ലൈംഗിക ആരോപണത്തിന് പിന്നില്‍ വനം മാഫിയ ആണെന്ന് അന്ന് തന്നെ പറഞ്ഞിരുന്നു; വിവാദ ലേഖനത്തില്‍ നീലലോഹിതദാസന്‍ നാടാര്‍ പ്രതികരിക്കുന്നു

ഇകെ നായനാര്‍ മന്ത്രിസഭയിലെ വനം, ഗതാഗത മന്ത്രി സ്ഥാനത്ത് നിന്ന് രാജിവയ്‌ക്കേണ്ടി വന്ന ലൈംഗിക അപവാദത്തിന് പിന്നില്‍ വനം മാഫിയയാണെന്ന് അന്ന് തന്നെ പറഞ്ഞിരുന്നതായി നീലലോഹിതദാസന്‍ നാടാര്‍. വനം, സംവരണ വിരുദ്ധ മാഫിയയാണ് തനിക്കെതിരായ ആരോപണം ഉയര്‍ത്തി കൊണ്ടുവരാന്‍ പ്രവര്‍ത്തിച്ചത്. അന്ന് ഇത് ആരും അംഗീകരിച്ചില്ലെന്നും നീലലോഹിതദാസന്‍ നാടാര്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പ്രതികരിച്ചു.

ലൈംഗിക അപവാദത്തിന് പിന്നില്‍ സിപിഎം തീരുമാനമാണെന്ന് കലാകൗമുദിയില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിച്ചിട്ടില്ല. സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് അത്തരമൊരു നീക്കം ഉണ്ടാകില്ല. ആ വിഷയവുമായി ബന്ധപ്പെട്ടവരില്‍ പലരും ഇന്നില്ല. അത് തന്റെ രാഷ്ട്രീയ ജീവിതത്തെ ബാധിച്ചു എന്ന് കരുതുന്നില്ല. ഇപ്പോഴും രാഷ്ട്രീയ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുകയാണെന്നും നിലന്‍ പറഞ്ഞു.

കലാകൗമുദി വാരികയുടെ പുതിയ പതിപ്പില്‍ മുതിർന്ന മാധ്യമ പ്രവർത്തകൻ എസ് ജഗദീഷ് ബാബു എഴുതിയ ‘കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പും അജ്ഞാത യുവതിയും’ എന്ന ലേഖനത്തിലാണ് നീലലോഹിതദാസന്‍ നാടാര്‍ക്കെതിരായ നീക്കത്തിന് പിന്നില്‍ സിപിഎം ആണെന്ന് പറഞ്ഞിരുന്നത്. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നായനാരുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന മുരളീധരന്‍ നായര്‍ കേരളകൗമുദി എക്സിക്യൂട്ടീവ് എഡിറ്ററായിരുന്ന ബി സി ജോജോയോട് ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു എന്നാണ് ലേഖനത്തില്‍ പറയുന്നത്.

ALSO READ : നീലനെ സ്ത്രീവിഷയത്തിൽ പെടുത്തിയതിൽ സിപിഎം ഗൂഢാലോചന!! പാര്‍ട്ടി നിർദേശം നിരാകരിച്ചതിന് ശിക്ഷയെന്ന് നായനാരുടെ സെക്രട്ടറി

പാര്‍ട്ടിക്ക് താല്‍പര്യമുള്ള മലപ്പുറത്തെ വ്യവസായിക്കു വേണ്ടിയാണ് നീലനെ കുടുക്കിയത്. വ്യവസായി നടത്തിയ മരം കൊള്ളയുടെ കേസായിരുന്നു ഇതിന് പിന്നില്‍. കേസ് അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി നായനാര്‍ വനംമന്ത്രി നീലനോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി എഴുതി നല്‍കണമെന്ന നിലപാടാണ് നീലന്‍ സ്വീകരിച്ചത്. പിന്നാലെയാണ് ആരോപണം വന്നതും രാജിവയ്‌ക്കേണ്ടി വന്നതും എന്നാണ് ലേഖനത്തിലെ ആരോപണം.

സിപിഎമ്മിന് പങ്കുണ്ടെന്ന് പറയുന്നില്ലെങ്കിലും വനം മാഫിയ ഇതിന് പിന്നിലുണ്ട് എന്ന് തന്നെയാണ് വര്‍ഷങ്ങള്‍ക്ക് ശേഷവും ലോഹിതദാസന്‍ നാടാര്‍ വിശ്വസിക്കുന്നത്‌

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top