തൊണ്ടിമുതൽ വിചാരണക്ക് സമയം നീട്ടാൻ സുപ്രീം കോടതിക്ക് കത്തെഴുതി; വിചാരണാ കോടതിയുടെ നീക്കം ചട്ടവിരുദ്ധമാകുമെന്ന് ആശങ്ക

മുൻമന്ത്രി ആൻ്റണി രാജു പ്രതിയായ തൊണ്ടിമുതൽ തിരിമറിക്കേസിൽ സുപ്രീം കോടതി നിശ്ചയിച്ച സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ, കൂടുതൽ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിചാരണാ കോടതി കത്തയച്ചു. കേസിൽ പുതിയ വകുപ്പുകൾ കൂട്ടിച്ചേർക്കാൻ ഹൈക്കോടതി നിർദേശം ഉണ്ടായതോടെ ആണ് വിചാരണക്ക് കൂടുതൽ സമയം വേണ്ടിവരുന്ന സ്ഥിതിയായത്. അതേസമയം മജിസ്ട്രേറ്റ് കോടതി നേരിട്ടയച്ച അപേക്ഷ സുപ്രീം കോടതി സ്വീകരിക്കുമോ എന്നും ഉറപ്പില്ല.

വഞ്ചനക്കുള്ള ഐപിസി 420, ഗൂഢാലോചനയ്ക്ക് 120B തുടങ്ങിയ വകുപ്പുകളാണ് കേസിൽ ഇതുവരെ ഉണ്ടായിരുന്നത്. തിരിമറി നടത്തിയ തൊണ്ടിയായ അടിവസ്ത്രം ആൻ്റണി രാജുവിന് കൈമാറിയത് കോടതി ക്ലാർക്ക് ആണെന്നിരിക്കെ, സർക്കാർ ജീവനക്കാരുടെ വഞ്ചനക്കുള്ള വകുപ്പായ ഐപിസി 409 കൂടി കേസിൽ ചേർക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമ പ്രവർത്തകനായ അനിൽ ഇമ്മാനുവൽ ആണ് ഹൈക്കോടതിയെ സമീപിച്ചത്.

ഇതുപ്രകാരമുള്ള വിസ്താരമാണ് ഇനി നടക്കണം. ഇത് കൂടാതെ പ്രതികൾ വ്യാജരേഖ ചമച്ചു എന്നതിനുള്ള രണ്ട് വകുപ്പുകൾ കൂടി കൂട്ടിച്ചേർക്കാൻ പ്രോസിക്യൂഷൻ സമർപ്പിച്ച അപേക്ഷ വിചാരണാ കോടതി കഴിഞ്ഞയാഴ്ച അംഗീകരിച്ചിട്ടുണ്ട്. ഈ മൂന്ന് വകുപ്പുകൾ പ്രകാരമുള്ള വിസ്താരവും ഇനി നടക്കണം. പ്രോസിക്യൂഷൻ്റെ ഭാഗത്ത് നിന്ന് കൂടുതൽ സാക്ഷികളെ വിസ്തരിക്കേണ്ടതില്ല എന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ പ്രതിഭാഗം സാക്ഷികളെ വീണ്ടും വിളിക്കണമെന്ന് ആവശ്യപ്പെട്ടേക്കും.

ഇതൊക്കെയാണെങ്കിലും കാലപരിധി നീട്ടിയെടുക്കാൻ വിചാരണാ കോടതിയായ നെടുമങ്ങാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അയച്ച അപേക്ഷ സുപ്രീം കോടതി പരിഗണിക്കുമോ എന്ന സംശയമുണ്ട്. സമയം നീട്ടാനോ, മറ്റെന്ത് കാര്യത്തിനായാലും മജിസ്ട്രേറ്റ് കോടതികൾ നേരിട്ട് കത്തെഴുതുന്നത് അനുവദിക്കില്ലെന്ന് സുപ്രീം കോടതി പലവട്ടം വ്യക്തമാക്കിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച ജസ്റ്റിസ് ജെ കെ മഹേശ്വരി, ജസ്റ്റിസ് വിനോദ് ചന്ദ്രൻ എന്നിവരടങ്ങുന്ന ബെഞ്ച് ഇക്കാര്യത്തിൽ കർശന മാർഗനിർദ്ദേശം നൽകിയിട്ടുണ്ട്.

ആറുമാസം സമയപരിധി നിശ്ചയിച്ചു കൊടുത്ത ഒരു കേസിൽ മജിസ്ട്രേറ്റ് കോടതി നേരിട്ട് കത്തെഴുതിയത് ശ്രദ്ധയിൽപ്പെട്ടതോടെ ആണ് താക്കീത് രൂപത്തിൽ സുപ്രീം കോടതി ഇടപെട്ടത്. മതിയായ വിവരങ്ങൾ പോലും ഇല്ലാതെയാണ് അപേക്ഷ. ഇങ്ങനെ വരുന്ന അപേക്ഷകളെല്ലാം എന്ത് അടിസ്ഥാനത്തിൽ പരിഗണിക്കും? ഒരുകേസിൽ സമയപരിധി നിശ്ചയിച്ചാൽ അത് നിരീക്ഷിച്ച് മേൽനോട്ടം വഹിക്കേണ്ടത് അതാത് ഹൈക്കോടതി രജിസ്ട്രാർമാരാണ്. അവർ വഴി മാത്രമേ സുപ്രീം കോടതിക്ക് അപേക്ഷകൾ വരാൻ പാടുള്ളൂവെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.

പരമോന്നത കോടതി ഇങ്ങനെ കടുപ്പിച്ച് പറഞ്ഞതിന് തൊട്ടടുത്ത ദിവസം നവംബർ 14 വെള്ളിയാഴ്ച ആണ്, താൻ സുപ്രീം കോടതിക്ക് കത്തെഴുതി എന്ന് നെടുമങ്ങാട് മജിസ്ട്രേറ്റ് റൂബി ഇസ്മയിൽ തുറന്ന കോടതിയിൽ അറിയിച്ചത്. ജില്ലാ കോടതി വഴിയാണോ ഹൈക്കോടതി വഴിയാണോ എന്ന് വ്യക്തത വരുത്തിയില്ല. നേരിട്ട് എഴുതിയത് ആണെങ്കിൽ പുതിയ സാഹചര്യത്തിൽ അത് പണിയാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ വിചാരണയ്ക്ക് സമയം നീട്ടാതെ മറ്റ് വഴിയില്ല എന്നത് വസ്തുതാണ്. പക്ഷേ അതിന് അപേക്ഷിക്കേണ്ടത് ’പ്രോപ്പർ ചാനൽ’ വഴിയാകണം എന്നതിൽ സുപ്രീം കോടതി ഇനി വിട്ടുവീഴ്ച ചെയ്യാനിടയില്ല. ഇത് വീണ്ടും കാലതാമസം ഉണ്ടാക്കും.

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാം പ്രതി ആൻ്റണി രാജു സുപ്രീം കോടതിയിൽ നൽകിയ ഹർജി തള്ളിക്കൊണ്ട് 2024 നവംബർ 20നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. കൃത്യം ഒരു വർഷം സമയപരിധി അനുവദിച്ച കേസ് ഇന്ന് തീരേണ്ടത് ആയിരുന്നു. ഇന്നത്തേക്ക് വിധി പറയാൻ പാകത്തിൽ നിലവിലെ കേസിൻ്റെ നടപടികൾ കഴിഞ്ഞ മാസം പകുതിയോടെ വിചാരണാ കോടതി പൂർത്തിയാക്കിയിരുന്നു. എന്നാൽ പിന്നീടാണ് പുതിയ വകുപ്പുകൾ കൂട്ടിച്ചേർക്കാനുള്ള അപേക്ഷകൾ എത്തിയതും ഹൈക്കോടതിയിൽ നിന്നടക്കം അതിന് അനുകൂല ഇടപെടലുകൾ ഉണ്ടായതും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top