ഡി.സി.സി പ്രസിഡന്റ് സ്ഥാനം രാജിവച്ച് എൻ.ശക്തൻ; ലക്ഷ്യം നിയമസഭയും മന്ത്രിസ്ഥാനവും

നിയമസഭാ മത്സരത്തിലേക്കുള്ള അവകാശവാദം ഉറപ്പിക്കാൻ ഡിസിസി അദ്ധ്യക്ഷപദവി ഒഴിഞ്ഞ് എൻ ശക്തൻ എന്ന ശക്തൻ നാടാർ. തിരുവന്തപുരത്തെ പ്രമുഖമായ നാടാർ സമുദായത്തെ അവഗണിച്ച് മുന്നോട്ടുപോകാൻ കോൺഗ്രസിന് കഴിയാത്ത സാഹചര്യത്തിൽ ശക്തൻ ഏറെക്കുറെ സീറ്റ് ഉറപ്പിച്ചിട്ടുണ്ട്. മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ അവകാശം വേണമെന്നതും കണക്കിലെടുത്താണ് ഇപ്പോഴത്തെ രാജി എന്നതാണ് സൂചന.

ബിജെപി അനുകൂല പ്രസ്താവന നടത്തിയെന്ന പേരിൽ മുൻ പ്രസിഡൻ്റ് പാലോട് രവിയെ രാജി വയ്പ്പിച്ചതിന് പിന്നാലെയാണ് 10 ദിവസത്തേക്കെന്ന് പറഞ്ഞ് ശക്തനെ നിയമിച്ചത്. മൂന്ന് മാസമായിട്ടും ചുമതല ഒഴിവാക്കാത്ത സാഹചര്യത്തിലാണ് രാജി. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്കായി ജില്ലയിലാകമാനം പ്രവർത്തനം നടത്തുന്ന ഒരാളെ നിയമിക്കണമെന്നാണ് ആവശ്യം. കെ.പി.സി.സി വൈസ് പ്രസിഡൻ്റ് പദവി തിരികെ വേണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

രാജി സമർപ്പിച്ചെങ്കിലും കെ.പി.സി.സി നേതൃത്വം സ്വീകരിച്ചിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പ് പൂർത്തിയാകുംവരെ ശക്തനോട് തുടരാൻ നേതൃത്വം ആവശ്യപ്പെട്ടേക്കും എന്നാണ് വിവരം. അദ്ദേഹവുമായി അനുനയ ചർച്ചകൾ നടത്താൻ കെ.പി.സി.സി പ്രസിഡൻ്റ് സണ്ണി ജോസഫ് ഉൾപ്പെടെയുള്ളവർ ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. നിയമസഭയിലേക്ക് മത്സരിക്കാനുള്ള താത്പര്യം അദ്ദേഹം നേരത്തെ തന്നെ പ്രകടിപ്പിച്ചിരുന്നു.

1982ൽ നേമത്ത് നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് ആദ്യം നിയമസഭയിലെത്തിയത്. പിന്നീട് രണ്ടുതവണ നേമത്ത് നിന്നും ഒരു തവണ കാട്ടാക്കടയിൽ നിന്നും ജയിച്ചു. 2004-06 വരെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായിരുന്നു. 2011 മുതലുള്ള സർക്കാരിൻ്റെ കാലത്ത് ആദ്യം ഡെപ്യൂട്ടി സ്പീക്കറും പിന്നീട് സ്പീക്കറും ആയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top