ബാസ്കറ്റ്ബോൾ പോസ്റ്റ് നെഞ്ചിൽ വീണ് ദേശീയ താരം മരിച്ചു; ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ഹരിയാനയിലെ റോഹ്തക്കിൽ പരിശീലനത്തിനിടെ ബാസ്കറ്റ്ബോൾ പോസ്റ്റ് നെഞ്ചിൽ വീണ് ദേശീയ താരത്തിന് ദാരുണാന്ത്യം. 16 വയസ്സുള്ള ഹാർദിക് ആണ് മരിച്ചത്. ലഖൻ മാജ്‌റയിലെ കോർട്ടിൽ പരിശീലിക്കുന്നതിനിടെയാണ് ഹാർദിക്കിന് അപകടം സംഭവിച്ചത്. ഉറപ്പിച്ചു നിർത്തിയിട്ടില്ലായിരുന്ന പോസ്റ്റ് മുന്നോട്ട് മറിയുകയും ഹാർദികിന്റെ നെഞ്ചിൽ വീഴുകയുമായിരുന്നു. സുഹൃത്തുക്കൾ ഉടൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സുഹൃത്തുക്കൾ വിശ്രമിക്കാൻ പോയസമയത് ഹർദിക് കോർട്ടിൽ തനിച്ചാണ് പരിശീലിച്ചത്. ഇതിനിടയിലാണ് അപകടം സംഭവിച്ചത്. സുഹൃത്തുക്കൾ ഉടൻ കോർട്ടിലേക്ക് ഓടിയെത്തി പോസ്റ്റ് ഉയർത്തി ഹാർദിക്കിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും വലിയ പരിക്കുകൾ ഉണ്ടായിരുന്നു. വൈകാതെ തന്നെ മരണം സംഭവിച്ചു.
ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഹാർദിക് അടുത്തിടെ മറ്റൊരു പരിശീലന ക്യാമ്പിൽ നിന്ന് തിരിച്ചെത്തിയതായിരുന്നു. ഹാർദിക്കും ഇളയ സഹോദരനും വീടിനടുത്തുള്ള സ്‌പോർട്‌സ് ക്ലബ്ബിൽ പരിശീലനം നടത്തി വരികയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബത്തിന് കൈമാറി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അതേസമയം, സമാനമായ മറ്റൊരു സംഭവം ഹരിയാനയിലെ ബഹദൂർഗഡ് ജില്ലയിലും നടന്നു. സ്റ്റേഡിയത്തിൽ പരിശീലിക്കുകയായിരുന്ന 15 വയസ്സുകാരൻ അമന്റെ ദേഹത്തും ബാസ്കറ്റ്ബോൾ പോസ്റ്റ് വീണു. ഗുരുതര പരിക്കേറ്റ അമൻ റോഹ്തക്കിലെ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു. അമന് ഡോക്ടർമാർ ശരിയായ പരിചരണം നൽകിയില്ലെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു.
പത്താം ക്ലാസ് വിദ്യാർത്ഥിയായ അമൻ അടുത്തിടെ സ്കൂളിലെ കായികമേളയിൽ മെഡൽ നേടിയിരുന്നു. തുടർച്ചയായ ഈ രണ്ട് യുവ കളിക്കാരുടെ മരണങ്ങളും ഹരിയാനയിലെ പൊതു കായിക അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള ആശങ്ക ഉയർത്തുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here