കുട്ടികളുടെ കാഴ്ചക്ക് വില്ലനായി ‘മയോപിയ’ വ്യാപകം; രക്ഷിതാക്കൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം

ഡിജിറ്റൽ ക്ലാസ് റൂമുകളും ഗെയിമിംഗുമെല്ലാം കുട്ടികളിൽ ഒഴിച്ചുകൂടാനാവാത്തതായി മാറിക്കഴിഞ്ഞു. എന്നാൽ ഇതിന്റെയെല്ലാം അമിത ഉപയോഗം ഇവരിൽ പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു നിശബ്ദ വില്ലനാണ് ‘മയോപിയ’. ബാല്യകാല മയോപിയ, അല്ലെങ്കിൽ ഹ്രസ്വദൃഷ്ടി. കൂടുതലായും കൗമാരക്കാരിലാണ് ഇത് കണ്ടുവന്നത്. എന്നാൽ അതിപ്പോൾ കുഞ്ഞുകുട്ടികളിലും ധാരാളം കാണപ്പെടുന്നു എന്നതാണ് ആശങ്കയുണർത്തുന്ന വാർത്ത.
അമിതമായ ഡിജിറ്റൽ സ്‌ക്രീനുകളുടെ ഉപയോഗമാണ് കുട്ടികളിൽ മയോപിയക്ക് ഉള്ള കാരണം. പുറത്തു സമയം ചിലവഴിക്കാതെ മൊബൈലുകളുടെയും കംപ്യൂട്ടറുകളുടെയും സ്‌ക്രീനുകളിലേക്കു നോക്കി ഇരിക്കുകയാണ് കുട്ടികൾ. ഇത് കാരണം കണ്ണുകളിൽ സൂര്യ പ്രകാശം ഏൽക്കുന്നില്ല. അത് കണ്ണിന്റെ ആരോഗ്യത്തെ വളരെയധികം ബാധിക്കുന്നു. ഡിജിറ്റൽ സ്‌ക്രീനുകളിൽ നിന്ന് കണ്ണുകളിലേക്ക് നേരിട്ടെത്തുന്ന രശ്മികളാണ് ഇതിനു കാരണമാകുന്നത്. ഇത് മയോപിയയിലേക്ക് നയിക്കുന്നു.
നേത്രഗോളങ്ങൾക്ക് നീളം കൂടും, കോർണിയ പതിവിലും കൂടുതൽ വളഞ്ഞതായി കാണപ്പെടും. ഇതുമൂലം, കണ്ണുകളിലേക്ക് പ്രവേശിക്കുന്ന പ്രകാശം നേരിട്ട് റെറ്റിനയിൽ പതിക്കുന്നതിനു പകരം അതിന്റെ മുന്നിലേക്ക് പതിക്കും. ഇത് ഒടുവിൽ കാഴ്ച മങ്ങുന്നതിന് കാരണമാകുന്നു. ഫലം, അടുത്തുള്ള വസ്തുക്കളെ കാണാൻ കഴിയും, എന്നാൽ ദൂരെയുള്ളവ മങ്ങിയതായി കാണപ്പെടും.
ലക്ഷണങ്ങൾ ഇവയാണ്… കുട്ടികൾക്ക് തലവേദന, കണ്ണിന് വേദന, ക്ഷീണം എന്നിവ അനുഭവപ്പെടും. കുട്ടികൾ കണ്ണുചിമ്മുകയാണെങ്കിലോ, ക്ലാസ്സിൽ ബോർഡ് കാണാൻ ബുദ്ധിമുട്ടു അനുഭവപ്പെട്ടാലോ അത് അവഗണിക്കരുത്.
ഇവ കണ്ടു കഴിഞ്ഞാൽ ഉടനടി ചികിത്സ തേടണം. അല്ലെങ്കിൽ ആജീവനാന്ത പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നാണ് ഡോക്ടർമാർ വ്യക്തമാകുന്നത്. കണ്ണട, കോൺടാക്റ്റ് ലെൻസുകൾ എന്നിവ ഇതിനു പ്രതിവിധിയായി നൽകുന്നുണ്ട്. സർജറിയും ഡോക്ടർമാർ നിർദേശിക്കുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ചു 2050 ആകുമ്പോഴേക്കും ആഗോള ജനസംഖ്യയുടെ പകുതിയും മയോപിയ രോഗികൾ കൊണ്ട് നിറയും എന്നാണ് കണക്ക്.
ഇതിന് പ്രതിവിധികളും നിർദേശിക്കുന്നുണ്ട്… ഓരോ 20 മിനിറ്റിലും, 20 അടി അകലെയുള്ള എന്തെങ്കിലും വസ്തുവിനെ 20 സെക്കൻഡ് നേരമെങ്കിലും നോക്കാൻ കുട്ടികളെ പ്രേരിപ്പിക്കുക, ദിവസവും കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും ഔട്ട്ഡോർ കളികൾ പ്രോത്സാഹിപ്പിക്കുക. ഇതവരുടെ തിളങ്ങുന്ന കണ്ണുകൾ മങ്ങാതെ കാക്കും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here