ന്യൂനപക്ഷ കമ്മീഷനെ വെട്ടിനിരത്തി ബിജെപി സര്‍ക്കാര്‍; അധ്യക്ഷനും അംഗങ്ങളുമില്ലാത്ത അസ്ഥിപഞ്ജരം; വിമര്‍ശിച്ച് ദീപിക

ന്യൂനപക്ഷ സംരക്ഷണത്തിന്റെ കാവല്‍പ്പുരകള്‍ ഒന്നൊന്നായി കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ പൊളിച്ചു നീക്കുകയാണെന്ന് കത്തോലിക്ക സഭയുടെ മുഖപത്രമായ ദീപിക. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ ഇത്ര അരക്ഷിതമായ ഒരു കാലം ഇതിന് മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. ബിജെപി അധികാരത്തിലെത്തിയതോടെ ന്യൂനപക്ഷ കമ്മീഷന്റെ ആവശ്യമില്ലെന്ന തോന്നല്‍ അവര്‍ക്കുണ്ടായതായി ദീപിക എഡിറ്റോറിയല്‍ കുറ്റപ്പെടുത്തുന്നു.
അധ്യക്ഷനും അംഗങ്ങളുമില്ലാതെ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ പ്രവര്‍ത്തന രഹിതമായ അവസ്ഥയിലാണ്. അതിലുപരി അഞ്ചു വര്‍ഷമായി ക്രൈസ്തവ അംഗമില്ലാതെയാണ് കമ്മീഷന്‍ പ്രവര്‍ത്തിച്ചു പോരുന്നത്. ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനായി അര്‍ധ ജുഡീഷ്യല്‍ അധികാരത്തോടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ച കമ്മീഷന്‍ ഫലത്തില്‍ നോക്കുകുത്തിയായ പശ്ചാത്തലത്തിലാണ് ‘ ആളൊഴിയുന്ന കാവല്‍പ്പുരകള്‍ ‘ എന്ന മുഖപ്രസംഗത്തിലൂടെ കേന്ദ്ര സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ വിരുദ്ധതയെ തുറന്ന് കാണിക്കുന്നത്. 2020 മാര്‍ച്ച് 31ന് ജോര്‍ജ് കുര്യന്‍ വിരമിച്ച ശേഷം ദേശീയ ന്യൂന പക്ഷ കമ്മീഷനില്‍ ക്രൈസ്തവര്‍ക്ക് പ്രാതിനിധ്യമില്ലാതായി.
ന്യൂനപക്ഷങ്ങളുടെ കാര്യമായതുകൊണ്ട് അതൊരു അനീതിയായി കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിനു തോന്നിയിട്ടുണ്ടാകില്ല. പക്ഷേ, ന്യൂനപക്ഷങ്ങളുടെ കാര്യം അങ്ങനെയല്ലല്ലോ. തങ്ങള്‍ കൂടുതല്‍ പാര്‍ശ്വവത്കരിക്കപ്പെട്ടെന്ന തോന്നലുണ്ട്. ഒരു ചേര്‍ത്തുനിര്‍ത്തലിന്റെ ഭാഗമായി കമ്മീഷനെ സജീവമാക്കിയാല്‍ അതൊരു ‘രാജധര്‍മം’ പാലിക്കലാകും എന്ന് ദീപിക പറയുന്നു. കഴിഞ്ഞ ഏപ്രില്‍ 12നാണ് കാലാവധി പൂര്‍ത്തിയായതോടെ ന്യൂനപക്ഷ കമ്മീഷന്‍ അധ്യക്ഷന്‍ ഇക്ബാല്‍ സിംഗ് ലാല്‍പുര വിരമിച്ചത്. കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോര്‍ജ് കുര്യന്‍ 2020 മാര്‍ച്ചില്‍ വിരമിച്ചതിനുശേഷം ക്രൈസ്തവ പ്രാതിനിധ്യം ഉണ്ടായിരുന്നേയില്ല.
മുസ്ലിം, ക്രിസ്ത്യന്‍, സിക്ക്, ബുദ്ധ, പാഴ്സി, ജൈന സമുദായങ്ങളില്‍ നിന്ന് ഓരോരുത്തരും ഹിന്ദു ഉള്‍പ്പെടെ ഏതെങ്കിലും സമുദായത്തില്‍നിന്ന് ഒരാളുമാണ് കമ്മീഷനില്‍ ഉണ്ടായിരിക്കേണ്ടത്. കമ്മീഷന്റെ വെബ്സൈറ്റില്‍ ഈ അംഗങ്ങളുടെ ഫോട്ടോയും പേരുവിവരങ്ങളും കാണേണ്ടിടത്ത് കാലിയായ ഏഴു കോളങ്ങളാണ് ഇപ്പോഴുള്ളത്. അങ്ങനെ, ന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണത്തിനായി നാഷണല്‍ കമ്മീഷന്‍ ഫോര്‍ മൈനോരിറ്റീസ് ആക്റ്റ് 1992 പ്രകാരം അര്‍ധജുഡീഷല്‍ അധികാരങ്ങളോടെ 1993ല്‍ സ്ഥാപിച്ച ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ഫലത്തില്‍ പ്രവര്‍ത്തനരഹിതമായി. അതൊരു സ്വാഭാവിക പരിണാമം ആയിരുന്നില്ല. വര്‍ഷങ്ങളായി ഓരോ അംഗവും വിരമിച്ചപ്പോഴൊക്കെ കേന്ദ്രസര്‍ക്കാരിനോട് ന്യൂനപക്ഷങ്ങള്‍ ആവശ്യപ്പെട്ടിരുന്നതാണ്. അര്‍ഥഗര്‍ഭമായ നിശബ്ദതയായിരുന്നു ഫലം. 2017ല്‍ അധ്യക്ഷനും മിക്ക അംഗങ്ങളുമില്ലാതെ മാസങ്ങളോളം തുടര്‍ന്നു. ഒടുവില്‍ ഡല്‍ഹി ഹൈക്കോടതി ഇടപെട്ടതിനുശേഷമാണ് പേരിനു നിയമനം നടത്തിയത്. ഇപ്പോള്‍ ഒരംഗവുമില്ലാത്ത അവസ്ഥയിലായെന്ന് ദീപിക കുറ്റപ്പെടുത്തുന്നു.
ഇതുതന്നെയാണ് ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്റെയും അവസ്ഥ. ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ആ സംവിധാനവും നിര്‍വീര്യമാക്കിക്കഴിഞ്ഞു. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിനു കീഴിലുള്ള മറ്റൊരു അര്‍ധജുഡീഷല്‍ സ്ഥാപനമാണത്. 2023 സെപ്റ്റംബറില്‍ അധ്യക്ഷന്‍ റിട്ട. ജസ്റ്റീസ് നരേന്ദര്‍ കുമാര്‍ ജയിന്‍ വിരമിച്ചു. പിന്നെ നിയമനം നടത്തിയിട്ടില്ല. ഷാഹിദ് അക്തര്‍ മാത്രമാണ് രണ്ടു വര്‍ഷമായി ഏക അംഗം. ന്യൂനപക്ഷ കമ്മീഷന്റെ സ്ഥിതി വച്ചാണെങ്കില്‍ അക്തര്‍ വിരമിക്കുന്നതോടെ വിദ്യാഭ്യാസ കമ്മീഷന്റെ വിധിയും മറ്റൊന്നായിരിക്കില്ലെന്നും ദീപിക പറയുന്നു.
ന്യൂനപക്ഷ കമ്മീഷനുകള്‍ നോക്കുകുത്തിയായതോടെ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം മരീചികയായി. രാജ്യത്തു പലയിടത്തും സംഘപരിവാര്‍ ന്യൂനപക്ഷങ്ങളെ ആക്രമിക്കുകയും ബിജെപി നേതാക്കളും എംപിമാരും എംഎല്‍എമാരും അവര്‍ക്കെതിരേ നാസികളെ ഓര്‍മിപ്പിക്കുന്നവിധം വിദ്വേഷപ്രചാരണം ആവര്‍ത്തിക്കുകയും സര്‍ക്കാരുകള്‍ കാഴ്ചക്കാരാകുകയും ചെയ്യുന്ന സ്ഥിതിയാണുള്ളത്. ന്യൂനപക്ഷ കമ്മീഷന്‍ ഉണ്ടെങ്കില്‍ ഇതെല്ലാമങ്ങു തടയപ്പെടുമെന്നു രാജ്യത്താരും കരുതുന്നില്ലെങ്കിലും, സര്‍ക്കാര്‍ നോമിനികളായ അംഗങ്ങള്‍ അത്ര സ്വതന്ത്രരായിരിക്കില്ലെന്ന് അറിയാമെങ്കിലും, പരാതി പറയാന്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഒരു മേല്‍വിലാസമെങ്കിലും ഉണ്ടായിരുന്നു. അതു പോലും ഇല്ലാതായി. കേരളത്തിലെ ബിജെപി നേതാക്കളെങ്കിലും ഇക്കാര്യം ഓര്‍മ്മിപ്പിക്കണമെന്ന് ദീപിക ആവശ്യപ്പെടുന്നുണ്ട്.
ദീപിക മുഖപ്രസംഗത്തിന്റെ പൂര്‍ണ രൂപം
ആളൊഴിയുന്ന കാവല്‍പ്പുരകള്‍ദേശീയ ന്യൂനപക്ഷ കമ്മീഷന്‍, വിദ്യാഭ്യാസ കമ്മീഷന്‍…
ന്യൂനപക്ഷ സംരക്ഷണത്തിന്റെ കാവല്‍പ്പുരകള്‍ ഒന്നൊന്നായി പൊളിച്ചുനീക്കുന്നതിന്റെ ആരവമാണ് ഡല്‍ഹിയില്‍. തങ്ങള്‍ കേവലമൊരു രാഷ്ട്രീയ പാര്‍ട്ടിയല്ലെന്നു മറക്കുന്നു കേന്ദ്രസര്‍ക്കാര്‍. ദേശീയ ന്യൂനപക്ഷ കമ്മീഷന്‍, ഡല്‍ഹി ലോധി റോഡിലെ ഒരു കെട്ടിടമായി മാറി. ഒന്നൊന്നായി അധ്യക്ഷനും ആറ് അംഗങ്ങളും വിരമിക്കുകയും പകരം ആരെയും നിയമിക്കാതിരിക്കുകയും ചെയ്തതോടെ കമ്മീഷന്‍ നിശ്ചലമായി; ഒരു ദയാവധത്തിനൊടുവിലെന്നപോലെ. ന്യൂനപക്ഷങ്ങളുടെ കാര്യമായതുകൊണ്ട് അതൊരു അനീതിയായി കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിനു തോന്നിയിട്ടുണ്ടാകില്ല. പക്ഷേ, ന്യൂനപക്ഷങ്ങളുടെ കാര്യം അങ്ങനെയല്ലല്ലോ. തങ്ങള്‍ കൂടുതല്‍ പാര്‍ശ്വവത്കരിക്കപ്പെട്ടെന്ന തോന്നലുണ്ട്. ഒരു ചേര്‍ത്തുനിര്‍ത്തലിന്റെ ഭാഗമായി കമ്മീഷനെ സജീവമാക്കിയാല്‍ അതൊരു ‘രാജധര്‍മം’ പാലിക്കലാകും. കഴിഞ്ഞ ഏപ്രില്‍ 12നാണ് കാലാവധി പൂര്‍ത്തിയായതോടെ ന്യൂനപക്ഷ കമ്മീഷന്‍ അധ്യക്ഷന്‍ ഇക്ബാല്‍ സിംഗ് ലാല്‍പുര വിരമിച്ചത്. കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോര്‍ജ് കുര്യന്‍ 2020 മാര്‍ച്ചില്‍ വിരമിച്ചതിനുശേഷം ക്രൈസ്തവ പ്രാതിനിധ്യം ഉണ്ടായിരുന്നേയില്ല. മുസ്ലിം, ക്രിസ്ത്യന്‍, സിക്ക്, ബുദ്ധ, പാഴ്സി, ജൈന സമുദായങ്ങളില്‍നിന്ന് ഓരോരുത്തരും ഹിന്ദു ഉള്‍പ്പെടെ ഏതെങ്കിലും സമുദായത്തില്‍നിന്ന് ഒരാളുമാണ് കമ്മീഷനില്‍ ഉണ്ടായിരിക്കേണ്ടത്. കമ്മീഷന്റെ വെബ്സൈറ്റില്‍ ഈ അംഗങ്ങളുടെ ഫോട്ടോയും പേരുവിവരങ്ങളും കാണേണ്ടിടത്ത് കാലിയായ ഏഴു കോളങ്ങളാണ് ഇപ്പോഴുള്ളത്. അങ്ങനെ, ന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണത്തിനായി നാഷണല്‍ കമ്മീഷന്‍ ഫോര്‍ മൈനോരിറ്റീസ് ആക്റ്റ് 1992 പ്രകാരം അര്‍ധജുഡീഷല്‍ അധികാരങ്ങളോടെ 1993ല്‍ സ്ഥാപിച്ച ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ഫലത്തില്‍ പ്രവര്‍ത്തനരഹിതമായി. അതൊരു സ്വാഭാവിക പരിണാമം ആയിരുന്നില്ല. വര്‍ഷങ്ങളായി ഓരോ അംഗവും വിരമിച്ചപ്പോഴൊക്കെ കേന്ദ്രസര്‍ക്കാരിനോട് ന്യൂനപക്ഷങ്ങള്‍ ആവശ്യപ്പെട്ടിരുന്നതാണ്. അര്‍ഥഗര്‍ഭമായ നിശബ്ദതയായിരുന്നു ഫലം. 2017ല്‍ അധ്യക്ഷനും മിക്ക അംഗങ്ങളുമില്ലാതെ മാസങ്ങളോളം തുടര്‍ന്നു. ഒടുവില്‍ ഡല്‍ഹി ഹൈക്കോടതി ഇടപെട്ടതിനുശേഷമാണ് പേരിനു നിയമനം നടത്തിയത്. ഇപ്പോള്‍ ഒരംഗവുമില്ലാത്ത കമ്മീഷന്‍, ന്യൂനപക്ഷങ്ങളോടുള്ള ബിജെപിയുടെ സമീപനത്തിന്റെ നേര്‍ക്കാഴ്ചയായി. പ്രതിസന്ധിയുടെ കാലത്ത്, ന്യൂനപക്ഷങ്ങളെ അങ്ങേയറ്റം നിരായുധീകരിക്കാന്‍ ലഭ്യമായ മാര്‍ഗങ്ങളെല്ലാം ഉപയോഗിക്കുന്നതുപോലെ! ഇതുതന്നെയാണ് ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്റെയും അവസ്ഥ. ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ആ സംവിധാനവും നിര്‍വീര്യമാക്കിക്കഴിഞ്ഞു. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിനു കീഴിലുള്ള മറ്റൊരു അര്‍ധജുഡീഷല്‍ സ്ഥാപനമാണത്. ചെയര്‍മാനും മൂന്നംഗങ്ങളുമാണ് ഇതില്‍ ഉണ്ടായിരിക്കേണ്ടത്. 2023 സെപ്റ്റംബറില്‍ അധ്യക്ഷന്‍ റിട്ട. ജസ്റ്റീസ് നരേന്ദര്‍ കുമാര്‍ ജയിന്‍ വിരമിച്ചു. പിന്നെ നിയമനം നടത്തിയിട്ടില്ല. ഷാഹിദ് അക്തര്‍ മാത്രമാണ് രണ്ടു വര്‍ഷമായി ഏക അംഗം. ന്യൂനപക്ഷ കമ്മീഷന്റെ സ്ഥിതി വച്ചാണെങ്കില്‍ അക്തര്‍ വിരമിക്കുന്നതോടെ വിദ്യാഭ്യാസ കമ്മീഷന്റെ വിധിയും മറ്റൊന്നായിരിക്കില്ല. രാജ്യത്തു പലയിടത്തും സംഘപരിവാര്‍ ന്യൂനപക്ഷങ്ങളെ ആക്രമിക്കുകയും ബിജെപി നേതാക്കളും എംപിമാരും എംഎല്‍എമാരും അവര്‍ക്കെതിരേ നാത്സികളെ ഓര്‍മിപ്പിക്കുന്നവിധം വിദ്വേഷപ്രചാരണം ആവര്‍ത്തിക്കുകയും ബിജെപി സര്‍ക്കാരുകള്‍ കാഴ്ചക്കാരാകുകയും ചെയ്യുന്ന സ്ഥിതിയാണുള്ളത്. ന്യൂനപക്ഷ കമ്മീഷന്‍ ഉണ്ടെങ്കില്‍ ഇതെല്ലാമങ്ങു തടയപ്പെടുമെന്നു രാജ്യത്താരും കരുതുന്നില്ലെങ്കിലും, സര്‍ക്കാര്‍ നോമിനികളായ അംഗങ്ങള്‍ അത്ര സ്വതന്ത്രരായിരിക്കില്ലെന്ന് അറിയാമെങ്കിലും, പരാതി പറയാന്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഒരു മേല്‍വിലാസമെങ്കിലും ഉണ്ടായിരുന്നു. അതാണില്ലാതാകുന്നത്. എത്ര ദുര്‍ബലമാണെങ്കിലും ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുന്പോള്‍ കമ്മീഷനു പേരിനെങ്കിലും ഇടപെടേണ്ടിവരും. അതിന്റെ നിഗമനങ്ങള്‍ പാര്‍ലമെന്റിലും കോടതിയിലും റഫര്‍ ചെയ്യപ്പെടും. നൂറു ശതമാനം നീതി പുലര്‍ത്തിയില്ലെങ്കിലും നൂറു ശതമാനം അനീതി പുലര്‍ത്താന്‍ ഈ രാജ്യത്തെ ജനാധിപത്യവും ജനതയും ഉള്ളിടത്തോളം ഒരു കമ്മീഷനും കഴിയില്ല. യുപിഎ സര്‍ക്കാരുകളാണ് ന്യൂനപക്ഷ, ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷനുകള്‍ സ്ഥാപിച്ചത്. പക്ഷേ, ബിജെപി അധികാരത്തിലെത്തിയതോടെ രാജ്യത്ത് ഒരു ന്യൂനപക്ഷ കമ്മീഷന്റെ ആവശ്യമില്ലെന്ന് അവര്‍ക്കു തോന്നി. പതിറ്റാണ്ടുകള്‍ക്കിടെ ന്യൂനപക്ഷങ്ങള്‍ ഇത്ര അരക്ഷിതരായ കാലം ഉണ്ടായിട്ടുമില്ല. അതിനിടെയാണ് ന്യൂനപക്ഷ സംരക്ഷണത്തിന്റെ കാവല്‍പ്പുരകള്‍ ഒന്നൊന്നായി പൊളിച്ചുനീക്കുന്നതിന്റെ ആരവം ഡല്‍ഹിയില്‍നിന്നു കേള്‍ക്കുന്നത്. തങ്ങള്‍ കേവലമൊരു രാഷ്ട്രീയ പാര്‍ട്ടിയല്ലെന്നു കേന്ദ്രസര്‍ക്കാര്‍ മറന്നിട്ടു കുറെയായി; കേരളത്തിലെ ബിജെപി നേതാക്കളെങ്കിലും ഓര്‍മിപ്പിക്കണം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here