ഓങ് സാൻ സൂകിക്ക് അഞ്ചുകേസുകളില്‍ പൊതുമാപ്പ് നൽകി മ്യാൻമർ പട്ടാള ഭരണകൂടം
യാങ്കോൺ: 2021-ലെ സൈനിക അട്ടിമറിയിൽ പുറത്താക്കപ്പെട്ട് തടങ്കലിൽ കഴിയുന്ന മ്യാൻമർ മുൻ ഭരണാധികാരി ഓങ് സാൻ സൂകിക്ക് അഞ്ചുകേസുകളില്‍ പൊതുമാപ്പ് അനുവദിച്ച് മ്യാൻമർ പട്ടാള ഭരണകൂടം. ബുദ്ധമത നോമ്പുതുറ പ്രമാണിച്ച് ഏഴായിരത്തിലധികം തടവുകാർക്കൊപ്പമാണ് ഓങ് സാൻ സൂചിക്കും പൊതുമാപ്പ് നല്‍കിയിരിക്കുന്നത്. നിലവില്‍ അഞ്ചുകേസുകളില്‍ മാത്രമാണ് മാപ്പ് അനുവദിച്ചിരിക്കുന്നതെന്നും ഡോ. സൂകിക്ക് നേരെയുള്ള മറ്റ് 14 കേസുകളില്‍ ശിക്ഷ നേരിടണമെന്നും സ്റ്റേറ്റ് അഡ്മിനിസ്ട്രേഷൻ കൗൺസിൽ ചെയർമാൻ അറിയിച്ചു.
നയ്പിതാവിലെ ജയിലിൽ നിന്ന് വീട്ടുതടങ്കലിലേക്ക് മാറ്റി ദിവസങ്ങൾക്ക് ശേഷമാണ് സൂകിക്ക് പൊതുമാപ്പ് ലഭിച്ചത്. അഴിമതി, അനധികൃതമായി വോക്കി ടോക്കികൾ കൈവശം വയ്ക്കൽ, കൊവിഡ് നിയന്ത്രണങ്ങൾ ലംഘിക്കൽ എന്നിവയുൾപ്പെടെ 19 കേസുകളിലായി 33 വർഷത്തെ തടവിനാണ് സൂകിയെ ശിക്ഷിച്ചിരുന്നത്. രണ്ടു വർഷമായി തടവിൽ തുടരുന്ന സൂകിയുടെ ജയിലില്‍ നിന്ന് സർക്കാർ കെട്ടിടത്തിലേക്ക് വീട്ടുതടങ്കലിനായി മാറ്റുമ്പോഴുള്ള ചിത്രം മാത്രമാണ് ഇക്കാലയളവിനുള്ളില്‍ പൊതുമാധ്യമങ്ങളില്‍ ലഭ്യമായിട്ടുള്ളത്.
ഓങ് സാൻ സൂകിയുടെ അനുയായിയും സൂകിയുടെ ഭരണകാലത്ത് പ്രസിഡന്റായിരിക്കുകയും ചെയ്ത വിൻ മിന്റിനും പൊതുമാപ്പ് നൽകുമെന്ന് പട്ടാള ഭരണകൂടം അറിയിച്ചിട്ടുണ്ട്. 2021 ഫെബ്രുവരിയിലെ പട്ടാള അട്ടിമറിയിലൂടെയാണ് സൈന്യം ഓങ് സാൻ സൂകിയെ തടവിലാക്കിയത്. അവധി ദിനങ്ങളോടോ പ്രത്യേക ബുദ്ധമത ആചാര ദിനങ്ങളോടോ അനുബന്ധിച്ച് മ്യാൻമർ രാഷ്ട്രീയ തടവുകാരുള്‍പ്പടെയുള്ള ആയിരക്കണക്കിന് തടവുകാർക്ക് പൊതുമാപ്പ് നൽകാറുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here