ദേശീയപാത നിര്‍മ്മാണം 2025ല്‍ പൂര്‍ത്തിയാക്കും; മുഖ്യമന്ത്രിക്ക് നിതിന്‍ ഗഡ്കരിയുടെ ഉറപ്പ്; തകര്‍ച്ചയിലും നടപടി

കാസര്‍കോട് – തിരുവനന്തപുരം ദേശീയപാത നിര്‍മാണം 2025 ഡിസംബറില്‍ തന്നെ പൂര്‍ത്തിയാക്കുമെന്ന് കേന്ദ്ര ഉപരിതലഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ഉറപ്പു നല്‍കിയതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. മുഖ്യമന്ത്രി പിണറായി വിജയനുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ ഉറപ്പ് നല്‍കിയത്. കൂരിയാട് അടക്കം നിര്‍മ്മാണത്തില്‍ ഇരിക്കുന്ന ദേശീയപാത തകര്‍ന്നതില്‍ കര്‍ശനമായ നടപടി സ്വീകരിക്കും.
നിര്‍മാണപ്രവൃത്തിയിലുണ്ടായ വീഴ്ചകളെ കുറിച്ചും അതിനെതിരെ സ്വീകരിച്ച നടപടികളെ കുറിച്ചും നാഷണല്‍ ഹൈവേ അതോറിറ്റിയുടെ ഉത്തരവാദിത്വപ്പെട്ടവര്‍ വിശദീകരിച്ചു കൂരിയാട് ഉള്‍പ്പെടെ നിര്‍മാണത്തില്‍ വരുത്താനിരിക്കുന്ന മാറ്റങ്ങളെ കുറിച്ച് വിശദമായി ചര്‍ച്ച ചെയ്തതായും റിയാസ് പറഞ്ഞു.
എന്തെങ്കിലും തെറ്റായ പ്രവണതകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ഒരു തരത്തിലും സന്ധി ചെയ്യരുതെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ഇക്കാര്യം കേന്ദ്രത്തേയും അറിയിച്ചു. നിര്‍മാണത്തില്‍ ഒരുതരത്തിലുള്ള അപാകതയും ഉണ്ടാകാതിരിക്കാന്‍ ഇടപെടുമെന്ന് നിതിന്‍ ഗഡ്കരി മുഖ്യമന്ത്രിയ്ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്. നിരവധി പ്രതിസന്ധികള്‍ അതിജീവിച്ചാണ് കേരളം നിര്‍മ്മാണഘട്ടം വരെ കാര്യങ്ങള്‍ എത്തിച്ചത്. പദ്ധതി മുടങ്ങില്ല. എവിടെയെങ്കിലും എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അതുപരിഹരിച്ച് മുന്നോട്ടുപോകുമെന്നും റിയാസ് വ്യക്തമാക്കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here