നന്തന്‍കോട് കൂട്ടക്കൊലയില്‍ കേഡല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരന്‍; ശിക്ഷ നാളെ

നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ ഏകപ്രതി കേഡല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം ആറാം അഡിഷണല്‍ സെഷന്‍സ് കോടതി നാളെ ശിക്ഷ വിധിക്കും. റിട്ടയേര്‍ഡ് പ്രൊഫസര്‍ രാജ തങ്കം, ഭാര്യ ഡോ. ജീന്‍ പദ്മം, മകള്‍ കാരോള്‍, ബന്ധു ലളിതാ ജീന്‍ എന്നിവരെയാണ് കേഡല്‍ കൊലപ്പെടുത്തിയത്. 2017 ഏപ്രില്‍ അഞ്ചിനാണ് കേരളത്തെ നടുക്കിയ കൂട്ടക്കൊലപാതകങ്ങള്‍ നടന്നത്.

അമ്മ ജീന്‍ പത്മത്തെയാണ് കേഡല്‍ ആദ്യം കൊലപ്പെടുത്തിയത്. താന്‍ നിര്‍മ്മിച്ച വീഡിയോ ഗെയിം കാണിക്കാന്‍ എന്ന വ്യാജേന അമ്മയെ മുകളിലത്തെ കിടപ്പുമുറിയില്‍ എത്തിച്ചു കസേരയില്‍ ഇരുത്തിയശേഷം മഴുകൊണ്ട് തലയ്ക്കു പുറകില്‍ വെട്ടുകയായിരുന്നു. മൃതദേഹം കിടപ്പുമുറിയില്‍ ഒളിപ്പിച്ച ശേഷം ഒന്നും സംഭവിക്കാത്തത് പോലെ താഴെയെത്തിയ പ്രതി അന്ന് വൈകിട്ടോടെ അച്ഛന്‍ രാജ തങ്കത്തെയും സഹോദരി കാരോളിനെയും തലയ്ക്കു പിന്നില്‍ വെട്ടി കൊലപ്പെടുത്തി.

വീട്ടില്‍ ഉണ്ടായിരുന്ന ബന്ധു ലളിതയും ജോലിക്കാരിയും മറ്റുള്ളവരെപ്പറ്റി അന്വേഷിച്ചപ്പോള്‍ വിനോദയാത്ര പോയെന്ന് മറുപടി നല്‍കി. അടുത്ത ദിവസം ലളിതയെ കൊലപ്പെടുത്തി. ഒരേ മഴു ഉപയോഗിച്ചാണ് എല്ലാ കൊലയും നടത്തിയത്. രണ്ട് ദിവസം ഒളിപ്പിച്ച മ്യതദേഹങ്ങള്‍ കത്തിക്കാന്‍ ശ്രമിച്ചതോടെയാണ് പുറത്തറിഞ്ഞത്. തീ ആളുന്നത് കണ്ട് അയല്‍ക്കാര്‍ ഫയർഫോഴ്സിൽ വിവരം അറിയിച്ചു. തുടർന്ന് അവരെത്തി തീ അണക്കുമ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. അപ്പോഴേക്ക് കേഡല്‍ കടന്നുകളഞ്ഞു.

തമിഴ്‌നാട്ടിലേക്ക് മുങ്ങിയ പ്രതി തിരികെ വരുന്ന വഴി പോലീസിന്റെ പിടിയിലായി. ആസ്ട്രല്‍ പ്രൊജക്ഷനിലൂടെ ആത്മാവിനെ മോചിപ്പിക്കാനുള്ള പരീക്ഷണം എന്ന് ആദ്യം മൊഴി നല്‍കി പോലീസിനെ തെറ്റിദ്ധരിപ്പിച്ച പ്രതി, വിശദമായ ചോദ്യം ചെയ്യലില്‍ വീട്ടിലെ സാഹചര്യങ്ങളാണ് കൂട്ടക്കൊലക്ക് പ്രേരിപ്പിച്ചതെന്ന് മൊഴി നല്‍കി. നാളുകളായുള്ള ആസൂത്രണത്തിന് ശേഷമാണ് കൃത്യം നടത്തിയതെന്ന് പോലീസ് കണ്ടെത്തി. ഇത് കോടതിയില്‍ തെളിയിക്കാനും കഴിഞ്ഞു. മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് വാദിച്ച് രക്ഷപ്പെടാന്‍ പ്രതി ശ്രമിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top