‘ഇന്ത്യയെ ആരാധിക്കുന്ന മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഹിന്ദുക്കൾ തന്നെ’; ആർഎസ്എസ് മേധാവിയുടെ വാക്കുകൾ ചർച്ചയാകുന്നു

ഹിന്ദുത്വം എന്നാൽ മതം മാത്രമല്ല, എല്ലാവരെയും ഉൾക്കൊള്ളുന്ന സംസ്കാരമാണെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. മുസ്ലിങ്ങളും ക്രിസ്ത്യാനികളും അവരുടെ ആരാധനാരീതികളോ ആചാരങ്ങളോ ഉപേക്ഷിക്കാതെ തന്നെ, ഈ രാജ്യത്തെ ആരാധിക്കുകയും ഇന്ത്യൻ സംസ്കാരം പിന്തുടരുകയും പൂർവ്വികരിൽ അഭിമാനം കൊള്ളുകയും ചെയ്താൽ അവരും ഹിന്ദുക്കളാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആർഎസ്എസ്സിന്റെ നൂറാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി അസമിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദു സംസ്കാരം എന്നത് ഭക്ഷണത്തിലോ ആരാധനയിലോ മാത്രം ഒതുങ്ങുന്ന ഒന്നല്ല, അത് എല്ലാവരെയും ഉൾക്കൊള്ളുന്നതാണ്. അതിന് കൂടുതൽ ആളുകളെ ഉൾക്കൊള്ളാൻ കഴിയും.” എന്നും മോഹൻ ഭാഗവത് പറഞ്ഞു.
സാമൂഹിക ഐക്യം, കുടുംബ ബോധവൽക്കരണം, പൗരമര്യാദ, സ്വാശ്രയത്വം, പരിസ്ഥിതി സംരക്ഷണം എന്നിങ്ങനെ അഞ്ച് പ്രധാന സാമൂഹിക മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം യോഗത്തിൽ വിശദമായി സംസാരിച്ചു. കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്തേണ്ടതിൻ്റെ പ്രാധാന്യവും പൂർവ്വികരുടെ കഥകൾ അടുത്ത തലമുറയ്ക്ക് പകർന്നു നൽകേണ്ടതിൻ്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ലച്ചിത് ബോർഫുകൻ, ശ്രീമന്ത ശങ്കരദേവനെ പോലുള്ള നേതാക്കൾക്ക് ദേശീയ പ്രാധാന്യം നൽകണമെന്നും, ഇന്ത്യയുടെ വൈവിധ്യമാർന്ന ഐക്യത്തിന് വടക്ക്-കിഴക്കൻ സംസ്ഥാനങ്ങൾ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിൻ്റെ പുരോഗതിക്കായി സമൂഹം ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here