എസ്എന്‍ഡിപി പാര്‍ട്ടിയെ വെട്ടിനിരത്തി ബിജെപി; ആളില്ലാത്ത ബിഡിജെഎസിന് എന്തിന് സീറ്റ്?

പത്ത് വര്‍ഷം മുമ്പ് സംസ്ഥാന രാഷ്ട്രീയത്തില്‍ കൊടുങ്കാറ്റായി വന്ന ഭാരത ധര്‍മ്മ ജന സേന എന്ന ബിഡിജെഎസ് ഏതാണ്ട് അപ്രസക്തമായ അവസ്ഥയിലാണ്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അനുഗ്രഹത്തോടെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളി നേതൃത്വം നല്‍കിയ രാഷ്ട്രീയ പ്രസ്ഥാനം ബിജെപി മുന്നണിയുടെ ഭാഗമായെങ്കിലും രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ഒരു ചലനവും സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. പിതാവിന്റേയും പുത്രന്റേയും സ്ഥാപിത താല്പര്യ സംരക്ഷണമെന്ന അജണ്ടയ്ക്കപ്പുറം ബിഡിജെസിന് മറ്റൊരു നിലപാടുമില്ലെന്ന് തെളിഞ്ഞതോടെ നേതാക്കളും അണികളും നിര്‍ജീവമാകുകയും പാര്‍ട്ടി തന്നെ അപ്രസക്തമാവുകയും ചെയ്തു. അതുകൊണ്ട് തന്നെ എന്‍ഡിഎ മുന്നണിയില്‍ ഇവര്‍ക്ക് പ്രത്യേകിച്ച് റോളൊന്നുമില്ല. ഘടകകക്ഷിയെന്ന് പരിഗണന പോലും നല്‍കുന്നില്ലെന്ന പരാതി പതിവുപോലെ പറയുന്നുണ്ടെങ്കിലും ബിജെപി ഗൗനിക്കുന്നു പോലുമില്ല.
കേരളത്തിലെ ഏറ്റവും വലിയ സമുദായമായ ഈഴവരുടെ പിന്തുണ ഉറപ്പാക്കിക്കൊണ്ടാണ് ബിഡിജെഎസിന് രൂപം കൊടുത്തത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയിലും കൊല്ലത്തും ബിഡിജെഎസ് കാര്യമായ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും പിന്നീട് ഈ വളര്‍ച്ചയും ആവേശവും നിലനിര്‍ത്താനായില്ല. കൃത്യമായ രാഷ്ട്രീയ നിലപാടോ ആശയ വ്യക്തതയോ ഇല്ലാത്ത ഒരു സ്വകാര്യ സംഘടനയായി അധ:പതിച്ചതോടെ ബിഡിജെഎസിന്റെ അണികള്‍ കൊഴിഞ്ഞുപോകാന്‍ തുടങ്ങി.
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്‍ഡിഎ മുന്നണി പുറത്തിറക്കിയ പോസ്റ്ററുകളിലൊന്നും തന്നെ ബിഡിജെഎസ് നേതാക്കളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. തുഷാര്‍ വെള്ളാപ്പള്ളി സംസ്ഥാനത്തെ എന്‍ഡിഎ മുന്നണി കണ്‍വീനറാണ്. പക്ഷേ, പ്രചരണ വേദികളിലൊന്നും തന്നെ കണ്‍വീനറെ കാണാനില്ല.
എന്‍ഡിഎ മുന്നണിയിലെ ഘടകകക്ഷികള്‍ എല്ലാവരും ചേര്‍ന്ന് 21065 സീറ്റുകളിലാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. മുന്നണിക്ക് നേതൃത്വം നല്‍കുന്ന ബിജെപി മാത്രം 198751 സീറ്റുകളില്‍ മത്സരിക്കുമ്പോള്‍ ബിഡിജെഎസിന് കിട്ടിയത് കേവലം 320 സീറ്റുകള്‍ മാത്രം. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ 650 സീറ്റില്‍ മത്സരിച്ച പാര്‍ട്ടിക്ക് പകുതി സീറ്റു പോലും ഇത്തവണ നല്‍കിയില്ല. ബിഡിജെഎസ് കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളില്‍ പലതും ബിജെപി ഏറ്റെടുത്തു. നല്‍കിയ മുഴുവന്‍ സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനും ബിഡിജെഎസിന് കഴിഞ്ഞില്ല. സീറ്റ് കൊടുത്താലും മത്സരിക്കാന്‍ ഇവര്‍ക്ക് ആളില്ലെന്നാണ് ബിജെപി നേതാക്കളുടെ പരിഹാസം.
തരാതരംപോലെ സംസ്ഥാന സര്‍ക്കാരിനേയും സിപിഎമ്മിനേയും പുകഴ്ത്തുന്ന വെള്ളാപ്പള്ളി നടേശന്റെ നിലപാട് ബിഡിജെഎസിന്റെ പ്രതിഛായക്കു തന്നെ കനത്ത തിരിച്ചടിയാണ്. ബിഡിജെഎസ് വെറും കടലാസ് സംഘടനയായി മാറിയെന്ന് ബിജെപി സംസ്ഥാന വക്താവ് രാധാകൃഷണ മേനോന്‍ കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് ആക്ഷേപിച്ചിരുന്നു. സംസ്ഥാനത്ത് എന്‍ഡിഎ വോട്ടു വിഹിതം വര്‍ധിപ്പിച്ചപ്പോഴും ബിഡിജെഎസിന്റെ വോട്ട് വിഹിതം വര്‍ദ്ധിക്കാത്തത് ചൂണ്ടികാട്ടി ആയിരുന്നു ഈ കുറ്റപ്പെടുത്തല്‍.
ഈ വര്‍ഷം ജനുവരിയില്‍ ബിഡിജെഎസിന്റ കോട്ടയം ജില്ലാ കമ്മറ്റി എന്‍ഡിഎ മുന്നണി വിടണമെന്ന പ്രമേയം തന്നെ പാസാക്കിയിരുന്നു. എന്‍ഡിഎയില്‍ പാര്‍ട്ടി കടുത്ത അവഗണനയാണ് നേരിടുന്നതെന്ന് പ്രമേയത്തില്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഒമ്പത് വര്‍ഷമായി മുന്നണിയില്‍ ഒരു പരിഗണനയും ലഭിച്ചില്ല. അര്‍ഹമായ സ്ഥാനമാനങ്ങള്‍ പോലും നല്‍കിയില്ല. അതിനാല്‍ എന്‍ഡിഎ വിടണമെന്നും മറ്റ് മുന്നണികളില്‍ പ്രവേശിക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കണമെന്നും ആയിരുന്നു പാര്‍ട്ടി പ്രമേയം. ഏതായാലും രാഷ്ടീയ പാര്‍ട്ടി എന്ന നിലയില്‍ ബിഡിജെഎസിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലായിരിക്കുകയാണ്. ഈ തദ്ദേശ തിരഞ്ഞെടുപ്പോടെ ഒരു പക്ഷേ ബിഡിജെഎസ് എന്ന പാര്‍ട്ടി തന്നെ തുടച്ചു മാറ്റപ്പെട്ടേക്കാം

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here