ഗാന്ധി കുടുംബത്തിന് ആശ്വാസം, ഇഡിക്ക് തിരിച്ചടി! നാഷണൽ ഹെറാൾഡ് കേസ് ഡൽഹി കോടതി തള്ളി

നാഷണൽ ഹെറാൾഡ് കേസിൽ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ ഉൾപ്പെടെ ഏഴുപേർക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ കള്ളപ്പണം വെളുപ്പിക്കൽ കേസ് ഡൽഹി കോടതി തള്ളി. ഇഡിയുടെ കേസ് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി നൽകിയ സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തിൽ മാത്രം വന്നതാണ്. അല്ലാതെ എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷമല്ല. അതിനാൽ ഈ കേസ് നിലനിൽക്കില്ല എന്നാണ് കോടതി പറഞ്ഞത്.
ഇതേ കേസിൽ ഡൽഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (EOW) നേരത്തെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിനാൽ, ഇപ്പോൾ ഇഡി കേസിൽ വിധി പറയുന്നത് ശരിയല്ല എന്നാണ് കോടതി പറഞ്ഞത്. എന്നാൽ, ഇഡി ഈ ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് അറിയിച്ചു. എങ്കിലും അന്വേഷണവുമായി മുന്നോട്ട് പോകാൻ ഇഡിക്ക് കോടതി അനുമതി നൽകിയിട്ടുണ്ട്. സത്യം വിജയിച്ചെന്നും മോദി സർക്കാരിന്റെ രാഷ്ട്രീയ പകപോക്കലാണ് പൊളിഞ്ഞതെന്നും കോൺഗ്രസ് പ്രതികരിച്ചു. എന്നാൽ കോൺഗ്രസ് പരിഭ്രാന്തിയിലാണെന്നാണ് ബിജെപി മറുപടി നൽകിയത്.
ജവഹർലാൽ നെഹ്‌റു തുടങ്ങിയ ‘നാഷണൽ ഹെറാൾഡ്’ പത്രത്തിന്റെ ഉടമസ്ഥതയിലുള്ള AJL എന്ന കമ്പനിക്ക് ഇന്ത്യയുടെ പല ഭാഗത്തും വലിയ സ്ഥലങ്ങളും കെട്ടിടങ്ങളുമുണ്ടായിരുന്നു. ഏകദേശം 5000 കോടി വരെയുള്ള ആസ്തികളാണ് കമ്പനിക്ക് ഉണ്ടായിരുന്നത്. ഈ സ്വത്തുക്കളാണ് ഗാന്ധി കുടുംബം ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ചേർന്ന് 50 ലക്ഷം മാത്രം നൽകി തട്ടിയെടുക്കാൻ ശ്രമിച്ചത് എന്നാണ് പ്രധാന ആരോപണം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here