നാഥനില്ലാത്ത ദേശീയ ന്യൂനപക്ഷ കമ്മീഷന്‍; ഒഴിവുകള്‍ നികത്താന്‍ ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനും താല്‍പര്യമില്ല

ദേശീയ ന്യൂനപക്ഷ കമ്മീഷനില്‍ പരാതികള്‍ക്ക് പരിഹാരമില്ല. ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പടെയുള്ള അംഗങ്ങളുടെ ഒഴിവുകള്‍ നികത്താത്തതിനാല്‍ കമ്മീഷന്‍ പൂര്‍ണമായും പ്രവര്‍ത്തനരഹിതമാണ് എന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പുമന്ത്രി കിരണ്‍ റിജിജു രാജ്യസഭയില്‍ വവ്യക്തമാക്കി. എഎ റഹിം എംപിയുടെ ചോദ്യത്തിനനാണ് മന്ത്രിയുടെ മറുപടി. 2017ല്‍ പരിഹരിക്കാനുണ്ടായിരുന്നത് കേവലം മൂന്ന് പരാതികളായിരുന്നു. 2024- 25 ആയപ്പോഴേക്കും 217 ആയി പരാതികള്‍ വര്‍ദ്ധിച്ചുവെന്നും മന്ത്രി പറഞ്ഞു.

ന്യൂനപക്ഷങ്ങള്‍ക്കെതിരായുള്ള അതിക്രമങ്ങളും വിവേചനങ്ങളും അന്വേഷിച്ച് നടപടി എടുക്കാനുള്ള നിയമ സംവിധാനമാണ് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍. ചെയര്‍പേഴ്‌സണ്‍ ഇക്ബാല്‍ സിംഗ് ഈ വര്‍ഷം ഏപ്രിലില്‍ രാജിവെച്ച ശേഷം കമ്മീഷന്റെ പ്രവര്‍ത്തനം സമ്പൂര്‍ണ്ണമായി പ്രവര്‍ത്തനരഹിതമാണ്. ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍പേഴ്‌സണ്‍ എന്നിവര്‍ക്കു പുറമെ പാഴ്‌സി, മുസ്ലീം, ബുദ്ധിസ്റ്റ്, ജെയിന്‍, സിഖ്, ക്രിസ്ത്യന്‍ എന്നി പ്രധാന ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പ്പെട്ടവരാണ് കമ്മീഷനിലെ അംഗങ്ങള്‍. കഴിഞ്ഞ അഞ്ച് വര്‍ഷമായി ക്രിസ്ത്യന്‍ വിഭാഗത്തെ പ്രതിനിധീകരിക്കാന്‍ ആളില്ലാത്ത അവസ്ഥയാണ്. കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യനാണ് ഏറ്റവും ഒടുവില്‍ അംഗമായ ക്രൈസ്തവ പ്രതിനിധി. കമ്മീഷനിലെ ഒഴിവുകള്‍ നികത്താന്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന എഐഎഡിഎംകെ അംഗം ഇമ്പ ദുരൈയുടെ ചോദ്യത്തിന് മന്ത്രി വ്യക്തമായ മറുപടി പറഞ്ഞില്ല. അര്‍ദ്ധ ജുഡീഷ്യല്‍ അധികാരമുള്ള സ്ഥാപനത്തെ പ്രവര്‍ത്തനക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് താല്‍പര്യമില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ന്യൂനപക്ഷങ്ങളുടെയും അവരുടെ സ്ഥാപനങ്ങളുടെയും വിദ്യാഭ്യാസ അവകാശം സംരക്ഷിക്കാനായി 2004ല്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ രൂപീകരിച്ച ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷനിലും ന്യൂനപക്ഷ പ്രാതിനിധ്യം ഇല്ലാതായിട്ടു വര്‍ഷങ്ങളായി. യുപിഎ സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര മാനവശേഷി മന്ത്രാലയത്തിനു കീഴില്‍ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ രൂപീകരിച്ച അര്‍ദ്ധ ജുഡീഷല്‍ സ്ഥാപനമായ ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്റെ സ്ഥിതിയും ദയനീയമാണ്. മുന്‍ ചെയര്‍പേഴ്‌സണ്‍ റിട്ട. ജസ്റ്റീസ് നരേന്ദര്‍ കുമാര്‍ ജെയിന്‍ 2023 സെപ്റ്റംബറില്‍ കാലാവധി പൂര്‍ത്തിയാക്കിയതിനുശേഷം രണ്ടു വര്‍ഷത്തോളമായി ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷനില്‍ സാഹിദ് അക്തര്‍ എന്ന ഒറ്റയംഗം മാത്രമാണുള്ളത്.

നിയമനങ്ങള്‍ വൈകുന്നത് ദേശീയ ന്യൂനപക്ഷ കമ്മീഷന്റേയും ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്റേയും പ്രവര്‍ത്തനത്തെയും ബാധിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ചുള്ള കേന്ദ്രസര്‍ക്കാരിന്റെ ഉപദേശക സമിതികൂടിയാണ് ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്‍. വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷനില്‍ മൂന്ന് അംഗങ്ങളും ഹൈക്കോടതിയില്‍നിന്നു വിരമിച്ച ജഡ്ജിയുടെ റാങ്കിലുള്ള ചെയര്‍പേഴ്‌സണും ഉണ്ടാകണമെന്നാണു വ്യവസ്ഥ. വിദ്യാഭ്യാസ കമ്മീഷനിലെ ഒഴിവുകള്‍ നികത്താന്‍ സര്‍ക്കാരിന് താല്‍പര്യമില്ലെന്നാണ് കരുതേണ്ടത്. പഞ്ചായത്ത്,നിയമസഭ തിരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കുന്ന വേളയില്‍ ബിജെപിയുടെ ന്യൂനപക്ഷ പ്രേമത്തിലെ ഇരട്ടത്താപ്പ് തുറന്ന് കാണിക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top