നേപ്പാളി പൗരനെ തടഞ്ഞത് വിമാനക്കമ്പനി; ഇന്ത്യക്കല്ല പങ്ക്: കേന്ദ്ര ആഭ്യന്തര മന്ത്രാലയം

നേപ്പാൾ പൗരന് ബെർലിനിലേക്കുള്ള വിമാനത്തിൽ കയറാൻ ഇന്ത്യ അനുമതി നിഷേധിച്ചു എന്ന വാർത്ത തെറ്റാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നേപ്പാൾ പൗരന്മാരോട് ഇന്ത്യ വിവേചനം കാണിക്കുന്നു എന്ന ആരോപണമാണ് മന്ത്രാലയം നിഷേധിച്ചത്.
ശാംഭവി അധികാരി എന്ന നേപ്പാളി പൗരയെയാണ് ഡൽഹി വിമാനത്താവളത്തിൽ വച്ച് തടഞ്ഞത്. ഇവർ കാഠ്മണ്ഡുവിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ ഡൽഹിയിൽ എത്തുകയും അവിടെ നിന്ന് ഖത്തർ എയർവേയ്‌സ് വിമാനത്തിൽ ബെർലിനിലേക്ക് പോകാൻ ശ്രമിക്കുകയുമായിരുന്നു. വിസയുടെ കാലാവധി സംബന്ധിച്ച പ്രശ്നം കാരണം ഖത്തർ എയർവേയ്‌സ് കമ്പനിയാണ് ഇവരെ വിമാനത്തിൽ കയറാൻ അനുവദിക്കാതെ തിരികെ കാഠ്മണ്ഡുവിലേക്ക് അയച്ചത്. ഇതിൽ ഇമിഗ്രേഷൻ അധികൃതർക്ക് പങ്കില്ലന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
ഡൽഹി വഴി മറ്റൊരു രാജ്യത്തേക്ക് പോകുന്ന യാത്രക്കാർ ഇന്ത്യൻ ഇമിഗ്രേഷനെ സമീപിക്കേണ്ട കാര്യമില്ല. ഇത് വിമാനക്കമ്പനിയും യാത്രക്കാരും തമ്മിലുള്ള കാര്യമാണ്. നേപ്പാളുമായി ഇന്ത്യയ്ക്ക് ശക്തമായ ബന്ധമാണുള്ളതെന്നും, ഒരു ഇന്ത്യൻ ഏജൻസിയും നേപ്പാളി പൗരന്മാരോട് യാതൊരു തരത്തിലുള്ള വിവേചനവും കാണിക്കുന്നില്ലെന്നും ആഭ്യന്തര മന്ത്രാലയം ഉറപ്പുനൽകി. സംഭവത്തിന് ശേഷം ശാംഭവി അധികാരി യാത്രാ തീയതികൾ മാറ്റി മറ്റൊരു വഴിയിലൂടെ ബെർലിനിലേക്ക് യാത്ര ചെയ്യുകയും ചെയ്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here