കരിയർ നശിപ്പിക്കുമെന്ന് ഭീഷണി! ഷൂട്ടിങ് താരത്തെ പീഡിപ്പിച്ച ദേശീയ പരിശീലകന് സസ്പെൻഷൻ

പ്രായപൂർത്തിയാകാത്ത ഷൂട്ടിങ് താരത്തെ ഹോട്ടൽ മുറിയിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ച പരാതിയിൽ ദേശീയ ഷൂട്ടിങ് പരിശീലകൻ അങ്കുഷ് ഭരദ്വാജിനെ സസ്‌പെൻഡ് ചെയ്തു. ഹരിയാന പോലീസാണ് ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തത്.
പരാതി നൽകിയ 17കാരി കഴിഞ്ഞ വർഷം മുതലാണ് അങ്കുഷിന് കീഴിൽ പരിശീലനം ആരംഭിച്ചത്. ഡിസംബർ 16ന് ഡൽഹിയിൽ നടന്ന ദേശീയ ഷൂട്ടിങ് മത്സരത്തിന് ശേഷം, കുട്ടിയുടെ പ്രകടനം വിലയിരുത്താനെന്ന വ്യാജേന ഇയാൾ ഫരീദാബാദിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് വിളിച്ചുവരുത്തി.
ഹോട്ടൽ ലോബിയിൽ കാത്തിരുന്ന പെൺകുട്ടിയെ ഇയാൾ നിർബന്ധപൂർവ്വം തന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും അവിടെ വെച്ച് പീഡിപ്പിക്കുകയും ചെയ്തു എന്നാണ് പരാതി. കുട്ടി എതിർത്തപ്പോൾ, ഈ വിവരം പുറത്തുപറഞ്ഞാൽ കരിയർ നശിപ്പിക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായും എഫ്ഐആറിൽ പറയുന്നു.
സംഭവത്തിന് ശേഷം മാനസികമായി തകർന്ന പെൺകുട്ടി അമ്മയോട് കാര്യങ്ങൾ തുറന്നു പറയുകയായിരുന്നു. തുടർന്നാണ് കുടുംബം പോലീസിനെ സമീപിച്ചത്. പീഡനവിവരം പുറത്തുവന്നതോടെ നാഷണൽ റൈഫിൾ അസോസിയേഷൻ ഇയാളെ സ്ഥാനത്തുനിന്ന് നീക്കി. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്.
2008ലെ കോമൺവെൽത്ത് യൂത്ത് ഗെയിംസിൽ സ്വർണ്ണ മെഡൽ ജേതാവാണ് അങ്കുഷ് ഭരദ്വാജ്. 2010ൽ നിരോധിത മരുന്ന് ഉപയോഗിച്ചതിന് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ ഇയാളെ വിലക്കിയിരുന്നു. പിന്നീട് 2012ൽ തിരിച്ചെത്തി അന്താരാഷ്ട്ര മെഡലുകൾ നേടി. നാഷണൽ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യ (NRAI) നിയമിച്ച 13 ദേശീയ പിസ്റ്റൾ പരിശീലകരിൽ ഒരാളാണ്. ചണ്ഡിഗഡിലും മൊഹാലിയിലും സ്വന്തമായി ഷൂട്ടിങ് അക്കാദമികൾ നടത്തുന്നുണ്ട്. പ്രശസ്ത ഷൂട്ടിങ് താരം അഞ്ജും മൗദ്‌ഗിലാണ് ഭാര്യ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here