‘500 കോടിക്കൊരു മുഖ്യമന്ത്രി’; വിവാദ പരാമർശത്തിൽ വിശദീകരണവുമായി സിദ്ദുവിന്റെ ഭാര്യ

ക്രിക്കറ്റ് താരവും രാഷ്ട്രീയ നേതാവുമായ നവജ്യോത് സിംഗ് സിദ്ദുവിന്റെ ഭാര്യ നവജ്യോത് കൗർ സിദ്ദു നടത്തിയ പ്രസ്താവന വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവച്ചിരുന്നു. ‘500 കോടി രൂപയുടെ സ്യൂട്ട്‌കെയ്‌സ് നൽകുന്നയാൾ മുഖ്യമന്ത്രിയാകും’ എന്നായിരുന്നു വിവാദ പരാമർശം.

പ്രസ്താവന വലിയ വിവാദമായതോടെയാണ് കൗർ സോഷ്യൽ മീഡിയ വഴി വിശദീകരണവുമായി രംഗത്തെത്തിയത്. തന്റെ വാക്കുകൾ വളച്ചൊടിച്ചതിന്റെ ഞെട്ടലിലാണ് താൻ. കോൺഗ്രസ് പാർട്ടി ഒരിക്കലും ഒന്നും ആവശ്യപ്പെട്ടിട്ടില്ല. വേറെ ഏതെങ്കിലും പാർട്ടിയിൽ പോയി മുഖ്യമന്ത്രിയാകുമോ എന്ന് ചോദിച്ചപ്പോഴാണ് ആ സ്ഥാനം കിട്ടാൻ വേണ്ടി കാശ് കൊടുക്കാൻ കയ്യിൽ പണമില്ല എന്ന് പറഞ്ഞത് എന്നായിരുന്നു കൗറിന്റെ വിശദീകരണം.

2027ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഔദ്യോഗികമായി സിദ്ദുവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചാൽ മാത്രമേ അദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തൂ. എന്നാൽ ആ സ്ഥാനം വാങ്ങാൻ 500 കോടി രൂപ നൽകാൻ ഇല്ലെന്നും കൗർ നേരത്തെ പറഞ്ഞിരുന്നു. ഈ പ്രസ്താവന കോൺഗ്രസ് പാർട്ടിക്കുള്ളിലെ പണമിടപാട് രാഷ്ട്രീയത്തെ സൂചിപ്പിക്കുന്നതായാണ് പലരും കരുതിയത്. ഇതിനെതിരെയാണ് കൗറിന്റെ വിശദീകരണം.

എന്നാൽ മറ്റ് രാഷ്ട്രീയ പാർട്ടികളും ഈ പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തി.
കോൺഗ്രസിലെ സ്ഥാപിത അഴിമതിയുടെ തെളിവാണിത്. 500 കോടിയുടെ സ്യൂട്ട്‌കെയ്‌സ് ഹൈക്കമാൻഡിനാണോ അതോ രാഹുൽ ഗാന്ധിക്കാണോ നൽകേണ്ടതെന്നും ആം ആദ്മി പാർട്ടി ചോദ്യമുയർത്തി. പാർട്ടിക്ക് എതിരായ ഇത്തരം പ്രസ്താവനകൾ നടത്തിയതിന് സിദ്ദു ദമ്പതികൾക്കെതിരെ കോൺഗ്രസ് നേതാക്കളിൽ നിന്നും വിമർശനം ഉയർന്നു. 2027ലെ പഞ്ചാബ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഈ വിവാദം കോൺഗ്രസിന് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top