തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പുതിയ നാടക സദസുമായി സര്‍ക്കാര്‍; പൊളിഞ്ഞു പാളീസായ നവകേരള സദസിന് പിന്നാലെ വികസന സദസ്

പഞ്ചായത്ത് – നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ സര്‍ക്കാര്‍ വീണ്ടും ജനങ്ങള്‍ക്കിടയിലേക്ക് വരുന്നു. പൊട്ടിപ്പൊളിഞ്ഞു പാളീസായ നവകേരള സദസിന് പിന്നാലെ വികസന സദസെന്ന തരികിട പരിപാടി നടത്താന്‍ ഒരുങ്ങുകയാണ് പിണറായി സര്‍ക്കാര്‍. ലോക്സഭ തിരഞ്ഞെടുപ്പില്‍ പരീക്ഷിച്ച് പരാജയപ്പെട്ട നവകേരള സദസിന് പിന്നാലെ തദ്ദേശ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ‘വികസന സദസ്’ എന്ന പുതിയ പരിപാടി.
സെപ്റ്റംബര്‍ 20 മുതല്‍ ഒക്ടോബര്‍ 20 വരെയാണ് വികസന സദസ് സംഘടിപ്പിക്കുന്നത്. ഇതിന്റെ ചെലവ് സര്‍ക്കാര്‍ നേരിട്ട് വഹിക്കില്ലെന്നും, അതത് തദ്ദേശ സ്ഥാപനങ്ങള്‍ സ്വന്തം ഫണ്ടില്‍ നിന്ന് പണം കണ്ടെത്തണമെന്നുമാണ് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. നവകേരള സദസ് വന്‍ പരാജയമായിരുന്നുവെന്ന് സിപിഐയുടെ സമ്മേളന കാലത്തെ പ്രധാന ആക്ഷേപമായിരുന്നു. ക്രീയാത്മകമായ ഒരു പദ്ധതി പോലും നവകേരള സദസിലൂടെ നടപ്പിലാക്കാന്‍ കഴിഞ്ഞില്ല.

സാമ്പത്തികമായി തകര്‍ന്നു നില്‍ക്കുന്ന തദ്ദേശ സ്ഥാപനങ്ങളെ വീണ്ടും പിഴിയാനിറങ്ങുന്നത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാവുമെന്ന ആശങ്കയും സര്‍ക്കാരിനും സിപിഎമ്മിനുമുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഖജനാവ് കാലിയായ സാഹചര്യത്തിലാണ് പരിപാടിയുടെ മുഴുവന്‍ സാമ്പത്തിക ബാധ്യതയും തദ്ദേശ സ്ഥാപനങ്ങളുടെ തലയില്‍ വെച്ചുകെട്ടുന്നത്. സെപ്റ്റംബര്‍ 20-ന് ഒരു തദ്ദേശ സ്ഥാപനത്തില്‍ മുഖ്യമന്ത്രി വികസന സദസ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന 20 മിനിറ്റ് വീഡിയോ പ്രസന്റേഷനില്‍ സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ അവതരിപ്പിക്കും.
സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് ഗ്രാമപഞ്ചായത്തുകള്‍ രണ്ട് ലക്ഷം രൂപയും, മുനിസിപ്പാലിറ്റികള്‍ നാല് ലക്ഷം രൂപയും, കോര്‍പ്പറേഷനുകള്‍ ആറ് ലക്ഷം രൂപയും പരിപാടിക്കായി മുടക്കണം. തദ്ദേശ സ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ടോ അല്ലെങ്കില്‍ തനത് ഫണ്ടോ ഇതിനായി ഉപയോഗിക്കാം. ഈ തുക തികയാതെ വന്നാല്‍ ആവശ്യമെങ്കില്‍ സ്‌പോണ്‍സര്‍ഷിപ്പ് വഴി പണം കണ്ടെത്താമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
നേരത്തെ ‘കേരളീയം’ പരിപാടിക്കും ‘നവകേരള സദസി’നും ഫണ്ട് കണ്ടെത്തിയത് സ്‌പോണ്‍സര്‍ഷിപ്പ് വഴിയായിരുന്നു. ഇത് വ്യാപകമായ പണപ്പിരിവാണെന്ന ആരോപണത്തിന് വഴിവെച്ചിരുന്നു. എന്നാല്‍, ഈ പരിപാടികള്‍ക്ക് ആരാണ് സ്‌പോണ്‍സര്‍മാരായതെന്ന് സര്‍ക്കാര്‍ നാളിതുവരെയായിട്ടും വെളിപ്പെടുത്തിയിട്ടില്ല. ഇതേ മാതൃകയില്‍ തദ്ദേശ സ്ഥാപനങ്ങളെ ഉപയോഗിച്ച് വലിയ തോതിലുള്ള ഫണ്ട് പിരിവിന് സര്‍ക്കാര്‍ കളമൊരുക്കുകയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
2023 നവംബര്‍ 23 മുതല്‍ ഡിസംബര്‍ 23 വരെ മുഖ്യമന്ത്രിയും മന്ത്രിമാരും കേരളത്തിലെ 140 മണ്ഡലങ്ങളിലും ആഡംബര ബസില്‍ സഞ്ചരിച്ച് നടത്തിയ പരിപാടിയായിരുന്നു നവകേരള സദസ്. കോടികള്‍ മുടക്കി നവകേരള സദസ് നടത്തിയിട്ടും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തോറ്റുതുന്നം പാടി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here