ജാമ്യത്തിലിറങ്ങി ഇരട്ടക്കൊല നടത്തിയ ക്രൂരന് ഇരട്ട ജീവപര്യന്തം; കടുത്ത ശിക്ഷ വിധിച്ച് കോടതി

നെന്മാറ പോത്തുണ്ടി സ്വദേശിനി സജിതയെ കൊലപ്പെടുത്തിയ കേസിൽ ചെന്താമരക്ക് ഇരട്ട ജീവപര്യന്തം. പാലക്കാട് നാലാം അഡീഷണൽ സെഷൻസ് കോടതിയാണ് നിർണായക വിധി പ്രഖ്യാപിച്ചത്. സജിത വധക്കേസ് അപൂർവങ്ങളിൽ അപൂർവമായ കേസ് അല്ലെന്ന് നിരീക്ഷിച്ചാണ് കോടതി ജീവപര്യന്തം വിധിച്ചത്. രണ്ടു വകുപ്പുകളിലായാണ് ജീവപര്യന്തം തടവ് ശിക്ഷ. കൊലപാതക കുറ്റത്തിനും വീട്ടിൽ അതിക്രമിച്ചു കടക്കുന്നതിനും ഓരോ ജീവപര്യന്തം വീതമാണ് വിധിച്ചിരിക്കുന്നത്. അതിനൊപ്പം തന്നെ 3.25 ലക്ഷം പിഴയും കോടതി വിധിച്ചു. കൂടാതെ തെളിവ് നശിപ്പിക്കലിന് അഞ്ചു വര്‍ഷം തടവ് ശിക്ഷയും കാല്‍ലക്ഷം രൂപ പിഴയും ഒടുക്കേണ്ടതുണ്ട്.
കഴിഞ്ഞ ദിവസം പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ശിക്ഷാവിധിക്ക് മുന്നോടിയായി നടന്ന വാദത്തിൽ, പ്രോസിക്യൂഷൻ ചെന്താമരയ്ക്ക് വധശിക്ഷ നൽകണമെന്ന് ശക്തമായി വാദിച്ചു. കേസിന് പിന്നാലെ പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം നടത്തിയ ഇരട്ടക്കൊലപാതകം ഉൾപ്പെടെയുള്ള ക്രിമിനൽ പശ്ചാത്തലം പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. എന്നാൽ, ചെന്താമര ക്രിമിനൽ പശ്ചാത്തലമില്ലാത്ത ആളാണെന്ന് പ്രതിഭാഗം വാദിച്ചു. ഇരട്ടക്കൊലപാതകം ഈ കേസുമായി കൂട്ടിക്കെട്ടരുതെന്ന് അഭ്യർത്ഥിച്ചു. എന്നാൽ ഈ വാദങ്ങളെല്ലാം തള്ളി കോടതി ഇരട്ട ജീവപര്യന്തം വിധിക്കുകയായിരുന്നു.
Also Read : ചെന്താമരയെ നാട്ടുകാര്‍ തല്ലിക്കൊല്ലുമെന്ന് ഭയന്ന് പോലീസ്; ഭാര്യയും മകനും മരുമകളും ഹിറ്റ് ലിസ്റ്റില്‍
2019 ഓഗസ്റ്റ് 31നാണ് ചെന്തമാര അയല്‍വാസിയായ സജിതയെ വീട്ടില്‍ കയറി വെട്ടിക്കൊന്നത്. തന്റെ ഭാര്യയും മക്കളും വീട് വിട്ടുപോയതിന് കാരണം സജിതയാണെന്ന് ആരോപിച്ചായിരുന്നു കൊലപാതകം.ചെന്താമരയുടെ ക്രൂരകൃത്യങ്ങളിൽ രണ്ട് പെൺകുട്ടികൾ അനാഥരായി. സജിതയുടെ വീടിനകത്ത് ചോര പതിഞ്ഞ നിലയിൽ കണ്ടെത്തിയ കാൽപാടുകളും, മൽപ്പിടുത്തത്തിനിടയിൽ നിലത്ത് വീണ ഷർട്ടിന്റെ ഭാഗം പ്രതിയുടേതാണെന്ന ഭാര്യയുടെ മൊഴിയുമാണ് കേസിൽ നിർണായകമായത്. ശിക്ഷാവിധി കേൾക്കുന്നതിനായി സജിതയുടെ മക്കളും വീട്ടുകാരും കോടതിയിൽ എത്തിയിരുന്നു.
കൊല നടത്തിയ ശേഷം ചെന്താമര നടന്നു പോകുന്നത് കണ്ട പ്രധാനസാക്ഷി പുഷ്പ ചെന്താമരയുടെ ഭീഷണി മൂലം നാടുവിട്ടു പോയത് കേസിന്റെ വിചാരണയെ ബാധിച്ചിരുന്നു. പലവട്ടം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതോടെ പോത്തുണ്ടി സ്വദേശി പുഷ്പ താമസം തമിഴ്നാട്ടിലേക്ക് മാറ്റിയിരുന്നു. ചെന്താമര കോടതി വളപ്പില്‍ പോലും സാക്ഷികളെ ഭീഷണിപ്പെടുത്തിയിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് സജിതയുടെ ഭര്‍ത്താവ് സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയിരുന്നു. 2025 ജനുവരി 27നായിരുന്നു ഈ ക്രൂര കൊലപാതകങ്ങള്‍.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here