ഗാന്ധി കുടുംബം വീണ്ടും കുരുക്കിൽ! നാഷണൽ ഹെറാൾഡ് ഇടപാടിൽ പുതിയ എഫ്ഐആർ; രാഹുലും സോണിയയും പ്രതികൾ

നാഷണൽ ഹെറാൾഡ് ഇടപാടിൽ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമെതിരെ പുതിയ കേസ്. ഡൽഹി പൊലീസിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് (EOW) ഗൂഢാലോചനാകുറ്റം ചുമത്തി പുതിയ എഫ്ഐആർ റജിസ്റ്റർ ചെയ്തത്. ആറുപേരെയാണ് പ്രതിസ്ഥാനത്ത് കാണിച്ചിരിക്കുന്നത്. ഇടപാട് അന്വേഷിക്കുന്ന എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് പുതിയ കേസ്.

ഒക്ടോബർ 3ന് റജിസ്റ്റർ ചെയ്ത പുതിയ എഫ്ഐആർ പ്രകാരം സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, സാം പിത്രോദ, സുമൻ ദുബെ, സുനിൽ ഭണ്ഡാരി, കൂടാതെ മറ്റൊരാളും ആണ് പ്രതിപ്പട്ടികയിൽ ഉള്ളത്. അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് (AJL), യങ് ഇന്ത്യൻ, ഡോട്ടെക്‌സ് മർച്ചന്‍റൈസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ മൂന്ന് കമ്പനികളുടെ പേരുകളും എഫ്ഐആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ദേശീയ പത്രമായിരുന്ന നാഷണൽ ഹെറാൾഡിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന്റെ (AJL) കോടികൾ വില വരുന്ന ആസ്തി സോണിയയും രാഹുലും ഡയറക്ടർമാരായ യങ് ഇന്ത്യൻ എന്ന കമ്പനി തട്ടിയെടുത്തുവെന്നാണ് കേസ്. ബിജെപി നേതാവ് സുബ്രഹ്‌മണ്യൻ സ്വാമിയുടെ പരാതിയിലാണ് ഇഡി കേസ് എടുത്തത്.

കൊൽക്കത്ത ആസ്ഥാനമായുള്ള ഷെൽ കമ്പനിയായ ഡോട്ടെക്സ് മർച്ചന്‍റൈസ്, യങ് ഇന്ത്യൻ എന്ന കമ്പനിക്ക് 1 കോടി രൂപ നൽകിയെന്നാണ് വിവരം. സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും 76 ശതമാനം ഓഹരിയുള്ള കമ്പനിയാണ് യങ് ഇന്ത്യൻ. ഈ ഇടപാടിലൂടെ, യങ് ഇന്ത്യൻ 50 ലക്ഷം രൂപ കോൺഗ്രസ് പാർട്ടിക്ക് നൽകുകയും, ഏകദേശം 2,000 കോടി രൂപയുടെ ആസ്തിയുള്ള AJL-ന്റെ നിയന്ത്രണം നേടുകയും ചെയ്തു എന്നാണ് ആരോപണം.

2012ലാണ് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി ഈ വിഷയത്തിൽ പരാതി നൽകിയത്. ജവാഹർലാൽ നെഹ്‌റുവും മറ്റ് സ്വാതന്ത്ര്യസമര സേനാനികളും ചേർന്ന് 1938-ൽ സ്ഥാപിച്ച പത്രമാണ് നാഷണൽ ഹെറാൾഡ്. സാമ്പത്തിക പ്രതിസന്ധി കാരണം 2008-ൽ പത്രം പ്രവർത്തനം നിർത്തി. ഈ സമയം മാതൃകമ്പനിയായ AJLന് 90 കോടി രൂപയുടെ കടമുണ്ടായിരുന്നു. ഈ പ്രതിസന്ധി മറികടക്കാൻ കോൺഗ്രസ് പാർട്ടി AJLന് 90 കോടി രൂപ വായ്പ നൽകി.

ഈ വായ്പ തിരിച്ചടയ്ക്കാൻ AJLന് കഴിഞ്ഞില്ലെന്നും, അതുകൊണ്ട് വായ്പ ഓഹരികളാക്കി മാറ്റിയെന്നുമാണ് കോൺഗ്രസ് വാദം. പാർട്ടിക്ക് ഓഹരികൾ സ്വന്തമാക്കാൻ കഴിയാത്തതിനാൽ 2010ൽ രൂപീകരിച്ച യങ് ഇന്ത്യൻ എന്ന കമ്പനിക്ക് ഓഹരികൾ കൈമാറി. ഇങ്ങനെ യങ് ഇന്ത്യൻ AJLന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കുകയും, ഗാന്ധി കുടുംബം അതിന്റെ ഡയറക്ടർമാരാവുകയും ചെയ്തു. ഡൽഹി കോടതി ഈ കേസിൽ വിധി പ്രസ്താവിക്കുന്നത് ഡിസംബർ 16ലേക്ക് മാറ്റിവെച്ചതിന് പിന്നാലെയാണ് പുതിയ എഫ്ഐആർ പുറത്തുവന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top