നഖങ്ങൾ പിഴുതെടുത്തു, വാരിയെല്ലുകൾ ഒടിച്ചു! പത്തുവയസ്സുകാരി നേരിട്ടത് ക്രൂരമർദനം; സിആർപിഎഫ് കോൺസ്റ്റബിളും ഭാര്യയും അറസ്റ്റിൽ

സിആർപിഎഫ് ക്യാമ്പിൽ പത്തുവയസ്സുകാരിയായ കുട്ടിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ സിആർപിഎഫ് കോൺസ്റ്റബിളിനെയും ഭാര്യയെയും പോലീസ് അറസ്റ്റ് ചെയ്തു. ക്രൂരമായ മർദനമേറ്റ പെൺകുട്ടി നിലവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. ഇവരുടെ ബന്ധുവാണ് ഈ പെൺകുട്ടി.

ഗ്രേറ്റർ നോയിഡയിലെ സിആർപിഎഫ് ക്യാമ്പിൽ താമസിപ്പിച്ചിരുന്ന കുട്ടിയെ ദമ്പതികൾ നിരന്തരമായി പീഡിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഞെട്ടിക്കുന്ന മെഡിക്കൽ റിപ്പോർട്ട് ആണ് പുറത്തുവന്നത്. കുട്ടിയുടെ ശരീരത്തിലെ ഹീമോഗ്ലോബിൻ അളവ് 1.9 ആയി കുറഞ്ഞു. വാരിയെല്ലുകൾ ഒടിഞ്ഞ നിലയിലാണ്. പല്ലുകൾ തകരുകയും നഖങ്ങൾ പിഴുതെടുക്കുകയും ചെയ്ത നിലയിൽ കണ്ടെത്തി. കുട്ടിയെക്കൊണ്ട് വീട്ടുജോലികൾ മുഴുവൻ ചെയ്യിപ്പിച്ചിരുന്നതായും പരാതിയുണ്ട്.

ജനുവരി 15ന് പുലർച്ചെ രണ്ട് മണിയോടെ കുട്ടി കുളിമുറിയിൽ വീണതാണെന്ന് പറഞ്ഞാണ് ദമ്പതികൾ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ കുട്ടിയുടെ ശരീരത്തിലെ ഗുരുതരമായ പരിക്കുകൾ കണ്ട ഡോക്ടർമാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് പറഞ്ഞ് കുട്ടിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാൻ കോൺസ്റ്റബിൾ ശ്രമിച്ചെങ്കിലും പിന്നീട് പോലീസ് ഇടപെട്ട് കുട്ടിയെ സെക്ടർ 128ലെ മാക്സ് ആശുപത്രിയിലേക്ക് മാറ്റി.

ഇവർക്കെതിരെ കൊലപാതകശ്രമത്തിന് പോലീസ് കേസെടുത്തു. പ്രതിയായ കോൺസ്റ്റബിളിനെ സിആർപിഎഫ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. നോയിഡയിലെ സിആർപിഎഫ് ആശുപത്രിയിൽ ഫസ്റ്റ് എയ്ഡറായി ജോലി ചെയ്തുവരികയായിരുന്നു ഇയാൾ. അന്വേഷണത്തിന് പൂർണ്ണ സഹകരണം നൽകുമെന്നും കുട്ടിയുടെ ചികിത്സാ ചെലവുകൾ ഏറ്റെടുക്കുമെന്നും സിആർപിഎഫ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. നിലവിൽ ഉത്തർപ്രദേശ് പോലീസ് കുട്ടിയുടെ സുരക്ഷയ്ക്കായി ആശുപത്രിയിൽ നിലയുറപ്പിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top