തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോൾ വാവിട്ട വാക്കുകൾ സൂക്ഷിക്കാൻ സിപിഎമ്മിൽ നിർദേശം; ‘പാലക്കാട്ടെ ഷാഫി അധിക്ഷേപം തിരിച്ചടിച്ചു’

മുൻപെങ്ങുമില്ലാത്ത വിധം സോഷ്യൽ മീഡിയയുടെ സാധ്യതകളെല്ലാം ഉപയോഗിച്ച് വരുന്ന് തിരഞ്ഞെടുപ്പുകളെ നേരിടാനുള്ള ഒരുക്കത്തിലാണ് ഇടതുമുന്നണി. ഇതിനായി പാർട്ടി അണികളെ സജ്ജമാക്കുന്നതിൻ്റെ ഭാഗമായി കർശന നിർദേശങ്ങളാണ് പാർട്ടി നൽകുന്നത്. വ്യക്തിപരമായ ആക്രമണങ്ങള്‍ പരമാവധി കുറയ്ക്കണം. പ്രത്യേകിച്ച് വനിതാ നേതാക്കൾക്കെതിരെ വാക്കുകള്‍ പ്രയോഗിക്കുമ്പോള്‍ അത് കൃത്യതയോടെയും വ്യക്തതയോടെയും ആയിരിക്കണം. ഇടതുമുന്നണിക്കെതിരെ തിരഞ്ഞെടുപ്പു കാലത്ത് ആയുധമാക്കാന്‍ കഴിയുന്ന വിധം പ്രയോഗങ്ങൾ ആര്‍ക്കെതിരേയും ഉന്നയിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശവും നല്‍കും.

Also Read: സ്ത്രീ വിഷയത്തില്‍ മാങ്കൂട്ടത്തിലിന്റെ ഹെഡ്മാസ്റ്ററാണ് ഷാഫി പറമ്പിലെന്ന് സിപിഎം; സുന്ദരിയായ ഏത് സ്ത്രീയെ കണ്ടാലും ബംഗ്ലൂരുവിലേക്ക് ട്രിപ്പിന് ക്ഷണിക്കും

പ്രത്യേകിച്ച് ഷാഫി പറമ്പിലിനെതിരെ പാലക്കാട് ജില്ലാ സെക്രട്ടറി പ്രയോഗിച്ച വാക്കുകള്‍ അവരും ഒരുകൂട്ടം മാധ്യമങ്ങളും കൂടി സിപിഎമ്മിനെതിരെ ആയുധമാക്കാന്‍ ശ്രമിക്കുന്ന പശ്ചാത്തലത്തില്‍ ജാഗ്രത വേണം. ഇക്കാര്യത്തിൽ കര്‍ശന നിര്‍ദ്ദേശം വരുംദിവസങ്ങളില്‍ സംസ്ഥാന നേതൃത്വം കീഴ്ഘടകങ്ങള്‍ക്ക് നല്‍കും. ഇപ്പോള്‍ എല്ലാം കൊണ്ടും സാഹചര്യങ്ങള്‍ അനുകൂലമായി വരികയാണ്. ഇനിയുള്ള 6-7 മാസം ഈനിലയില്‍ പോകേണ്ടതുണ്ട്. ഇതിനിടയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പല പദ്ധതികളുടെ ഉദ്ഘാടനവും ഉണ്ടാകും. ഇവയായിരിക്കണം സോഷ്യൽ മീഡിയയിൽ പ്രധാനമായി പ്രചരിപ്പിക്കേണ്ടത്.

Also Read: സതീശനെ കടന്നാക്രമിച്ച് ഷാഫി-മാങ്കൂട്ടം സംഘങ്ങൾ; കോണ്‍ഗ്രസില്‍ ശാക്തികചേരികള്‍ മാറുന്നു

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സൈബറിടത്തിലോ അല്ലാതെയോ സ്വീകരിക്കുന്ന ഏതു സമീപനവും ജാഗ്രതയോടെ ആകണം. രാഹുലിനെ കഴിഞ്ഞ ദിവസം പാലക്കാട്ട് ഇറക്കിയത് തന്നെ നെഗറ്റീവ് പബ്ലിസിറ്റി ലക്ഷ്യമിട്ടാണ്. അയാള്‍ക്കെതിരെ കൈവിട്ട എന്തെങ്കിലും നീക്കമുണ്ടായാല്‍ അതിനെ പ്രചരിപ്പിക്കുകയാണ് യുഡിഎഫ് ലക്ഷ്യം. സൈബറിടങ്ങളില്‍ നിറഞ്ഞുനിന്ന് ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുക എന്ന തന്ത്രമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പു മുതല്‍ കോണ്‍ഗ്രസ് പയറ്റുന്നത്. സോഷ്യൽ മീഡിയയിൽ അവരെക്കുറിച്ച് നിരന്തരം അപവാദങ്ങൾ വരുന്നത് നിഷ്പക്ഷരായ വോട്ടര്‍മാരുടെ മനസുകളില്‍ മറിച്ചുള്ള വികാരം ഉണ്ടാക്കിയേക്കും എന്നതും കരുതിയിരിക്കണം.

Also Read: ഷാഫിക്ക് രാഹുൽ ‘ചങ്ക്’ തന്നെ; തള്ളിപ്പറഞ്ഞില്ല, നിരപരാധിയാണോ എന്ന ചോദ്യത്തിനും മറുപടിയില്ല

അതേസമയം കോണ്‍ഗ്രസിലേയും മറ്റും പാര്‍ട്ടികളിലേയും അഭിപ്രായ ഭിന്നതകളും ഗ്രൂപ്പുപോരുകളും ശക്തമായി ഉപയോഗിക്കുകയും ചെയ്യാം. എന്നാല്‍ അതിന് പഴയതുപോലെ കൂടുതല്‍ ഊന്നല്‍ നല്‍കരുത്. നെഗറ്റീവ് പബ്ലിസിറ്റിപോലും ആയുധമാക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസും യുഡിഎഫും. അതുകൊണ്ടുതന്നെ അക്കാര്യത്തില്‍ കൃത്യമായ നിരീക്ഷണം ആവശ്യമാണ്. ഇടതുഅനുകൂല ഹാന്‍ഡിലുകള്‍ എന്ന തരത്തില്‍ ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നവയെ ശരിയായി നിരീക്ഷിക്കുകയും അവയുടെ വസ്തുത പൊതുസമൂഹത്തില്‍ കൊണ്ടുവരികയും വേണമെന്നും സിപിഎം നേതൃത്വം നിര്‍ദ്ദേശിക്കുന്നുണ്ട്.

Also Read: രാഹുല്‍ കേരളത്തിന്റെ പ്രജ്വല്‍ രേവണ്ണ; കൊണ്ടുനടന്നതും നീയേ ഷാഫി, കൊണ്ടുപോയി കൊല്ലിച്ചതും നീയേ സതീശാ; പരിഹാസവുമായി സരിൻ

ഇടഞ്ഞുനിന്ന എന്‍.എസ്.എസ് ഉള്‍പ്പെടെ പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അവയ്‌ക്കൊന്നും കോട്ടം തട്ടുന്ന ഒരുതരത്തിലുള്ള പ്രവര്‍ത്തനവും ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്. സൈബര്‍മേഖലയില്‍ പോസിറ്റീവായിട്ടുള്ള പ്രചാരണത്തിന് പ്രാധാന്യം നല്‍കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. സര്‍ക്കാര്‍ കഴിഞ്ഞ ഒന്‍പതുവര്‍ഷം നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കണം. അതോടൊപ്പം ജനങ്ങള്‍ക്ക് ലഭ്യമാക്കിയ ആനുകൂല്യങ്ങളും അതുപോലെ ഉള്ളവയ്ക്കും കൂടുതല്‍ ഊന്നല്‍ നല്‍കണം. അതുപോലെ കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്ന നിഷേധാത്മക നിലപാടുകളും വലിയ ചര്‍ച്ചയ്ക്ക് വിധേയമാക്കണം.

Also Read: സ്ത്രീകൾ രാഹുലിനെയും ഷാഫിയെയും സോഷ്യൽ മീഡിയയിൽ ഡിലീറ്റ് ചെയ്യുന്നു!! മുഖം നഷ്ടപെട്ട് യൂത്ത് ബ്രിഗേഡ്

കഴിഞ്ഞയാഴ്ച ചേര്‍ന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗം ഇത്തരം ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഇപ്പോള്‍ തന്നെ സിപിഎമ്മിന്റെ ഘടകങ്ങള്‍ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കുന്നതില്‍ ഉദ്ദേശിച്ച ഫലം കൈവരിച്ചു എന്നാണ് വിലയിരുത്തല്‍. പാര്‍ട്ടി കോണ്‍ഗ്രസ് കൂടി പൂര്‍ത്തിയായതോടെ വരുംദിവസങ്ങളില്‍ സിപിഐയുടെ പ്രവര്‍ത്തനങ്ങളും ശക്തമാകും. മറ്റു ഘടകകക്ഷികളോടും അവരുടെ മേഖലകളില്‍ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിച്ച് മുന്നോട്ടുപോകാനുള്ള നിര്‍ദ്ദേശവും ഉടന്‍ നല്‍കും. ഇതിനായി വൈകാതെ തന്നെ ഇടതുമുന്നണി യോഗം ചേരാനും ആലോചനയുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top