാഷ്യം.
— Elon Musk (@elonmusk) August 26, 2025
ശരിയത്ത് പ്രകാരമാണ് ഈ റിവഞ്ച് റേപ്പ് എന്ന മുതലാളിയുടെ നിലപാട് പൊളിച്ചത് അദ്ദേഹത്തിൻ്റെ തന്നെ എഐ പ്ലാറ്റ്ഫോമായ ഗ്രോക്ക് (Grok) ആണ്. ആ കൊടുംക്രൂരത ശരിയത്ത് പ്രകാരമല്ലെന്നും, അന്നാട്ടിൽ നിലനിന്ന പഷ്ത്തുൺ ഗോത്ര സംസ്കാര നിയമപ്രകാരം ആയിരുന്നു എന്നുമാണ്, ഗ്രോക്ക് വഴി ഫാക്ട് ചെക്ക് നടത്തിയപ്പോൾ പുറത്തുവന്ന വിവരം. അതൊരിക്കലും ശരിയത്ത് നിയമത്തിൻ്റെ ഭാഗമല്ലെന്നും, സാർവദേശികമായ ഇസ്ലാമിക നിയമത്തേക്കാൾ പുരുഷാധിപത്യം നിലനിൽക്കുന്ന ഗോത്രവർഗ നിയമങ്ങളും നാട്ടുനടപ്പുമാണ് അവിടെ നടക്കുന്നതെന്നും ഗ്രോക്ക് വിശദമായി വിവരം നൽകി.
ഈ വസ്തുതകൾ പോലും പരിശോധിക്കാതെ ഇസ്ലാമിനെ തേജോവധം ചെയ്യാൻ കിട്ടിയ അവസരം ഇലോൺ മസ്ക് ഉപയോഗിച്ചു എന്നാണ് പ്രധാന ആക്ഷേപം. പോലീസ് കേസെടുത്തില്ല എന്ന മസ്കിൻ്റെ ആരോപണവും സോഷ്യൽ മീഡിയ പൊളിച്ചടുക്കിയിട്ടുണ്ട്. മൊത്തത്തിൽ മസ്കിനെ വാരി ഭിത്തിയലടിച്ചു എന്നു പറയാം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here